Thursday, December 12, 2024

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 07

ഇറ്റലിയിലെ മിലാനിലെ മെത്രാനായി ആംബ്രോസ് നിയമിതനായത് 374 ഡിസംബർ ഡിസംബർ ഏഴിനായിരുന്നു. ചക്രവർത്തിക്കെതിരായി തിരഞ്ഞെടുപ്പിനുനിന്ന അദ്ദേഹം വിജയിച്ചു. സഭ – സ്റ്റേറ്റ് എന്ന ഭരണസംവിധാനത്തെ ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു മാതൃക സൃഷ്ടിച്ചത് അദ്ദേഹമായിരുന്നു. ദൈവശാസ്ത്രജ്ഞനായ അംബ്രോസിന്റെ പ്രസംഗങ്ങളിലൂടെയാണ് അഗസ്റ്റിൻ മാനസാന്തരപ്പെട്ടത്.

ഇന്ത്യയിലെ ആദ്യ വിധവാ പുനർവിവാഹം നടന്നത് 1856 ഡിസംബർ ഏഴിനായിരുന്നു. വിധവകൾക്ക് പുനർവിവാഹത്തിനുള്ള അവകാശത്തിനുവേണ്ടി പോരാടിയ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ നേതൃത്വത്തിലാണ് വിവാഹം നടത്തിയത്. കൽക്കട്ടയിൽ, തികഞ്ഞ പൊലീസ് സംരക്ഷണത്തിൽ നടത്തിയ ചടങ്ങിൽ സിരിസ്ചന്ദ്ര വിദ്യാരത്ന, വിധവയായിരുന്ന കാളിമതിയെ വിവാഹം ചെയ്തു. രാജ് കൃഷ്ണ ബാന്ദോപാധ്യായ എന്നയാളുടെ വീട്ടിൽ വച്ചായിരുന്നു കല്യാണം. വിധവാ പുനർവിവാഹനിയമം നടപ്പാക്കി നാലു മാസങ്ങൾക്കുശേഷമായിരുന്നു വിദ്യാസാഗർ വിവാഹം നടത്തിയത്. അതേ വർഷം ജൂലൈ 16 നാണ് നിയമം നിലവിൽവന്നത്. അന്നത്തെ ഗവർണർ ജനറലായിരുന്ന കാനിംഗ് പ്രഭുവാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പരിധിയിൽ ഈ നിയമം നടപ്പാക്കി ഉത്തരവിറക്കിയത്.

ചരിത്രത്തിലെ വലിയ സൈനികപോരാട്ടങ്ങളിലൊന്നായ പേൾ ഹാർബർ ആക്രമണം നടന്നത് 1941 ഡിസംബർ ഏഴിനായിരുന്നു. ജപ്പാൻ, പേൾ ഹാർബറിലെ അമേരിക്കൻ നാവികത്താവളത്തിനുനേരെ നടത്തിയ അപ്രതീക്ഷിത ആക്രമണമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ച സംഭവമായി ഈ ആക്രമണം വിലയിരുത്തപ്പെടുന്നു. ജപ്പാന്റെ അമേരിക്കയിലെ സ്ഥാനപതിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായി സന്ധിചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. നീണ്ട ഒരുക്കങ്ങൾക്കുശേഷമാണ് ജപ്പാനീസ് വിമാനങ്ങൾ പേൾഹാർബർ ലക്ഷ്യമാക്കി പറന്നത്. ആദ്യ ആക്രമണശേഷം 50 മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും വിമാനങ്ങൾ പറന്നെത്തി ബോംബ് വർഷിച്ചു. ആക്രമിക്കാനുള്ള ജപ്പാന്റെ മൂന്നാം ശ്രമം പക്ഷേ നാവികകേന്ദ്രത്തിൽ അവശേഷിച്ചിരുന്ന അമേരിക്കൻ സൈനികരുടെ പ്രത്യാക്രമണത്തോടെ ഉപേക്ഷിക്കുകയായിരുന്നു. ആക്രമണത്തിൽ അമേരിക്കയുടെ 2300 സൈനികർ കൊല്ലപ്പെടുകയും എട്ട് പടക്കപ്പലുകളും 188 വിമാനങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തു. ജപ്പാന്റെ നഷ്ടം 66 സൈനികരും 29 വിമാനങ്ങളും അഞ്ച് ചെറുകപ്പലുകളുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News