പ്രസിദ്ധമായ മിലാൻ ഉത്തരവ് പുറപ്പെടുവിച്ചത് 1807 ഡിസംബർ 17 നാണ്. ഫ്രാൻസിന്റെ ഭരണാധികാരിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ആണ് സാമ്പത്തിക ഉപരോധത്തിലൂടെ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താനുദ്ദേശിച്ച് ഈ പ്രഖ്യാപനം നടത്തിയത്. ഈ ഉത്തരവിലൂടെ യൂറോപ്പിലുള്ള മറ്റു രാജ്യങ്ങൾ ബ്രിട്ടനുമായി വ്യാപാരത്തിലേർപ്പെടുന്നതിന് നിരോധനം ഏർപ്പെടുത്തി. ബ്രിട്ടന്റെയോ, ബ്രിട്ടന്റെ കോളനികളുടെയോ കപ്പലുകൾ പിടിച്ചെടുക്കാൻ ഫ്രാൻസിന്റെ കപ്പലുകൾക്ക് ഈ ഉത്തരവിലൂടെ നെപ്പോളിയൻ അധികാരം നൽകി. ബ്രിട്ടനുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതും ബ്രിട്ടനിലേക്കു പോകുന്നതോ, ബ്രിട്ടന്റെ തുറമുഖങ്ങളിൽനിന്ന് പുറപ്പെടുന്നതോ ആയ എല്ലാ കപ്പലുകളും അതിലെ ചരക്കുകളും ഫ്രാൻസ് നിയമാനുസൃതമായി പിടിച്ചെടുക്കുമെന്ന ഉത്തരവ് ബ്രിട്ടനിൽ വലിയ വ്യാപാര-സാമ്പത്തിക അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു.
1903 ഡിസംബർ 17 നായിരുന്നു റൈറ്റ് സഹോദരന്മാർ നിർമിച്ച യന്ത്രവത്കൃത വിമാനം ആദ്യമായി പരീക്ഷിച്ചത്. ആദ്യ ശ്രമത്തിൽ 12 സെക്കന്റുകൾ മാത്രമാണ് വിമാനം വായുവിൽ പറന്നത്; അതും 120 അടി ദൂരം മാത്രം. ഓർവെൽ നിലത്തുനിന്ന് പറന്നുയരുകയും വിൽബർ വിമാനത്തോടൊപ്പം ഓടുകയും ചെയ്യുന്ന ചരിത്രമുഹൂർത്തം ജീവൻരക്ഷാ കേന്ദ്രത്തിലുണ്ടായിരുന്ന ജോൺ ഡാനിയൽസ്, നേരത്തെ തയ്യാറാക്കിവച്ചിരുന്ന ക്യാമറയിൽ പകർത്തി. ഓർവെൽ നിയന്ത്രണങ്ങളെ അമിതമായി ആശ്രയിച്ചതിനാൽ ചാടിയും കുലുങ്ങിയുമാണ് വിമാനം പറന്നത്. പക്ഷെ, റെയിലിൽനിന്നും 120 അടി അകലെ വിമാനം മണ്ണിൽ തലകുത്തുന്നതുവരെ അദ്ദേഹം അതിനെ നിയന്ത്രിച്ചുനിർത്തി. മണിക്കൂറിൽ 27 മൈൽ വേഗതയിൽ വീശിയ കാറ്റിന്റെ സഹായത്തോടെ പറന്ന വിമാനത്തിന്റെ ഗ്രൗണ്ട് സ്പീഡ് മണിക്കൂറിൽ 6.8 മൈലും മൊത്തം വായുവേഗം മണിക്കൂറിൽ 34 മൈലുമായിരുന്നു. നിയന്ത്രണസംവിധാനങ്ങളിൽ കൂടുതൽ സ്വാധീനം ഉറപ്പുവരുത്തിക്കൊണ്ടും കൂടുതൽ ദൂരം താണ്ടിക്കൊണ്ടും റൈറ്റ് സഹോദരന്മാർ ആ ദിവസം മാറിമാറി മൂന്നു തവണ കൂടി വിമാനം പറത്തി. വിൽബൂറിന്റെ രണ്ടാമത്തെയും അന്നത്തെ നാലാമത്തെയും അവസാനത്തെയും പറപ്പിക്കൽ 59 സെക്കന്റിൽ 852 അടി ദൂരമായിരുന്നു.
മുല്ലപ്പൂ വിപ്ലവത്തിന് ആരംഭം കുറിച്ച മൊഹമ്മദ് ബുവാസിസിന്റെ ആത്മാഹുതി നടന്നത് 2010 ഡിസംബർ 17 നായിരുന്നു. 23 വർഷക്കാലം ടുണീഷ്യയെ ഭരിച്ച ഏകാധിപതി ബെൻ അലിക്കെതിരെ നടന്ന ജനകീയ ചെറുത്തുനിൽപാണ് മുല്ലപ്പൂ വിപ്ലവം. ഉപജീവനത്തിനും സഹോദരിമാരുടെ വിദ്യാഭ്യാസത്തിനും പണം കണ്ടെത്താനായി തെരുവിൽ പഴക്കച്ചവടം നടത്തിയിരുന്ന ഒരു സാധാരണക്കാരനായിരുന്നു ബുവാസിസ്. കച്ചവടം നടത്താനുള്ള ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ തന്റെ കച്ചവടസാധനങ്ങൾ പിടിച്ചുവച്ച സർക്കാർ ജീവനക്കാരിക്ക് കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. തെരുവിൽവച്ച് പരസ്യമായി തന്നെ തല്ലിയ ജീവനക്കാരിക്കെതിരെ പരാതി നൽകാൻ സർക്കാർ ഓഫീസിൽ പോയ ബുവാസിസി അവിടെനിന്നും അപമാനം നേരിട്ടതിനെത്തുടർന്ന് അതെ ഓഫീസിനു മുൻപിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് സ്വയം കത്തിയമർന്നു. പരസ്യമായ പ്രതിഷേധവും പ്രകടനവും അനുവദനീയമല്ലാത്ത ടുണീഷ്യയിൽ ഈ ചെറുപ്പക്കാരന്റെ മരണം വലിയ പ്രക്ഷോഭത്തിന് ആരംഭം കുറിച്ചു. ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി. പ്രതിഷേധം അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചെങ്കിലും ഒരുമാസത്തിനകം ബെൻ അലിക്ക് ടുണീഷ്യയിൽനിന്ന് പലായനം ചെയ്യേണ്ടിവന്നു. അറബ് ലോകത്ത് സുപ്രധാന മാറ്റങ്ങൾ വരുത്തി മറ്റു രാജ്യങ്ങളിലേക്കുകൂടി വ്യാപിച്ച ഈ വിപ്ലവം അറബ് വസന്തം എന്നപേരിലും അറിയപ്പെടുന്നു.