എക്കാലത്തെയും മികച്ച മിഷനറിമാരിൽ ഒരാളും ജെസ്യൂട്ട് സന്യാസ സഭാംഗവുമായ വി. ഫ്രാൻസിസ് സേവ്യർ മരണമടഞ്ഞത് 1552 ഡിസംബർ മൂന്നിനായിരുന്നു. 1551 ൽ ജപ്പാനിൽനിന്ന് തിരികെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ചൈനയിലെ സാൻസിയൻ ദ്വീപിലെ കാന്റൺ നദീമുഖത്തെത്തിയപ്പോഴേക്കും വിശുദ്ധന് പനി പിടിക്കുകയും ചുട്ടുപൊള്ളുന്ന മണലിൽ കിടപ്പാകുകയും ചെയ്തു. എന്നാൽ ആൾവാറസ് എന്ന പാവപ്പെട്ട മനുഷ്യൻ വിശുദ്ധനെ കാണുകയും തന്റെ കുടിലിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പ്രാർഥനകൾ ചൊല്ലിക്കൊണ്ട് രണ്ടാഴ്ചയോളം വിശുദ്ധൻ അവിടെ ജീവിച്ചെങ്കിലും 1552 ഡിസംബർ മൂന്നിന് മരണമടഞ്ഞു. മൂന്ന് മാസത്തിനുശേഷം അദ്ദേഹത്തിന്റെ കല്ലറ തുറന്നുനോക്കിയപ്പോൾ മൃതദേഹം യാതൊരു കോട്ടവും തട്ടാതെയും അഴുകാതെയും ഇരിക്കുന്നതായി കാണപ്പെട്ടു. ഇത് പിന്നീട് ഗോവയിലേക്കു കൊണ്ടുവന്നു. ഇപ്പോഴും ഇത് അവിടെ സൂക്ഷിച്ചിരിക്കുന്നു.
1967 ഡിസംബർ മൂന്നിനാണ് ലോകത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ക്രിസ്ത്യൻ ബർണാർഡ് എന്ന സൗത്ത് ആഫ്രിക്കക്കാരനായ ഹൃദ്രോഗ വിദഗ്ദ്ധനായിരുന്നു ആദ്യ ശസ്ത്രക്രിയ നടത്തിയത്. വിജയകരമായി വൃക്കകൾ മാറ്റിവയ്ക്കാം എന്നായപ്പോഴാണ് എന്തുകൊണ്ട് ഹൃദയം മാറ്റിവച്ചുകൂടാ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായത്. സഹപ്രവർത്തകരായ നോർമൻ ഷംവേ, റിച്ചാർഡ് ലോവർ എന്നിവരുമായി ചേർന്ന് നായ്ക്കളിൽ നിരവധി ഹൃദയമാറ്റ ശസ്ത്രക്രിയകൾ ചെയ്തതിനുശേഷമാണ് ആദ്യമായി മനുഷ്യരിൽ ഹൃദയം മാറ്റിവയ്ക്കാൻ അദ്ദേഹം തീരുമാനിക്കുന്നത്. ഹൃദ്രോഗം ബാധിച്ച് മരണം കാത്തിരുന്ന ലിത്വാനിയക്കാരനായ ലൂയീസ് വിഷൻസ്കിയാണ് ആദ്യ സ്വീകർത്താവായത്. റോഡ് മുറിച്ചുകടക്കുമ്പോൾ കാർ തട്ടി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച ഡെൻസി ഡാർവാൾ എന്ന യുവതിയായിരുന്നു ആദ്യ ദാതാവ്. നാലേമുക്കാൽ മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഹൃദയം സ്വീകർത്താവിൽ വച്ചുപിടിപ്പിച്ചത്.
1971 ലെ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം ആരംഭിച്ചത് ഡിസംബർ മൂന്നിനായിരുന്നു. ഈ യുദ്ധത്തിനുശേഷമാണ് അന്ന് കിഴക്കൻ പാക്കിസ്ഥാനായിരുന്ന ബംഗ്ലാദേശ് സ്വാതന്ത്രരാഷ്ട്രമായി മാറിയത്. കിഴക്കൻ പാക്കിസ്ഥാനോട് വികസനകാര്യങ്ങളിൽ പടിഞ്ഞാറൻ പാക്കിസ്ഥാൻ വിവേചനം കാണിച്ചതും ബംഗ്ലാ ഭാഷയെ പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി അംഗീകരിക്കാത്തതും 1970 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച കിഴക്കൻ പാക്കിസ്ഥാനിലെ അവാമി ലീഗിന്റെ ഷേഖ് മുജീബുർ റഹ്മാനെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കാതിരുന്നതും ഇരുഭാഗങ്ങൾക്കുമിടയിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചു. ഇതേ തുടർന്ന് പടിഞ്ഞാറൻ പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്നപേരിൽ കിഴക്കൻ പാക്കിസ്ഥാനിൽ നടത്തിയ നരവേട്ടയുടെ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇന്ത്യ നയതന്ത്രപരവും സൈനികവുമായ ഇടപെടലുകളിലേക്കു കടന്നത്. മനുഷ്യത്വത്തിന്റെ പുറത്ത് കിഴക്കൻ പാക്കിസ്ഥാനൊപ്പം നിൽക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. അവാമി ലീഗിന്റെ പോരാളികളെ പരിശീലിപ്പിക്കുന്ന ഓപ്പറേഷൻ ജാക്ക്പോട്ട് എന്ന രഹസ്യദൗത്യം ഇന്ത്യ ആരംഭിക്കുന്നു. ഒടുവിൽ 1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ ഇന്ത്യൻ മണ്ണിലെ തന്ത്രപ്രധാനമായ പോയിന്റുകൾ ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടു. 13 ദിവസങ്ങൾ നീണ്ട യുദ്ധം അവസാനിച്ചത് പാക്കിസ്ഥാന്റെ പരാജയത്തിലും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലുമായിരുന്നു.
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവൽ വന്നത് 1993 ഡിസംബർ മൂന്നിനായിരുന്നു. ഇന്ത്യൻ ഭരണഘടനയിലെ 243 (കെ) അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാര്യവും നീതിപൂർവകവുമായി നടത്തുന്നതിന് വിപുലമായ അധികാരങ്ങളോടെയാണ് കമ്മീഷൻ സ്ഥാപിക്കപ്പെട്ടത്. എം. എസ്. കെ. രാമസ്വാമിയായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. തിരുവനന്തപുരം ആസ്ഥാനമായാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ തിരഞ്ഞെടുപ്പുകൾക്കും ആവശ്യമായ വോട്ടർപട്ടിക തയ്യാറാക്കുക, തിരഞ്ഞെടുപ്പുകൾ നടത്തുക എന്നിവയാണ് കമ്മീഷന്റെ പ്രഥമ ചുമതല.