Thursday, December 12, 2024

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 08

അമേരിക്കൻ മിഷനറിമാരായ ജോണിനെയും ബെറ്റി സ്റ്റാമിനെയും ചൈനീസ് കമ്മ്യൂണിസ്റ്റുകൾ കഴുത്തറുത്തു കൊലപ്പെടുത്തിയത് 1934 ഡിസംബർ എട്ടിനാണ്. മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ കണ്ടുമുട്ടിയ ഇവർ മരിക്കുന്നതിനു തൊട്ടുമുമ്പ് വിവാഹിതരായി. അവരുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചത് മിഷൻ പ്രവർത്തനം നടത്താൻ നൂറുകണക്കിന് ആളുകളെ പ്രേരിപ്പിച്ചു.

സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ ഓപ്പറേഷൻ അഥവാ സാർക്ക് രൂപപ്പെട്ടത് 1985 ഡിസംബർ എട്ടിനായിരുന്നു. ബംഗ്ലാദേശിലെ ധാക്കയിൽ വച്ചാണ്‌ സാർക്ക് ചാർട്ടർ ഒപ്പിട്ടത്. ദക്ഷിണേഷ്യയിൽ പ്രാദേശിക സഹകരണം ഉറപ്പുവരുത്തുകയാണ് സാർക്കിന്റെ ലക്ഷ്യം. 1980 ലാണ് ഇത്തരത്തിലൊരു ആശയം ആദ്യമായി ഉയർന്നത്. കൂടിയാലോചനകൾക്കുശേഷം ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ ഏഴ് സ്ഥാപകരാജ്യങ്ങളുടെ വിദേശകാര്യ സെക്രട്ടറിമാർ 1981 ഏപ്രിലിൽ കൊളംബോയിൽവച്ച് ആദ്യ കൂടിക്കാഴ്ച നടത്തി. അതിന്റെ ഭാഗമായാണ് ഡിസംബറിൽ സാർക്ക് ചാർട്ടർ ഒപ്പുവച്ചത്. 2005 ൽ അഫ്ഗാനിസ്ഥാനും സാർക്കിൽ അംഗമായി. നേപ്പാളിലെ കാഠ്മണ്ഡുവിലാണ് അസോസിയേഷന്റെ ആസ്ഥാനവും സെക്രട്ടറിയേറ്റും സ്ഥിതിചെയ്യുന്നത്.

2010 ഡിസംബർ എട്ടിനാണ് ആദ്യമായി ഒരു സ്വകാര്യ കമ്പനി വിജയകരമായി ബഹിരാകാശദൗത്യം പരീക്ഷിക്കുന്നത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ‘സ്പേസ് എക്സ്’ എന്ന കമ്പനിയാണ് ഈ പരീക്ഷണം നടത്തിയത്. ഫാൽക്കൺ 9 എന്ന ബഹിരാകാശ പേടകവും ഡ്രാഗൺ കാപ്സ്യൂളുമാണ് അന്ന് പരീക്ഷിച്ചത്. കേപ്പ് കാർണിവൽ എയർഫോഴ്സ് സ്റ്റേഷനിൽനിന്നായിരുന്നു വിക്ഷേപണം. ഭ്രമണപഥത്തിലെത്തിയ കാപ്സ്യൂൾ മൂന്നുമണിക്കൂറിനുശേഷം ഭൂമിയിൽ തിരിച്ചിറങ്ങി. കാലിഫോർണിയയ്ക്കു സമീപം പസഫിക് സമുദ്രത്തിലാണ് പേടകം പതിച്ചത്. നാസയുമായി സഹകരിച്ചാണ് സ്പേസ് എക്സ് ഈ ദൗത്യം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News