2015 ഏപ്രിൽ 25 നാണ് നേപ്പാളിലെ കാഠ്മണ്ഡു നഗരത്തിൽ ആയിരക്കണക്കിന് ആൾക്കാരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായത്. ഗൂർഖ ഭൂകമ്പം എന്നുകൂടി അറിയപ്പെടുന്ന ഇതിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് വടക്കുപടിഞ്ഞാറു മാറി 60 കിലോമീറ്റർ അകലെയായിരുന്നു. നേപ്പാളിലെ ഇരുപതിലധികം ജില്ലകളെയാണ് ഭൂകമ്പം ബാധിച്ചത്. ഏകദേശം 9000 ആളുകൾ കൊല്ലപ്പെടുകയും ആയിരകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കാഠ്മണ്ഡുവിലെ ചരിത്രപ്രധാനമായ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരായി. അഞ്ചു ബില്യൺ മുതൽ 10 ബില്യൺ ഡോളർ വരെയാണ് പ്രാഥമിക നാശനഷ്ടം കണക്കാക്കിയത്.
1990 ഏപ്രിൽ 25 നാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി സ്ഥാപിച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെയായിരുന്നു ദൂരദർശിനിയുടെ ഭ്രമണപഥം. ഇത് ആദ്യത്തെ അത്യാധുനിക ഒപ്റ്റിക്കൽ ഒബ്സർവേറ്ററി ആയിരുന്നു. നാസയുടെ നേതൃത്വത്തിൽ എഡ്വിൻ ഹബിൾ നിർമ്മിച്ചതുകൊണ്ടാണ് ഈ പേര് വന്നത്. സൗരയൂഥത്തെക്കുറിച്ചു പഠിക്കാനും ഗ്രഹങ്ങളും ഗ്യാലക്സികളും എങ്ങനെ രൂപപ്പെടുന്നുവെന്നു മനസ്സിലാക്കാനും ഹബിൾ ശാസ്ത്രജ്ഞന്മാരെ സഹായിച്ചിട്ടുണ്ട്. പ്ലൂട്ടോയ്ക്കുചുറ്റും ഇതുവരെ കണ്ടിട്ടില്ലാത്ത ഉപഗ്രഹങ്ങളെ പോലും ഹബിൾ കണ്ടെത്തി. ഭൂമിയെ വലംവയ്ക്കുമ്പോൾ മണിക്കൂറിൽ 27,300 കിലോമീറ്റർ വേഗതയിലാണ് ഹബിൾ സഞ്ചരിക്കുന്നത്. ഭൂമിയെ അതിന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 547 കിലോമീറ്റർ ഉയരത്തിൽ ചുറ്റുന്ന ഇൗ ദൂരദർശിനി 30 വർഷത്തെ പ്രവർത്തനത്തിനിടയിൽ 1,75,200 തവണയാണ് ഭൂമിയെ വലംവച്ചത്.
1859 ഏപ്രിൽ 25 നാണ് ഫ്രഞ്ചുകാരനായ ഫെർഡിനാൻഡ് ഡി ലെസ്സെപ്സ് സൂയസ്കനാലിന്റെ നിർമ്മാണപ്രവർത്തികൾ ആരംഭിച്ചത്. പിന്നീട് പത്തുവർഷങ്ങൾക്കു ശേഷമാണ് സൂയസ് കാനൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. നൈൽ നദിയെയും അതിന്റെ ശാഖകളെയും ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുക എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ഈ ജിപ്തിലെ പന്ത്രണ്ടാം രാജവംശത്തിലെ ഫറവോ സെനൗസേർട്ട് മൂന്നാമനായിരുന്നു. അത് വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും സഹായിച്ചു .ഇത് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലഗതാഗത സംവിധാനമാണ്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കനാലിന് 193 കിലോമീറ്റർ നീളവും 100 മീറ്ററിനടുത്ത് വീതിയുമുണ്ട്. ദിവസേന നൂറിനടുത്ത് കപ്പലുകളും എണ്ണ ടാങ്കറുകളുമാണ് ഇതിലൂടെ കടന്നുപോകുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയാണ് സൂയസ് കനാൽ.