1601 ഫെബ്രുവരി 13 നാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ലണ്ടനിൽനിന്ന് അതിന്റെ ആദ്യയാത്ര പുറപ്പെടുന്നത്. ജോൺ ലാൻകാസ്റ്ററായിരുന്നു നാലു കപ്പലുകളിലായി പുറപ്പെട്ട സംഘത്തിന്റെ തലവൻ. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന് അറിയപ്പെട്ട കമ്പനി ഓഫ് മർച്ചന്റ്സ് ഓഫ് ലണ്ടൻ ട്രേഡിംഗ് വിത്ത് ദി ഈസ്റ്റ് ഇൻഡീസ് എന്ന പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട കമ്പനിയിലെ അംഗമായിരുന്നു അദ്ദേഹം. പൂർവദേശങ്ങളുമായുള്ള ബ്രിട്ടന്റെ കച്ചവടങ്ങൾക്ക് കുത്തകാവകാശം സ്വന്തമാക്കിയ കമ്പനിയായിരുന്നു അത്. സുമാത്രയിലെയും ജാവയിലെയും കുരുമുളക് വിളയുന്ന ദ്വീപുകൾ തേടിയായിരുന്നു അവരുടെ യാത്ര. സൗത്താഫ്രിക്കയുടെ തീരപ്രദേശങ്ങളിലൂടെ ഇന്ത്യൻ മഹാസമുദ്രം താണ്ടി സുമാത്രയിലും ബറ്റ്നാമിലും എത്തിച്ചേർന്ന നാലു കപ്പലുകൾ രണ്ടു വർഷങ്ങൾക്കുശേഷം 1603 ലാണ് നിറയെ കുരുമുളകുമായി ലണ്ടനിൽ തിരിച്ചെത്തിയത്.
1960 ഫെബ്രുവരി 13 നാണ് ഫ്രാൻസ് അതിന്റെ ആദ്യത്തെ ആറ്റംബോംബ് പരീക്ഷണം നടത്തിയത്. സഹാറാ മരുഭൂമിയിലായിരുന്നു പരീക്ഷണം. ജെർബ്വാസ് ബ്ല്യൂ എന്ന കോഡ് നെയിമിൽ 70 ടൺ ഭാരമുള്ള ബോംബ് പരീക്ഷണം നടത്തിയതിലൂടെ ഫ്രാൻസ് ലോകത്തിലെ നാലാമത്തെ ന്യൂക്ലിയർ രാഷ്ട്രമായി മാറി. ഫെബ്രുവരി 13 ന് നടത്തിയത്, തുടർന്നുവന്ന നാല് അണുപരീക്ഷണങ്ങളിലെ ആദ്യത്തേതായിരുന്നു. അന്നുവരെ പലരാജ്യങ്ങളും നടത്തിയതിൽവച്ച് ഏറ്റവും വലിയതായിരുന്നു ഫ്രാൻസിന്റെ അണുബോബ് പരീക്ഷണം. ഹിരോഷിമയെ നാമാവശേഷമാക്കിയ ആറ്റംബോംബിന്റെ നാലിരട്ടിയായിരുന്നു അതിന്റെ പ്രഹരശേഷി എന്ന വസ്തുത മാത്രം മതി ജെർബ്വാസ് ബ്ല്യൂവിന്റെ വലിപ്പമറിയാൻ.
2008 ൽ ഇതേ ദിവസമാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി കെവിൻ റുഡ്ഡ് തന്റെ രാജ്യത്തെ ഗോത്രജനതയോട് ക്ഷമാപണം നടത്തിയത്. അനേകവർഷങ്ങളായി രാജ്യം നിർമ്മിച്ച നിയമങ്ങളും നടപ്പിലാക്കിയ പദ്ധതികളും അവർക്കേൽപിച്ച ആഘാതം വലുതാണെന്ന തിരിച്ചറിവിൽനിന്നാണ് ആദിവാസി ജനതയോടും മോഷ്ടിക്കപ്പെട്ട തലമുറകളോടും രാജ്യത്തിനുവേണ്ടി അദ്ദേഹം ക്ഷമാപണം നടത്തിയത്. തദ്ദേശീയ ജനതയ്ക്കായി നടപ്പിൽവരുത്തിയ ക്ഷേമപദ്ധതികളുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ വളർത്താനായി കുടുംബങ്ങളിൽ നിന്ന് നിർബന്ധിതമായി അകറ്റപ്പെട്ട തലമുറകളെയാണ് ‘മോഷ്ടിക്കപ്പെട്ട തലമുറ’ എന്ന വാക്ക് കൊണ്ട് വിവക്ഷിക്കുന്നത്. ചില കുടുംബങ്ങൾക്ക് മൂന്നും നാലും തലമുറകളിലെ കുട്ടികളെയാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്.
2021ഫെബ്രുവരി 13 നാണ് ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി മാരിയോ ദ്രാഗി ചുമതലയേറ്റത്. ആഴ്ചകളായി ഇറ്റലിയിൽ തുടർന്നുവന്ന രാഷ്ട്രീയപ്രതിസന്ധികൾക്കാണ് ഇതോടെ അവസാനമായത്. 93,000 ത്തോളം ആളുകൾ കോവിഡ് 19 നെ തുടർന്ന് മരണമടഞ്ഞതിലൂടെ ആരോഗ്യമേഖലയടക്കം നേരിട്ട വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ അന്നത്തെ പ്രധാനമന്ത്രി ജസേപ്പേ കോന്തെയുടെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യത്തിൽനിന്ന് ഇറ്റാലിയ വിവ പാർട്ടി പിൻമാറിയതോടെയാണ് രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. ജസേപ്പേ കോന്തെ രാജിവച്ചതോടെയാണ് സാമ്പത്തിക വിദഗ്ദ്ധനായ മാരിയോ ദ്രാഗിക്ക് നറുക്കു വീണത്.