അമേരിക്കയിൽ അടിമത്തം നിരോധിച്ചത് 1865 ഡിസംബർ 18 നാണ്. ഭരണഘടനയുടെ പതിമൂന്നാമത്തെ ഭേദഗതിയിലൂടെയാണ് അടിമത്ത നിരോധനം നിലവിൽവന്നത്. ഇതോടെ ഒരുലക്ഷത്തിലധികം ആളുകളാണ് അടിമത്ത സമ്പ്രദായത്തിൽനിന്ന് മോചിതരായത്. അമേരിക്കൻ വിപ്ലവത്തിനുമുമ്പ് അടിമത്തം അമേരിക്കയുടെ എല്ലാ കോളനികളിലും പ്രാബല്യത്തിലുണ്ടായിരുന്നു. വിപ്ലവത്തിന്റെ ആദർശങ്ങളിലും അടിമത്തവ്യവസ്ഥയിൽ ലാഭം കുറഞ്ഞതുകൊണ്ടും പതിനെട്ടാം നൂറ്റാണ്ടായപ്പോൾ അടിമത്തം അമേരിക്കയുടെ വടക്കേ സംസ്ഥാനങ്ങളിൽ ഇല്ലാതായി. അതേസമയം തെക്കുള്ള സംസ്ഥാനങ്ങളിൽ അത് കൂടുതൽ ശക്തമാകുകയും ചെയ്തു. 1850 ൽ തെക്കൻ സംസ്ഥാനങ്ങളിൽ തിങ്ങിപ്പാർത്തിരുന്ന കറുത്ത വർഗക്കാരിൽ 95 ശതമാനവും അടിമകളായിരുന്നു. ഇവരാണ് പുതിയ ഭരണഘടനാ ഭേദഗതിയിലൂടെ സ്വതന്ത്രരായത്.
ബോംബെ സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത് 1930 ഡിസംബർ 18 നായിരുന്നു. ബ്രിട്ടീഷ് എഞ്ചിനീയറായ ക്ലോഡ് ബാറ്റ്ലിയാണ് സ്റ്റേഷൻ രൂപകൽപന ചെയ്തത്. 21 മാസങ്ങൾ കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 15.6 മില്യൺ രൂപയാണ് അന്ന് സ്റ്റേഷന്റെ നിർമാണത്തിന് ചെലവായത്. ബോംബെയുടെ പേര് മുംബൈ എന്നാക്കി മാറ്റിയപ്പോൾ സ്റ്റേഷന്റെ പേരും മുംബൈ സെൻട്രൽ എന്ന് മാറ്റി. 1997 ലായിരുന്നു അത്. വെസ്റ്റേൺ റെയിൽവേ റൂട്ടിലുള്ള സുപ്രധാന സ്റ്റേഷനുകളിലൊന്നാണ് ഇത്.
തിരുവിതാംകൂറിൽ വേലുത്തമ്പി ദളവയും ബ്രിട്ടീഷുകാരും തമ്മിലുള്ള തുറന്ന പോര് ആരംഭിച്ചത് 1808 ഡിസംബർ 18 നായിരുന്നു. പാലിയത്തച്ഛനുമായി സഖ്യമുണ്ടാക്കി ദളവയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സൈന്യം യുവാക്കളെ സംഘടിപ്പിച്ച് സൈനികപരിശീലനം നൽകി. ഡിസംബർ 18 ന് റസിഡന്റ് മെക്കാളെയുടെ കൊച്ചിയിലെ താവളം പ്രക്ഷോഭകാരികൾ ആക്രമിച്ചു. 600 ലധികം വരുന്ന പ്രക്ഷോഭകാരികളെ നയിച്ചത് പാലിയത്തച്ഛനും തമ്പിയുടെ രണ്ട് സൈനിക ഉദ്യോഗസ്ഥരുമായിരുന്നു. നിലവറയിലൊളിച്ച മെക്കാളെ പ്രഭു ബ്രിട്ടീഷ് കപ്പലിൽ കയറി രക്ഷപെട്ടു. തുടർന്ന് കൊല്ലത്തുള്ള ബ്രിട്ടീഷ് സേനയെ ആക്രമിക്കാൻ സൈന്യത്തിന് അദ്ദേഹം നിർദേശം നൽകി. പിന്നീട് കുണ്ടറയിൽ എത്തിച്ചേർന്നശേഷമാണ് പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തുന്നത്. യുദ്ധത്തിൽ വേലുത്തമ്പിയുടെ സൈന്യം പരാജയപ്പെട്ടെങ്കിലും വിദേശാധിപത്യത്തിനെതിരെ ജനാഭിപ്രായം സ്വരൂപിക്കാനും ദേശസ്നേഹം വളർത്താനും ഈ മുന്നേറ്റങ്ങൾക്കു സാധിച്ചു.