റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടയില്‍ പലായനം ചെയ്യുന്ന മനുഷ്യര്‍ നിരവധിയാണ്. പല നാടുകളിലേക്കും ബന്ധുക്കളുടെ അടുത്തേക്കും അതിര്‍ത്തി കടന്നു സ്വന്തം നാടുപേക്ഷിച്ചു പോകുന്ന മനുഷ്യരുടെ കഥകള്‍ ദിനംപ്രതി വന്നു കൊണ്ടിരിക്കുന്നു. അതിനിടെ, ഒരു പതിനൊന്നുകാരന്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് തന്റെ ബന്ധുക്കളുടെ അടുത്തെത്തിയ വാര്‍ത്തയാണ് സംഘര്‍ഷങ്ങള്‍ക്കിടയിലും അത്ഭുതവും ആശ്വാസവും പകരുന്നത്. റഷ്യന്‍ സൈന്യം യുക്രൈനിലെ വിവിധ നഗരങ്ങളിലെത്തിയതോടെ പതിനൊന്നുകാരന്‍ നടത്തിയ സാഹസിക യാത്രയാണ് വിവിധമാധ്യമങ്ങളിലൂടെ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
യുക്രൈന്‍ നഗരങ്ങളില്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ സോപോര്‍സെയിയ ആണവ നിലയം റഷ്യ പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് ഈ നഗരത്തില്‍ നിന്നും ബാലന്‍ സ്ലോവാക്യന്‍ അതിര്‍ത്തി കടന്നത്. രോഗിയായ ബന്ധുവിനെ തനിയെ വിട്ട് പോരാന്‍ കഴിയാത്തതു കൊണ്ടാണ് അവന്റെ മാതാപിതാക്കള്‍ മകന്റെ ജീവനെങ്കിലും രക്ഷിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് അവനെ ഒറ്റയ്ക്ക് യാത്രയാക്കിയതും. സ്ലോവാക്യയിലെ ബന്ധുക്കളുടെ അടുത്തേക്കാണ് കുട്ടിയെ മാതാപിതാക്കളയച്ചത്. യാത്ര പുറപ്പെടുമ്പോള്‍ സ്വന്തം പാസ്‌പോര്‍ട്ട്, കുറച്ച് വസ്ത്രങ്ങള്‍, ബിസ്‌കറ്റ്, അമ്മ കൈയ്യില്‍ എഴുതിനല്‍കിയ ഒരു ഫോണ്‍ നമ്പര്‍ എന്നിവ മാത്രമായിരുന്നു കുട്ടിയുടെ കൈവശമുണ്ടായിരുന്നത്.
‘അവന്റെ പ്ലാസ്റ്റിക് ബാഗില്‍ പാസ്പോര്‍ട്ടും മറ്റും മാത്രമാണ് ഉണ്ടായിരുന്നത്. കൈയില്‍ ടെലിഫോണ്‍ നമ്പര്‍ എഴുതിയ നിലയിലായിരുന്നു. അതിര്‍ത്തി കടന്നുവന്ന അവന്‍ എല്ലാവരുടെയും ഹൃദയം കീഴടക്കി. ഒരു യഥാര്‍ത്ഥ ഹീറോ ആണ് ഈ ബാലന്‍’ – സ്ലോവാക്യന്‍ ആഭ്യന്തര മന്ത്രാലയം സോഷ്യല്‍മീഡിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അവന്റെ നിഷ്‌കളങ്കമായ പുഞ്ചിരിയും നിര്‍ഭയത്വവും സ്ലോവാക്യന്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരുടെ മനസ് കീഴടക്കിയിരുന്നു. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഒറ്റയ്ക്ക് സഞ്ചരിച്ച് അതിര്‍ത്തി കടന്നുവന്ന ബാലന് സന്നദ്ധപ്രവര്‍ത്തകര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കി. പാസ്പോര്‍ട്ടിനൊപ്പം ഒരു കടലാസ് കഷണം കയ്യില്‍ മുറുകെപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അതിര്‍ത്തി ഉദ്യോഗസ്ഥര്‍ ബാലനില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ കാരണമായത്. കിലോമീറ്ററുകള്‍ സഞ്ചരിച്ചുവന്ന ബാലന് ഭക്ഷണം നല്‍കിയും അടുത്ത യാത്രയ്ക്കുള്ള ഭക്ഷണം കൂടി പൊതിഞ്ഞു കൊടുത്തും അധികൃതര്‍ കുട്ടിയെ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലുള്ള ബന്ധുക്കള്‍ക്ക് കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരം. യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലും മകനെ സഹായിക്കാന്‍ മനസ് കാണിച്ച പോലീസിനും അധികൃതര്‍ക്കും നന്ദി പറയുന്നതായി സ്ലോവാക്യന്‍ സര്‍ക്കാരിനയച്ച സന്ദേശത്തില്‍ കുട്ടിയുടെ അമ്മ പറഞ്ഞു.