ന്യൂഡൽഹി ഇന്ത്യയുടെ പുതിയ തലസ്ഥാനമായിരിക്കും എന്ന് ജോർജ് അഞ്ചാമൻ രാജാവ് പ്രഖ്യാപിച്ചത് 1911 ഡിസംബർ 12 നായിരുന്നു. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനവേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. അതുവരെ കൽക്കട്ടയായിരുന്നു ഇന്ത്യയുടെ തലസ്ഥാനം. രാജ്യത്തിന്റെ കിഴക്കൻ തീരത്തോട് ചേർന്നുകിടക്കുന്ന തലസ്ഥാനം മധ്യഭാഗത്തേക്കു മാറ്റണമെന്ന ആവശ്യമുന്നയിച്ചത് അന്നത്തെ വൈസ്രോയിയായിരുന്ന ഹാർഡിങ് പ്രഭുവായിരുന്നു. അദ്ദേഹത്തിന്റെ നിർദേശം അംഗീകരിച്ചാണ് ജോർജ് അഞ്ചാമൻ രാജാവ് ഈ പ്രഖ്യാപനം നടത്തിയത്. പഴയ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരം തന്നെയാണ് അതിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഹെർബെർട്ട് ബേക്കർ, എഡ്വിൻ ലൂടെൻസ് എന്നീ ശിൽപികളാണ് പുതിയ തലസ്ഥാനം രൂപകൽപന ചെയ്തത്. അവിഭക്ത പഞ്ചാബിൽനിന്ന് രൂപപ്പെടുത്തിയ ഈ നഗരത്തിന് ന്യൂ ഡൽഹി എന്ന പേര് നൽകിയത് 1927 ലാണ്. എന്നാൽ ഈ പ്രഖ്യാപനം നടന്ന് 20 വർഷങ്ങൾക്കുശേഷം 1931 ഫെബ്രുവരി 13 നാണ് ന്യൂ ഡൽഹി പുതിയ തലസ്ഥാനമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇർവിൻ പ്രഭുവാണ് ഉദ്ഘാടനം നിർവഹിച്ചത്.
1963 ഡിസംബർ 12 നാണ് കെനിയ സ്വതന്ത്രമായത്. 1920 ജൂലൈ 23 ന് ബ്രിട്ടീഷ് കോളനിവത്കരണം ആരംഭിച്ചതിനുശേഷം തൊട്ടടുത്ത വർഷങ്ങളിൽതന്നെ ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾ കെനിയയിൽ ആരംഭിച്ചു. 1952 ൽ മൗമൗ സൊസൈറ്റിയിലെ അംഗങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ സായുധപോരാട്ടം നടത്തി. അതിനെത്തുടർന്ന് ബ്രിട്ടീഷ് സർക്കാർ കെനിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടർന്നങ്ങോട്ട് നിരവധി സായുധപോരാട്ടങ്ങൾക്ക് കെനിയ സാക്ഷ്യം വഹിച്ചു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ജോമോ കെൻയറ്റ ഉൾപ്പെടെ നിരവധി ആളുകൾ ജയിലിലായി. 1960 ൽ കെനിയൻ ആഫ്രിക്കൻ നാഷണൽ യൂണിയൻ പ്രസിഡന്റായി കെന്യറ്റ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1963 ൽ നടന്ന തിരഞ്ഞെടുപ്പിൽ കെനിയൻ ആഫ്രിക്കൻ നാഷണൽ യൂണിയൻ ഭൂരിപക്ഷം നേടിയതിനെ തുടർന്ന് ജോമോ കെന്യറ്റ ജയിൽ മോചിതനായി. ജൂൺ ഒന്നിന് അദ്ദേഹം കെനിയയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. 1963 ഡിസംബർ 12 ന് കെനിയ ഔദ്യോഗികമായി ബ്രിട്ടന്റെ അടിമത്തത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു.
1996 ഡിസംബർ 12 നാണ് ഗംഗാജലത്തിന്റെ പങ്കുവയ്ക്കലിനെ സംബന്ധിച്ച് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉടമ്പടി ഒപ്പുവച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന എച്ച്. ഡി. ദേവഗൗഡയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്ന ഷേക്ക് ഹസീനയുമാണ് ഇരുരാജ്യങ്ങളെയും പ്രതിനിധീകരിച്ചത്. ന്യൂഡൽഹിയിൽ വച്ചാണ് 30 വർഷത്തേക്കുള്ള ഉടമ്പടി ചെയ്തത്. ഫറാക്കയിലെത്തുന്ന ഗംഗാജലം ഇരുരാജ്യങ്ങളും പകുത്തെടുക്കുന്നതു സംബന്ധിച്ച നിബന്ധനകളായിരുന്നു ഉടമ്പടിയിലുണ്ടായിരുന്നത്. ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് പത്തു കിലോമീറ്റർ അകലെ, ബംഗാളിലെ ഭഗീരഥി നദിയിലുള്ള ഒരു ഡാമാണ് ഫറാക്ക. ഫറാക്കയിലെ ജലം എഴുപത്തി അയ്യായിരം ക്യുസെക്സിലും അധികമാണെങ്കിൽ നാലായിരം ക്യുസെക്സ് ഇന്ത്യയ്ക്കും ബാക്കിയുള്ളത് ബംഗ്ലാദേശിനും എഴുപതിനായിരം ക്യുസെക്സിനു താഴെയാണെങ്കിൽ ഇരുരാജ്യങ്ങൾക്കും നേർപകുതി വീതവും എഴുപതിനായിരത്തിനും എഴുപത്തി അയ്യായിരത്തിനും ഇടയിലാണെങ്കിൽ മുപ്പത്തി അയ്യായിരം ക്യുസെക്സ് ബംഗ്ലാദേശിനും ബാക്കിയുള്ളത് ഇന്ത്യയ്ക്കും എന്നിങ്ങനെയാണ് ഈ ഉടമ്പടി മുന്നോട്ടുവച്ച മാനദണ്ഡം.