Friday, April 11, 2025

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 05

അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജെയിംസ് പോൾക്ക് സ്വർണ്ണം തേടിയുള്ള കാലിഫോർണിയൻ കുടിയേറ്റത്തിന് വേഗം വർധിപ്പിച്ച പ്രഖ്യാപനം നടത്തിയത് 1848 ഡിസംബർ അഞ്ചിനായിരുന്നു. കാലിഫോർണിയയിൽ സ്വർണ്ണം  കണ്ടെത്തിയെന്ന വാർത്തയുടെ ഔദ്യോഗിക സ്ഥിരീകരണമാണ് അന്ന് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയത്. അതേ തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നായി കാലിഫോർണിയയിലേക്ക് വൻതോതിൽ കുടിയേറ്റം ആരംഭിച്ചു. ‘കാലിഫോർണിയൻ ഗോൾഡ് റഷ്’ എന്നാണ് ഈ സംഭവം ചരിത്രത്തിൽ അറിയപ്പെടുന്നത്. ഗോൾഡ് റഷിന്റെ ഭാഗമായി കാലിഫോർണിയയിൽ എത്തിച്ചേർന്ന ആളുകൾ ‘ഫോർട്ടി നയനേഴ്സ്’ എന്നാണ് വിളിക്കപ്പെടുന്നത്. ഏറ്റവുമധികം കുടിയേറ്റങ്ങൾ നടന്ന 1849 എന്ന വർഷവുമായി ബന്ധപ്പെടുത്തിയാണ് അവർ ഈ പേരിൽ അറിയപ്പെട്ടുതുടങ്ങിയത്.

നിഗൂഢതകൾ അവശേഷിപ്പിച്ച് അമേരിക്കൻ ചരക്കുകപ്പലായിരുന്ന മേരി സെലസ്റ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് 1872 ഡിസംബർ അഞ്ചിനായിരുന്നു. ബ്രിട്ടീഷ് കപ്പലായിരുന്ന ദേയി ഗ്രാസിയ ആണ്, യാത്രയ്ക്കിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഈ കപ്പൽ കണ്ടെത്തിയത്. തങ്ങളെക്കാൾ എട്ടു ദിവസങ്ങൾക്കുമുമ്പ് ന്യൂയോർക്കിൽനിന്ന് യാത്ര പുറപ്പെട്ട മേരി സെലസ്റ്റ് എന്ന കപ്പലാണ് അതെന്ന് അവർ തിരിച്ചറിഞ്ഞു. അത് ഇറ്റലിയിലെത്തേണ്ട സമയം കഴിഞ്ഞിരുന്നു. സഹായം വാഗ്ദാനം ചെയ്യാൻ ദേയി ഗ്രാസിയയിൽനിന്ന് മേരി സെലസ്റ്റിലെത്തിയ അംഗങ്ങൾക്ക് പക്ഷേ പത്തുപേരുണ്ടായിരുന്ന കപ്പലിൽ ആരെയും കണ്ടെത്താനായില്ല. അതിലുണ്ടായിരുന്ന ഒരേയൊരു ലൈഫ് ബോട്ടും കാണാനില്ലായിരുന്നു. എന്നാൽ ചരക്കായി കപ്പലിലുണ്ടായിരുന്ന വ്യാവസായിക ആവശ്യങ്ങൾക്കുള്ള 1701 ബാരൽ സ്പിരിറ്റും കേടുപാടുകൾ കൂടാതെ അതിൽത്തന്നെ ഉണ്ടായിരുന്നു. ഇന്നും ഈ സംഭവം ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ്.

1952 ഡിസംബർ അഞ്ചിനാണ് ഗ്രേറ്റ് സ്മോഗ് ഓഫ് ലണ്ടൻ എന്നറിയപ്പെടുന്ന വായുമലിനീകരണം ആരംഭിക്കുന്നത്. ലണ്ടൻ നഗരത്തെ വിഷവായു മൂടിനിന്നത് തുടർച്ചയായ അഞ്ച് ദിവസങ്ങളാണ്. കാലാവസ്ഥയും വ്യവസായ മാലിന്യങ്ങളും കൂടിക്കലർന്നതാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ കാരണമായത്. പുകയും മഞ്ഞും കലർന്ന അന്തരീക്ഷം നഗരത്തെ നിശ്ചലമാക്കുകയും, ആയിരക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമാകുകയും ചെയ്തു. നടന്നുപോകുന്ന ആളുകൾക്ക് അവരുടെ കാലുകൾപോലും ദൃശ്യമല്ലാത്തവിധം നഗരത്തിൽ മഞ്ഞ് മൂടിയിരുന്നു. ന്യുമോണിയ, ബ്രോങൈ്കറ്റിസ് തുടങ്ങിയ ഗുരുതര ശ്വാസകോശരോഗങ്ങൾ വ്യാപകമായി പടരാൻ വിഷപ്പുക നിറഞ്ഞ മഞ്ഞ് കാരണമായി. ഈ സംഭവത്തിനുശേഷമാണ് ബ്രിട്ടീഷ് പാർലമെന്റ് വായുവിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ ക്ലീൻ എയർ ആക്ട് പാസ്സാക്കിയത്.

Latest News