Friday, February 7, 2025

ചരിത്രത്തിൽ ഈ ദിനം: ഫെബ്രുവരി 04

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറ്റിയ ചൗരീ ചൗരാ സംഭവം നടന്നത് 1944 ഫെബ്രുവരി നാലിനായിരുന്നു. ഉത്തർപ്രദേശിലെ ചൗരി ചൗര ഗ്രാമത്തിൽ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തീവച്ച് 22 പൊലീസുകാരെ കൊലപ്പെടുത്തിയ ഈ സംഭവത്തെ ദേശീയസമരമായാണ് രാജ്യം ആദരിക്കുന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ജാഥ നടത്തുകയായിരുന്ന ജനങ്ങൾക്കുനേരെ ബ്രിട്ടീഷ് സർക്കാരിന്റെ പൊലീസ് നടത്തിയ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടതാണ് സംഘർഷത്തിനു തുടക്കമിട്ടത്. സമരം അക്രമത്തിലേക്കു വഴിമാറിയതിൽ ദുഃഖിതനായ ഗാന്ധിജി, നിസ്സഹകരണ സമരം നിർത്തിവച്ചു. അഹിംസാമാർഗം നടപ്പാക്കാൻ ജനങ്ങൾ പ്രാപ്തരായിട്ടില്ലെന്ന് അദ്ദേഹം വിധിയെഴുതി. ചൗരി ചൗര സംഭവത്തിന്റെപേരിൽ തൂക്കിലേറ്റപ്പെട്ട 19 പേരെയും രാജ്യം രക്തസാക്ഷികളായാണ് ആദരിക്കുന്നത്.

രാജ്യത്ത് സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ലയായി എറണാകുളം മാറിയത് 1990 ഫെബ്രുവരി നാലിനായിരുന്നു. പ്രധാനമന്ത്രിയായിരുന്ന വി. പി. സിംഗാണ് ഈ പ്രഖ്യാപനം നടത്തിയത്. 1988 ൽ അന്നത്തെ എറണാകുളം ജില്ലാ കളക്ടറായിരുന്ന കെ. ആർ. രാജൻ ദേശീയ സാക്ഷരതാ മിഷന് സമർപ്പിച്ച പ്രൊജക്ടിന്റെ ഭാഗമായി 80 ലക്ഷം രൂപാ സാക്ഷരതാപ്രവർത്തനങ്ങൾക്കായി അനുവദിച്ചുകിട്ടി. അതുപ്രകാരം അഞ്ചു വയസ്സിനും 60 വയസ്സിനുമിടയിലുള്ള ആളുകളെ സാക്ഷരരാക്കുന്നതിനായി 1989 ജനുവരി 26 ന് സാക്ഷരതാപദ്ധതി ആരംഭിച്ചു. ജില്ലയിലെ വീടുകൾതോറും നടത്തിയ സർവേയിൽ 1,74,624 പേർ നിരക്ഷരരാണെന്ന് കണ്ടെത്തി. തുടർന്ന് 22,000 ഓളം സന്നദ്ധസേവകരുടെ സഹായത്തോടെ നടപ്പാക്കിയ ദൗത്യമാണ് 1990 ഫെബ്രുവരി നാലിന് വിജയം കണ്ടത്.

2004 ഫെബ്രുവരി നാലിനാണ് ഫേസ്ബുക്ക് സ്ഥാപിതമായത്. ഹാർവാഡ് സർവകലാശാലയിലെ വിദ്യാർഥികൾക്കുമാത്രമാണ് അന്ന് അത് ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. ‘ദി ഫേസ്ബുക്ക് ഡോട്ട് കോം’ എന്നായിരുന്നു ആദ്യ ടൈറ്റിൽ. മാർക്ക് സുക്കർബർഗും സഹപാഠികളുമായിരുന്നു ഫേസ്ബുക്കിന്റെ സ്ഥാപകർ. കോളേജ് വിദ്യാർഥികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡയറക്ടറി എന്ന രീതിയിലാണ് തങ്ങൾ ഇത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സഹസ്ഥാപകരിലൊരാളായ ക്രിസ് ഹ്യൂഗ്സ് അന്ന് പറഞ്ഞത്. പിന്നീട് 2005 ൽ ടൈറ്റിലിൽ നിന്ന് ദി എന്നത് മാറ്റി ഫേസ്ബുക്ക് എന്ന് മാത്രമാക്കി. 2006 ൽ ആർക്കും ഉപയോഗിക്കാവുന്ന പബ്ലിക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായി ഇത് മാറി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News