Thursday, April 3, 2025

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 13

യൂറോപ്പിൽ നിന്നൊരാൾ ആദ്യമായി ന്യൂസിലാന്റിലെത്തുന്നത് 1642 ഡിസംബർ 13 നായിരുന്നു. ഡച്ചുകാരനായ ആബേൽ ടസ്മാനായിരുന്നു അത്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ നാവികനായിരുന്നു ടസ്മാൻ. 1642 ലാണ് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത തെക്കുകിഴക്കൻ പ്രദേശങ്ങൾ കണ്ടെത്താനുള്ള ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദൗത്യത്തിന്റെ തലവനായി അദ്ദേഹം നിയമിതനായത്. കോളനികൾ സ്ഥാപിക്കാൻ കഴിയുന്ന പ്രദേശങ്ങൾ കണ്ടെത്തുക, പസഫിക് സമുദ്രത്തിലൂടെ ചിലിയിലേക്ക് സമുദ്രമാർഗം കണ്ടെത്തുക എന്നിവയായിരുന്നു പ്രധാന ദൗത്യങ്ങൾ. ജക്കാർത്തയിൽനിന്ന് ഓഗസ്റ്റ് മാസത്തിൽ രണ്ടു കപ്പലുകളിലായാണ് സംഘം യാത്ര ആരംഭിച്ചത്. ടസ്മാനിയയും കടന്നുള്ള യാത്രയ്ക്കിടെ ഡിസംബർ 13 നാണ് പുതിയൊരു ദേശം അവരുടെ ശ്രദ്ധയിൽപെട്ടത്. മൗറി വംശജർ വസിച്ചിരുന്ന ആ പ്രദേശമാണ് ഇന്ന് ന്യൂസിലന്റ് എന്നറിയപ്പെടുന്നത്. ടസ്മാൻ ഈ പ്രദേശം കണ്ടെത്തിയതിനുശേഷമാണ് ക്യാപ്റ്റൻ ജെയിംസ് കുക്കിന്റെ നേതൃത്വത്തിൽ യൂറോപ്പിൽനിന്നുള്ളവർ കൂടുതലായി ഈ പ്രദേശത്തേക്കെത്തിയത്. 1769 ലായിരുന്നു ന്യൂസിലാന്റിലേക്കുള്ള ജെയിസ് കുക്കിന്റെ വരവ്.

മാൾട്ട ഒരു റിപ്പബ്ലിക്കായത് 1974 ഡിസംബർ 13 നായിരുന്നു. മെഡിറ്ററേനിയൻ സമുദ്രത്തിലുള്ള ഒരു ദ്വീപ് രാഷ്ട്രമാണ് മാൾട്ട. ബ്രിട്ടന്റെ കോളനിയായിരുന്ന രാജ്യം സ്വതന്ത്രമായി പത്തു വർഷങ്ങൾക്കുശേഷമാണ് റിപ്പബ്ലിക്കായി മാറിയത്. 1814 ൽ ഒപ്പുവച്ച പാരീസ് കരാർപ്രകാരമാണ് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ മാൾട്ടയെ ബ്രിട്ടീഷ് കോളനിയായി അംഗീകരിച്ചത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികളുടെ താവളമായിരുന്നു ഈ പ്രദേശം. ജർമൻ – ഇറ്റാലിയൻ പോർവിമാനങ്ങൾ വൻതോതിൽ ബോംബ് വർഷിച്ചതിനെ തുടർന്ന് യുദ്ധാനന്തരം ഈ പ്രദേശം പൂർണ്ണമായും തകർന്നു. ഈ യുദ്ധത്തിനുശേഷമാണ് മാൾട്ടയുടെ സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങൾ ശക്തമായ രീതിയിൽ ആരംഭിച്ചത്. അതിന്റെ ഫലമായി 1964 ൽ മാൾട്ട സ്വതന്ത്രമായി. 2004 ൽ രാജ്യം യൂറോപ്യൻ യൂണിയനിലും അംഗമായി.

2001 ഡിസംബർ 13 നായിരുന്നു ഇന്ത്യൻ പാർലമെന്റിൽ ഭീകരാക്രമണം നടന്നത്. രാജ്യസഭയിലെയും ലോക്സഭയിലെയും നടപടിക്രമങ്ങൾ നിർത്തിവച്ച വേളയിൽ സായുധരായ അഞ്ച് തീവ്രവാദികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിൽ പാർലമെന്റ് മന്ദിരത്തിലേക്കു കയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന എൽ. കെ. അദ്വാനിയടക്കമുള്ള മന്ത്രിമാർ പാർലമെന്റിൽ ഉണ്ടായിരുന്നു. ഭീകരർ പാർലമെന്റിനുനേർക്ക് വെടിയുതിർത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാഭടന്മാരും പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചെറുത്തു. ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്. ഇന്ത്യാ-പാക്ക് ബന്ധത്തിൽ ഈ ആക്രമണം സാരമായ വിള്ളൽ വീഴ്ത്തി. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതിയ അഫ്സൽ ഗുരുവിനെ ദൽഹി പൊലീസ് ജമ്മു-കശ്മീരിൽ നിന്നും അറസ്റ്റ്  ചെയ്തു. 2002 ഡിസംബർ 18 ന് ഡൽഹി കോടതി അഫ്സൽ ഗുരുവിന് വധശിക്ഷ വിധിക്കുകയും 2013 ഫെബ്രുവരി ഒൻപതിന് തിഹാർ ജയിലിൽവച്ച് അത് നടപ്പാക്കുകയും ചെയ്തു.

Latest News