രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1946 മുതൽ 1957 ഫെബ്രുവരി 16 വരെ ബ്രിട്ടനിൽ വൈകുന്നേരം ആറുമണി മുതൽ ഏഴുമണി വരെ ടെലിവിഷൻ സംപ്രേഷണം ഉണ്ടായിരുന്നില്ല. ടോഡ്ലേഴ്സ് ട്രൂസ് എന്നപേരിൽ ബ്രിട്ടൻ നടപ്പിലാക്കിയ ബ്രോഡ്കാസ്റ്റിംഗ് പോളിസിയുടെ ഭാഗമായാണ് സംപ്രേഷണം നിർത്തിവച്ചിരുന്നത്. കുട്ടികളെ ടെലിവിഷനു മുന്നിൽനിന്നും മാറ്റി, ഉറക്കാൻ അമ്മമാർക്ക് സൗകര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയം നടപ്പിലാക്കിയത്. ബ്രിട്ടനിലെ ഏക ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ ബി ബി സി ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗം കൂടിയായിരുന്നു ടോഡ്ലേഴ്സ് ട്രൂസ്. 1955 ൽ ബ്രിട്ടനിലെ ആദ്യത്തെ വ്യാവസായിക ടെലിവിഷൻ ചാനലായി ഐ ടിവി നിലവിൽ വന്നതോടെയാണ് സംപ്രേഷണം നിർത്തിവയ്ക്കുന്നതിനെ സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുത്തത്. പരസ്യവരുമാനത്തിൽ പ്രവർത്തിച്ചിരുന്ന ഐ ടിവി ക്ക് ഒരുമണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. അവർ സർക്കാരിൽ ചെലുത്തിയ സമ്മർദത്തിന്റെ ഭാഗമായാണ് ടോഡ്ലേഴ്സ് ട്രൂസ് പിൻവലിച്ചത്. 1957 ഫെബ്രുവരി 16 ശനിയാഴ്ച സിക്സ്ഫൈവ് സ്പെഷ്യൽ എന്ന സംഗീതപരിപാടി സംപ്രേഷണം ചെയ്ത് ടോഡ്ലേഴ്സ് ട്രൂസ് അവസാനിച്ചു.
ക്യൂബയിൽ ഏറ്റവുമധികം കാലം ഭരണാധികാരിയായിരുന്ന ഫിഡൽ കാസ്ട്രോ ആദ്യമായി അധികാരത്തിലെത്തുന്നത് 1959 ഫെബ്രുവരി 16 നാണ്. പഠനശേഷം അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടെങ്കിലും രാഷ്ട്രീയത്തോടും വിപ്ലവപ്രവർത്തനങ്ങളോടുമുള്ള താൽപര്യംമൂല്യം അദ്ദേഹം സോഷ്യൽ ഡെമോക്രാറ്റിക് ഓർത്തഡോക്സ് പാർട്ടിയിൽ അംഗത്വം നേടി. ഈ പാർട്ടി, പ്രസിഡന്റ് ബാറ്റിസ്റ്റയുടെ ഭരണത്തെ ശക്തിയുക്തമായി വിമർശിച്ചുവന്നു. മെക്സിക്കോയിൽവച്ച് അദ്ദേഹം 26 ഓഫ് ജൂലായ് മൂവ്മെന്റ് എന്ന വിപ്ലവപ്രസ്ഥാനത്തിനു രൂപംനൽകി. ക്യൂബയിലേക്കു മടങ്ങാനും ബാറ്റിസ്റ്റക്കെതിരെ പൊരുതാനും പദ്ധതിയിട്ടു. 1956 ഡിസംബറിൽ കാസ്ട്രോ, സഹോദരൻ റൗൾ, ചെഗുവേര തുടങ്ങിയവരടങ്ങുന്ന സംഘം ഒരു ബോട്ടിൽ യാത്രചെയ്ത് ക്യൂബൻ തീരത്തെത്തി. