അമേരിക്കയുടെ ഒൻപതാമത്തെ പ്രസിന്റായിരുന്ന വില്യം ഹെൻറി ഹാരിസൺ മരിച്ചത് 1841 ഏപ്രിൽ നാലിനായിരുന്നു. അമേരിക്കൻ സൈനികോദ്യോഗസ്ഥനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന ഹാരിസൺ 1841 ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അമേരിക്കയിൽ ആ സ്ഥാനം അലങ്കരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു അദ്ദേഹം. കേവലം 32 ദിവസങ്ങൾ മാത്രമാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്. പദവിയിലിരിക്കെ മരണപ്പെടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റും ഏറ്റവും കുറഞ്ഞകാലം പ്രസിഡന്റ് പദവിയിലുണ്ടായിരുന്ന ആളും ഹാരിസണാണ്.
അമേരിക്കൻ പൗരാവകാശ പ്രവർത്തകനായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ കൊലചെയ്യപ്പെട്ടത് 1968 ഏപ്രിൽ നാലിനാണ്. ടെന്നീസിൽ മെംഫിസിലെ ലോറൈൻ മോട്ടലിലെ ഒരു ബാൽക്കണിയിൽ സംസാരിച്ചുകൊണ്ടിരിക്കെ ജെയിംസ് ഏയർ റേ എന്നയാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. 1925 ജനുവരി 15 ന് അറ്റ്ലാന്റയിൽ ജനിച്ച അദ്ദേഹം മോണ്ട് ഗോമറി ബസ് ബഹിഷ്കരണത്തിലൂടെയാണ് പൗരാവകാശ പ്രവർത്തനങ്ങളിലേക്ക് പ്രത്യക്ഷമായി ചുവടുവയ്ക്കുന്നത്. അതിന്റെ ഫലമായാണ് പൊതുഗതാഗത സംവിധാനത്തിലുള്ള വർഗീയ വേർതിരിവ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്. 1963 ൽ ടൈം മാഗസിന്റെ മാൻ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് 1964 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനവും ലഭിച്ചിട്ടുണ്ട്.
മനുഷ്യശരീരത്തിൽ ആദ്യമായി ഒരു കൃത്രിമഹൃദയം ഘടിപ്പിക്കപ്പെട്ടത് 1969 ഏപ്രിൽ നാലിനായിരുന്നു. ഡെന്റൺ കൂലി എന്ന പ്രശസ്ത കാർഡിയോളജിസ്റ്റിന്റെ മേൽനോട്ടത്തിലാണ് ഇത് നടന്നത്. സിലിക്കൺ കൊണ്ടുണ്ടാക്കിയ ഹൃദയമാണ് 47 വയസ്സുണ്ടായിരുന്ന ഒരു ഹൃദ്രോഗിയിൽ അദ്ദേഹം ഘടിപ്പിച്ചത്. ഒരു ദാതാവിനെ കണ്ടെത്തി ഹൃദയം മാറ്റിവയ്ക്കുന്നതുവരെ രോഗിയെ ജീവനോടെ നിലനിർത്തുകയായിരുന്നു ലക്ഷ്യം. പുതിയൊരു ഹൃദയം രോഗിയിൽ വച്ചുപിടിപ്പിക്കുന്നതുവരെ 64 മണിക്കൂർ കൃത്രിമഹൃദയത്തിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി. പക്ഷേ, ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം കേവലം 32 മണിക്കൂറുകൾ മാത്രമേ രോഗി ജീവിച്ചിരുന്നുള്ളൂ.