Thursday, April 3, 2025

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 02

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയ, അസം സംസ്ഥാനത്തിൽതന്നെ ഉൾപ്പെടുന്ന ഒരു സ്വയംഭരണ സംസ്ഥാനമായി മാറിയത് 1970 ഏപ്രിൽ രണ്ടിനാണ്. യൂണെറ്റഡ് ഖാസി, ജയന്തിയ ഹിൽസ്, ഗാരോ ഹിൽസ് എന്നീ ജില്ലകൾ ഉൾപ്പെടുത്തിയാണ് മേഘാലയ രൂപീകരിച്ചത്. പിന്നീട് 1971 ൽ പാർലമെന്റ് വടക്കുകിഴക്കൻ മേഖലകളുടെ പുന:സംഘടനാ നിയമം പാസാക്കിയതിനുശേഷം 1972 ജനുവരി 21 ന് മേഘാലയ സ്വന്തമായി ഒരു നിയമസഭയോടു കൂടിയ സംസ്ഥാന പദവി നേടി.

അർജന്റീനയും ബ്രിട്ടനും തമ്മിൽ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഫോക്ക്ലാൻഡ്സ് ദ്വീപിന്റെ അധികാര അവകാശത്തെച്ചൊല്ലി നടത്തിയ യുദ്ധമാണ് ഫോക്ക്ലാൻഡ്സ് യുദ്ധം. 1982 ഏപ്രിൽ രണ്ടിന് ആരംഭിച്ച യുദ്ധം ജൂൺ 14 വരെ തുടർന്നു. അർജന്റീനയ്ക്കു തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന സൗത്ത് ജോർജിയ, സാൻഡ്വിച്ച് ദ്വീപുകളെ ചൊല്ലിയുള്ള തർക്കം ഇതിനു മുൻപേ ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്തിരുന്നു. 1982 ഏപ്രിൽ രണ്ടിന് അർജന്റീനിയൻ സൈന്യം ഫോക്ക്ലാൻഡ്സ് ദ്വീപുകളിലേക്ക് സൈനിക സന്നാഹം നടത്തുകയും അവിടെ താവളമുറപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് ബ്രിട്ടീഷ് ഭരണകൂടം നാവിക, വ്യോമ സൈനിക നീക്കങ്ങളിലൂടെ ദ്വീപുകൾ പിടിച്ചെടുത്തു. 74 ദിവസത്തെ യുദ്ധം ഇരുരാജ്യങ്ങളിലും ശ്രദ്ധേയമായ രാഷ്ട്രീയനീക്കങ്ങൾക്കു കാരണമായി.

2011 ഏപ്രിൽ രണ്ടിനാണ് എം എസ് ധോണി നയിച്ച ഇന്ത്യൻ ടീം 28 വർഷങ്ങൾക്കുശേഷം രണ്ടാമത്തെ ക്രിക്കറ്റ് ലോകകപ്പ് നേടുന്നത്. ഇന്ത്യയിലെ വാങ്കഡെ സ്റ്റേഡിയത്തിൽവച്ചു നടന്ന ഫൈനലിൽ ആറു വിക്കറ്റിന് ശ്രീലങ്കയെ തോൽപിച്ച് സ്വന്തം രാജ്യത്ത് ക്രിക്കറ്റ് ലോകകപ്പ് നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ. ലോകകപ്പ് ഫൈനലിൽ രണ്ട് ഏഷ്യൻ ടീമുകൾ എത്തുന്നതും ആദ്യമായിരുന്നു. 1983 ജൂൺ 25 നായിരുന്നു ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം. 43 റൺസോടെ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യ കപ്പുയർത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News