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കാസ്ട്രോയുടെ സംഘം പരാജയം ഏറ്റുവാങ്ങി. കാസ്ട്രോ ഉൾപ്പെടെ കുറച്ചുപേർ മാത്രമാണ് രക്ഷപെട്ടത്. പർവതപ്രദേശത്തേക്കു കടന്ന കാസ്ട്രോ, ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ ഗറില്ലാ സമരമുറ പ്രയോഗിച്ചു. വിദ്യാർഥികളും നഗരവാസികളുമെല്ലാം ബാറ്റിസ്റ്റക്കെതിരെ തിരിഞ്ഞു. പിടിച്ചുനിൽക്കാനാകാതെ 1959 ജനവരി ഒന്നിന് ബാറ്റിസ്റ്റ പലായനം ചെയ്തു. അങ്ങനെ കാസ്ട്രോ അധികാരത്തിലേറി. 1959 ഫിബ്രവരി 16 മുതൽ 1976 ഡിസംബർ രണ്ടുവരെ പ്രധാനമന്ത്രിയായും അതിനുശേഷം പ്രസിഡന്റായും അദ്ദേഹം ക്യൂബ ഭരിച്ചു. രാഷ്ട്രത്തിന്റെ സർവസൈന്യാധിപനും കാസ്ട്രോയായിരുന്നു. ക്യൂബയിൽ ഏറ്റവുമധികം കാലം രാഷ്ട്രത്തലവനായ വ്യക്തിയാണ് കാസ്ട്രോ. ആറു തവണയാണ് ക്യൂബയുടെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. അധികാരത്തിൽ എത്തിയതിനുപിന്നാലെ രാജ്യത്തെ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവൽക്കരിക്കുകയും ചെയ്തു.
അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിന്റെ തോത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിക്കപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയായ ക്യോട്ടോ പ്രോട്ടോക്കോൾ നടപ്പിൽ വന്നത് 2005 ഫെബ്രുവരി 16 നാണ്. 1997 ഡിസംബർ 11 ന് ജപ്പാനിലെ ക്യോട്ടോയിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. ക്യോട്ടോ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള വിശദമായ ചട്ടങ്ങൾ 2001 ലെ ജൈവവൈവിധ്യ സമ്മേളനത്തിലാണ് സ്വീകരിക്കപ്പെട്ടത്. ആഗോളതാപനിലയിലുണ്ടാകുന്ന വർധനവ് ലോക കാലാവസ്ഥയിൽ ആശങ്കയുണർത്തുന്ന സാഹചര്യത്തിലാണ് ക്യോട്ടോ ഉടമ്പടി രൂപവത്കൃതമാകുന്നത്. ക്യോട്ടോ പ്രോട്ടോക്കോൾ നടപ്പിൽ വരണമെങ്കിൽ United Nations Framework Convention on Climate Change ൽ ഉൾപ്പെട്ടിരിക്കുന്ന 55 രാജ്യങ്ങളെങ്കിലും അംഗീകരിക്കണമായിരുന്നു. 2002 മേയ് 23 ന് ഐസ് ലാൻഡ് അമ്പത്തിഅഞ്ചാമത്തെ രാജ്യമായി ക്യോട്ടോ ഉടമ്പടി അംഗീകരിച്ചു. 2004 നവംബറിൽ റഷ്യയും കരാർ അംഗീകരിച്ചതുവഴി 2005 ഫെബ്രുവരി 16 ന് ക്യോട്ടോ പ്രോട്ടോക്കോൾ നിലവിൽ വന്നു. ആഗോളതാപനത്തിനു കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നത് സംബന്ധിച്ചും പിന്നാക്ക രാജ്യങ്ങൾക്ക് നല്കുന്ന കാലാവസ്ഥാ ഫണ്ട് സംബന്ധിച്ചും അഭിപ്രായഭിന്നത നിലനിന്നിരുന്നെങ്കിലും, പാരിസ് കാലാവസ്ഥാ ഉച്ചകോടിയിൽ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള കരാറിന് ധാരണയായി. അതുപ്രകാരം ക്യോട്ടോ പ്രോട്ടോക്കോളിന് പകരമായി 2015 ൽ പാരീസ് ഉടമ്പടി നിലവിൽവന്നു.