സോവിയറ്റ് യൂണിയൻ രൂപീകരിച്ചുകൊണ്ടുള്ള ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1922 ഡിസംബർ 30 നായിരുന്നു. ദി ഡിക്ലറേഷൻ ആൻഡ് ട്രീറ്റി ഓൺ ദി ഫോർമേഷൻ ഓ ഫ് ദി യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് എന്ന ഉടമ്പടിയിലൂടെയാണ് സോവിയറ്റ് യൂണിയൻ ഔദ്യോഗികമായി നിലവിൽ വന്നത്. വിവിധ റിപ്പബ്ലിക്കുകളിൽ നിന്നുള്ള ഡെലഗേറ്റുകളുടെ കോൺഫറൻസിലാണ് ഈ ഉടമ്പടി അംഗീകരിക്കപ്പെട്ടത്. മോസ്കോ ആയിരുന്നു പുതുതായി രൂപീകരിക്കപ്പെട്ട യൂണിയന്റെ ആസ്ഥാനം. നാലു രാജ്യങ്ങളാണ് ആദ്യം യു. എസ്. എസ്. ആറിന്റെ ഭാഗമായിരുന്നത്. പിന്നീട് പലപ്പോഴായി 11 രാജ്യങ്ങൾ കൂടി യൂണിയന്റെ ഭാഗമായി.
ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ദേശീയപതാക ഉയർത്തിയത് 1943 ഡിസംബർ 30 നായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽനിന്ന് മുക്തമായ ആദ്യ ഇന്ത്യൻ പ്രദേശമായി ആൻഡമാൻ നിക്കോബാർ ദ്വീപുകളെ അദ്ദേഹം അന്നുതന്നെ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷുകാരുടെ കൈയിൽനിന്ന് ദ്വീപുകൾ ജപ്പാൻ പിടിച്ചെടുത്തു. 1943 ഡിസംബർ 29 ന് ദ്വീപുകളിലെത്തിയ നേതാജിക്ക് അവർ ദ്വീപിന്റെ ഭരണം കൈമാറുകയായിരുന്നു. ആൻഡമാൻ ദ്വീപിന് ഷഹീദ് എന്നും നിക്കോബാർ ദ്വീപിന് സ്വരാജ് എന്നും പേരിട്ട ആദ്ദേഹം ഇന്ത്യൻ നാഷണൽ ആർമിയിൽ ജനറലായിരുന്ന എ. ഡി. ലോഗനെ പ്രദേശത്തിന്റെ ഗവർണറായി നിയമിക്കുകയും ചെയ്തു. ഐ. എൻ. എ. യുടെ ആസാദ് ഹിന്ദ് പതാകയാണ് അന്ന് അദ്ദേഹം ദ്വീപുകളിൽ ഉയർത്തിയത്.
1949 ഡിസംബർ 30 നാണ് സ്വതന്ത്ര ഇന്ത്യ ചൈനയെ അംഗീകരിച്ചത്. അതിന്റെ ഭാഗമായി 1950 ഏപ്രിൽ ഒന്നിന് ചൈനയുമായി നയതന്ത്രബന്ധങ്ങൾ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഇരുരാജ്യങ്ങളിലെയും സുപ്രധാന രാഷ്ട്രീയകക്ഷികളായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസും ക്വമിന്താങും തമ്മിൽ ബന്ധമുണ്ടായിരുന്നു. 1927 ൽ ബ്രസൽസിൽ വച്ച് ജവഹർലാൽ നെഹ്രുവും ക്വമിന്താങ് പാർട്ടിയുടെ പ്രതിനിധികളും ചേർന്ന് അധിനിവേശ ഭരണത്തിനെതിരെയുള്ള മാനിഫെസ്റ്റോ പുറപ്പെടുവിച്ചിരുന്നു. 1930 കളിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ബന്ധം സ്ഥാപിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം താമസംവിനാ ചൈനയെ അംഗീകരിക്കുന്നതിൽ ഇക്കാരണങ്ങൾ ഒക്കെയുണ്ടായിരുന്നു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിക്കുന്ന ആദ്യരാജ്യങ്ങളിലൊന്നാണ് ഇന്ത്യ.