Thursday, January 23, 2025

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 19

ചാൾസ് ഡിക്കൻസിന്റെ പ്രശസ്തമായ ക്രിസ്മസ് കരോൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് 1843 ഡിസംബർ 19 നായിരുന്നു. ക്രിസ്തുമസ് പ്രമേയമായി രചിക്കപ്പെട്ട കൃതിയാണ് ക്രിസ്മസ് കരോൾ. വെറും ആറാഴ്ചകൾ കൊണ്ടാണ് അദ്ദേഹം ഈ പുസ്തകത്തിന്റെ രചന നിർവഹിച്ചത്. ആദ്യ എഡിഷനിൽ അച്ചടിച്ച കോപ്പികളെല്ലാം ക്രിസ്തുമസ് രാത്രിയോടെതന്നെ വിറ്റുതീർന്നു. ലോകപ്രസിദ്ധിയാർജിച്ച ക്രിസ്മസ് കരോളിന്റെ 13 പതിപ്പുകളാണ് തൊട്ടടുത്ത വർഷം അച്ചടിക്കപ്പെട്ടത്. ഡിക്കൻസ് എഴുതിയതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇന്നും ഏറെ വായനക്കാരുള്ളതുമായ ഒരു കൃതിയാണ് ക്രിസ്മസ് കരോൾ. എന്നാൽ അദ്ദേഹം കരുതിയതുപോലെ ഈ പുസ്തകം കാര്യമായ സാമ്പത്തികലാഭം നൽകിയില്ല. പ്രസിദ്ധീകരണത്തിനു വേണ്ടിവന്ന ഉയർന്ന ചെലവാണ് കാരണം.

1961 ഡിസംബർ 19 നാണ് ഗോവ ഇന്ത്യയുടെ ഭാഗമായത്. സ്വാതന്ത്ര്യത്തിനുശേഷവും പോർച്ചുഗീസ് കോളനിയായി തുടരുകയായിരുന്നു ഗോവ. വൈദേശികാധിപത്യത്തിൽനിന്ന് ഗോവയെ മോചിപ്പിക്കാൻ ഇന്ത്യ ഡിസംബർ 17 ന് ആരംഭിച്ച സൈനിക നടപടിയാണ് 19 ന് പൂർത്തിയായത്. ഈ സായുധ ആക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയ പേര് ‘ഓപ്പറേഷൻ വിജയ്’ എന്നായിരുന്നു. കരയിലും കടലിലും ആകാശത്തിലും നടന്ന 36 മണിക്കൂർ നീണ്ട യുദ്ധത്തിനൊടുവിൽ ഗോവയിൽ 450 വർഷങ്ങളായി തുടർന്ന പോർച്ചുഗീസ് ഭരണം അവസാനിച്ചു. 1950 ഫെബ്രുവരി 17 നുതന്നെ ഗോവ സമാധാനപരമായി ഏറ്റെടുക്കുന്നതിനുള്ള നയതന്ത്രശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. എന്നാൽ, ഗോവ പോർച്ചുഗീസ് കോളനിയല്ലെന്നും പോർച്ചുഗലിന്റെ ഭാഗം തന്നെയാണ് എന്നുമായിരുന്നു അവരുടെ വാദം. പോർച്ചുഗൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതിനാൽ 1953 ജൂൺ 11 ന് നയതന്ത്രശ്രമങ്ങൾ അവസാനിപ്പിച്ചു. തുടർന്നാണ് സായുധമുന്നേറ്റത്തിലൂടെ ഇന്ത്യ ഗോവയെ മോചിപ്പിച്ചത്.

ലോകവ്യാപകമായി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ടൈറ്റാനിക് സിനിമ റിലീസായത് 1997 ഡിസംബർ 19 നായിരുന്നു. ജയിംസ് കാമറൂണിന്റെ സംവിധാനത്തിലാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ആർ. എം. എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമിച്ച ചലച്ചിത്രമാണ് ടൈറ്റാനിക്. ലിയനാർഡോ ഡി കാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവർ ജാക്ക്, റോസ് എന്നീ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 200 മില്യൺ ഡോളറായിരുന്നു ചിത്രത്തിന്റെ നിർമാണ ചെലവ്. 14 ഓസ്കർ നോമിനേഷനുകളിൽ 11 എണ്ണം നേടി സിനിമ റെക്കോഡിട്ടു. വൻ സാമ്പത്തികവിജയമായിത്തീർന്ന സിനിമ ആഗോളതലത്തിൽ നേടിയത് രണ്ടു ബില്യൺ ഡോളറായിരുന്നു.

Latest News