അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റായി ജോർജ് വാഷിംഗ്ടൺ സ്ഥാനമേറ്റത് 1789 ഏപ്രിൽ 30 നായിരുന്നു. ന്യൂയോർക്കിലെ വാൾസ്ട്രീറ്റിലുള്ള ഫെഡറൽ ഹാളിന്റെ ബാൽക്കണിയിൽ നിന്നാണ് വാഷിംഗ്ടൺ പ്രസിഡന്റായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ബ്രിട്ടനെതിരെയുള്ള അമേരിക്കൻ ഐക്യനാടുകളുടെ യുദ്ധം നയിച്ച സൈന്യാധിപനായിരുന്നു അദ്ദേഹം. 1758 ൽ വെർജീനിയയിൽ നിന്നുള്ള ജനപ്രതിനിധിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെ രൂപീകരണത്തിനുശേഷം ആദ്യ പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യയെ ആദ്യമായി സിനിമ കാണിച്ച സംവിധായകൻ ദാദാസാഹിബ് ഫാൽക്കെ ജനിച്ചത് 1870 ഏപ്രിൽ 30 നായിരുന്നു. 1913 ൽ ‘രാജാ ഹരിശ്ചന്ദ്ര’യിലൂടെയാണ് ഇന്ത്യൻ സിനിമ ആരംഭിക്കുന്നത്. ‘രാജാ ഹരിശ്ചന്ദ്ര’ സംവിധാനം ചെയ്ത ദാദാസാഹിബ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് അറിയപ്പെട്ടു. ഗോധ്രയിലെ ഒരു ലോക്കൽ ഫോട്ടോഗ്രാഫർ ആയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ ഭാര്യയുടെയും കുഞ്ഞിന്റെയും വിയോഗത്തിനുശേഷം അദ്ദേഹം ആ തൊഴിൽ അവസാനിപ്പിച്ചു. പിന്നീട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ഡ്രാഫ്റ്റ്സ്മാനായി ഏതാനും വർഷം പ്രവർത്തിച്ചു. എന്നാൽ, തന്റെ ജോലിയിലും അതിനുള്ള പരിമിതികളിലും തൃപ്തനാകാതെ ഫാൽക്കെ ജോലി ഉപേക്ഷിച്ച് ഒരു പ്രിന്റിംഗ് ബിസിനസ്സ് തുടങ്ങി. 1911 ൽ ‘അമേസിങ് അനിമൽസ്’ എന്ന സിനിമ കാണാൻ പോയത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. പിന്നീട് ഒരുവർഷത്തോളം അദ്ദേഹം സിനിമയെക്കുറിച്ച് പഠനങ്ങൾ നടത്തുകയും സിനിമയുടെ ടെക്നോളജിയെക്കുറിച്ചു പഠിക്കാനായി ലണ്ടനിലക്കു പോവുകയും ചെയ്തു. ലണ്ടനിൽ നിന്ന് തിരികെവന്ന അദ്ദേഹം തന്റെ ആദ്യ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. അങ്ങനെയാണ് രാജാ ഹരിശ്ചന്ദ്ര ഉണ്ടാകുന്നത്. 1913 ഏപ്രിൽ 21 ന് ബോംബെയിലെ ഒളിമ്പിയ തിയേറ്ററിലാണ് ചിത്രം ആദ്യം പ്രദർശിപ്പിക്കപ്പെട്ടത്. മെയ് 13 ന് ചിത്രം തിയേറ്റർ റിലീസ് ചെയ്തു.
ബ്രിട്ടീഷ് സാഹസികനായ മൈൽസ് ഹിൽട്ടൺ ബാർബർ ആകാശയാത്രയിൽ ചരിത്രം സൃഷ്ടിച്ചത് 2007 ഏപ്രിൽ 30 നാണ്. ലണ്ടൻ മുതൽ സിഡ്നി വരെ 21,700 കിലോമീറ്റർ വിമാനം പറത്തിയ മൈൽസ് ഹിൽട്ടൺ ആകാശമാർഗം പാതിലോകം പിന്നിടുന്ന അന്ധനായ ആദ്യ വൈമാനികനാണ്. മാർച്ച് ഏഴിന് ലണ്ടനിലെ ബിഗിൻഹിൽ എയർഫീൽഡിൽ നിന്നു പറന്നുയർന്ന വിമാനം 55 ദിവസങ്ങളെടുത്താണ് യാത്ര പൂർത്തിയാക്കിയത്. യാത്രയ്ക്കിടെ 21 രാജ്യങ്ങൾ പിന്നിട്ടു. യാത്രയിൽ സഹ-പൈലറ്റായി കൂടെയുണ്ടായിരുന്ന റിച്ചാർഡ് ഹാർഡി അടിയന്തരഘട്ടങ്ങളിൽ മാത്രമാണ് ഹിൽട്ടണെ സഹായിച്ചത്. ചരിത്രയാത്ര പൂർത്തിയാക്കുമ്പോൾ 58 വയസ്സായിരുന്നു അദ്ദേഹത്തിന്.
ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറും ഭാര്യ ഈവ ബ്രൗണും ആത്മഹത്യ ചെയ്തു (1945). 1933 ’45 ൽ ജർമ്മൻ ചാൻസലറായിരുന്നു ഹിറ്റ്ലർ.
എഴുത്തുകാരുടെ പുസ്തകപ്രസാധന സംരംഭമായ സാഹിത്യപ്രവർത്തക സഹകരണസംഘം (എസ് പി സി എസ്) പ്രവർത്തനം ആരംഭിച്ചു (1945). 1945 മാർച്ചിൽ റജിസ്റ്റർ ചെയ്തു. എസ് പി സി എസ് പ്രസിദ്ധീകരിച്ച ആദ്യകൃതി ‘തകഴിയുടെ കഥകൾ’ ആണ്.
ആറ്റത്തിലെ നെഗറ്റീവ് ചാർജ് കണമായ ഇലക്ട്രോണിന്റെ കണ്ടുപിടിത്തം ജെ ജെ തോംസൺ പ്രഖ്യാപിച്ചു (1897). 1906 ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാവാണ് അദ്ദേഹം.