1792 ഏപ്രിൽ അഞ്ചിനാണ് അമേരിക്കൻ പ്രസിഡന്റായ ജോർജ് വാഷിംഗ്ടൺ ആദ്യമായി വീറ്റോ അധികാരം പ്രയോഗിച്ചത്. അമേരിക്കൻ ചരിത്രത്തിലെ ആദ്യ പ്രസിഡൻഷ്യൽ വീറ്റോയും അതുതന്നെയായിരുന്നു. അമേരിക്കൻ കോൺഗ്രസ് പാസ്സാക്കുന്ന ബില്ലുകൾ പ്രസിന്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമ്പോൾ അതിനോടു വിയോജിക്കാനുള്ള അദ്ദേഹത്തിന്റെ നിയമപരമായ അധികാരമാണ് വീറ്റോ. അംഗീകാരത്തിനു സമർപ്പിക്കപ്പെട്ട ബില്ലിന്മേൽ വീറ്റോ പ്രയോഗിക്കാൻ പ്രസിഡന്റിന് അനുവദിക്കപ്പെട്ടിരിക്കുന്ന സമയം പത്തു ദിവസമാണ്. വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണത്തെ സംബന്ധിച്ച നിയമമാണ് വാഷിംഗ്ടൺ വീറ്റോ ചെയ്തത്. രണ്ട് എതിർപ്പുകൾ ഉന്നയിച്ചായിരുന്നു വീറ്റോ. മുപ്പതിനായിരം ആളുകൾക്ക് ഒന്നിൽകൂടുതൽ പ്രതിനിധികൾ പാടില്ല എന്ന ഭരണഘടനാ അനുശാസനം എട്ടു സ്റ്റേറ്റുകളിൽ പാലിക്കപ്പെടുന്നില്ല എന്നതായിരുന്നു ബില്ല് വീറ്റോ ചെയ്യാനുണ്ടായ പ്രധാന കാരണം.
1818 ഏപ്രിൽ അഞ്ചിനാണ് മൈപ്പു യുദ്ധം നടന്നത്. ചിലിയിലെ സാന്റിയാഗോയ്ക്ക് അടുത്തുവച്ചാണ് ജനറൽ ഹൊസേ ദെ സാൻ മാർട്ടിൻ നേതൃത്വം നൽകിയ, അർജന്റീനയിലെയും ചിലിയിലെയും വിമതർ ഉൾപ്പെട്ട റവല്യൂഷണറി ആർമിയും ജനറൽ മരിയാനോ ഒസോറിയോയുടെ നേതൃത്വത്തിലുള്ള സ്പാനിഷ് റോയലിസ്റ്റ് ആർമിയും തമ്മിൽ ഏറ്റുമുട്ടിയത്. കേവലം ആറുമണിക്കൂറുകൾ മാത്രം നീണ്ട യുദ്ധത്തിൽ റവല്യൂഷണറി ആർമി വിജയിക്കുകയും തത്ഫലമായി ചിലിയുടെമേൽ സ്പെയിനിനുണ്ടായിരുന്ന സ്വാധീനം ഇല്ലാതാകുകയും ചെയ്തു. ആറുമണിക്കൂറിനുള്ളിൽ രണ്ടായിരത്തോളം റോയലിസ്റ്റുകൾ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർ തടവിലാക്കപ്പെടുകയും ചെയ്തു. മറുപക്ഷത്ത് കൊല്ലപ്പെട്ടത് ആയിരം പേരാണ്.
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ഇ എം എസ് നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 1957 ഏപ്രിൽ അഞ്ചിനാണ്. ലോകത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതും അന്നുതന്നെയായിരുന്നു. മുഖ്യമന്ത്രിക്കു പുറമെ പത്തുപേർ കൂടി ഉൾപ്പെട്ടതായിരുന്നു ആദ്യ മന്ത്രിസഭ. സി അച്യുതമേനോൻ, ടി വി തോമസ്, കെ സി ജോർജ്, കെ പി ഗോപാലൻ, ടി എ മജീദ്, പി കെ ചാത്തൻ, ജോസഫ് മുണ്ടശ്ശേരി, കെ ആർ ഗൗരി, വി ആർ കൃഷ്ണയ്യർ, ഡോ എ ആർ മേനോൻ എന്നിവരായിരുന്നു മന്ത്രിമാർ. ഭൂപരിഷ്കരണ ഓർഡിനൻസും വിദ്യാഭ്യാസ ബില്ലും അവതരിപ്പിക്കപ്പെട്ടത് ഈ മന്ത്രിസഭയുടെ ഭരണകാലത്താണ്. രണ്ടു വർഷങ്ങൾക്കുശേഷം 1959 ൽ രാഷ്ട്രപതി ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിരിച്ചുവിട്ടു. പിന്നീട് വിമോചനസമരം എന്നറിയപ്പെട്ട, സർക്കാർ നയങ്ങൾക്കെതിരെയുണ്ടായ ബഹുജന മുന്നേറ്റത്തെ തുടർന്നായിരുന്നു അത്.