Monday, December 23, 2024

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 23

1954 ഡിസംബർ 23 നാണ് വിജയകരമായ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ നെഫ്രൈറ്റിസ് ബാധിച്ച് വൃക്കകൾ തകരാറിലായ റിച്ചാർഡ് ഹെറിക് എന്ന 23 വയസ്സുകാരനാണ് അന്ന് മറ്റൊരാളുടെ വൃക്ക സ്വീകരിച്ചത്. ഹെറിക്കിന്റെ ഇരട്ടസഹോദരനായ റൊണാൾഡാണ് വൃക്ക ദാനം ചെയ്യുകയും ഡോ. ജോസഫ് മുറെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ജീവനുള്ള ആളിൽ ശസ്ത്രക്രിയ നടത്തുന്നതിന് മൂന്നുദിവസം മുമ്പ് മൃതശരീരത്തിൽ ഇതേ ശസ്ത്രക്രിയ ചെയ്ത് അവർ പരീക്ഷിച്ചിരുന്നു. അതാണ് വിജയകരമായി വൃക്ക മാറ്റിവയ്ക്കാൻ അവർക്ക് ആത്മവിശ്വാസം നൽകിയത്. അവയവമാറ്റരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 1990 ൽ ആദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.

ജപ്പാനിലെ രണ്ടാമത്തെ വലിയ കൃത്രിമനിർമിതിയായ ടോക്കിയോ ടവർ ഉദ്ഘാടനം ചെയ്തത് 1958 ഡിസംബർ 23 നായിരുന്നു. വാർത്താവിതരണ ആവശ്യത്തിനായി നിർമിച്ച ട്രാൻസ്മിഷൻ ടവറാണിത്. 1953 ലാണ് ജപ്പാനിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ മറ്റ് സ്വകാര്യ കമ്പനികളും ടെലിവിഷൻ സംപ്രേഷണങ്ങൾ ആരംഭിച്ചു. സ്വകാര്യ കമ്പനികളുടെ എണ്ണം കൂടുന്നതനുസരിച്ച് ട്രാൻസ്മിഷൻ ടവറുകളുടെ എണ്ണം കൂടുന്നത് നിയന്ത്രിക്കാനാണ് എല്ലാവർക്കും ഉപയോഗിക്കാവുന്നവിധത്തിൽ ഉയരം കൂടിയ ടവർ എന്ന ചിന്ത രൂപപ്പെട്ടത്. അതനുസരിച്ച്, ഈഫൽ ടവറിന്റെ മാതൃകയിലാണ് ടവർ നിർമിച്ചത്. 333 മീറ്ററാണ് ടവറിന്റെ ഉയരം. ഇന്ന് നഗരത്തിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നുകൂടിയാണ് ഇത്.

ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിൽനിന്ന് പ്രസിദ്ധമായ ടിയാനൻമെൻ സ്മാരകശിൽപം  നീക്കംചെയ്തത് 2021 ഡിസംബർ 23 നായിരുന്നു. ടിയാനൻമെൻ ചത്വരത്തിൽ ചൈനീസ് പട്ടാളം കൂട്ടക്കൊല ചെയ്ത പതിനായിരത്തോളം ആളുകളുടെ ഓർമയ്ക്കായി നിർമിക്കപ്പെട്ടതാണ് ടിയാനൻമെൻ ശിൽപം. ഡാനിഷ് ശിൽപിയായിരുന്ന ജെൻസ് ഗാൽഷിയോട്ട് നിർമിച്ച ഈ ശിൽപം ‘പില്ലർ ഓഫ് ഷെയിം’ എന്നും അറിയപ്പെടുന്നു. എട്ടു മീറ്റർ ഉയരമുള്ള ഇത് ചെമ്പിൽ തീർത്തതായിരുന്നു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ചൈനീസ് നിയന്ത്രിതപ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ട അപൂർവം സ്മാരകങ്ങളിലൊന്നായിരുന്നു ഇത്. ചൈനയിലെ ഭരണകൂടം ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിനിടയിലായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News