വാർത്താധിഷ്ഠിത അമേരിക്കൻ ആഴ്ചപ്പതിപ്പായ ന്യൂസ് മാഗസിൻ ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ചത് 1933 ഫെബ്രുവരി 17 നാണ്. പ്രസിദ്ധമായ ടൈം മാസികയിൽ ഫോറിൻ എഡിറ്ററായി സേവനം ചെയ്തിരുന്ന തോമസ് മാർട്ടിനാണ് ന്യൂസ് വീക്കിന്റെ സ്ഥാപകൻ. ആദ്യപതിപ്പിന്റെ കവർചിത്രമായി ആ ആഴ്ചയിൽ നടന്ന പ്രധാനപ്പെട്ട ഏഴ് സംഭവങ്ങളുടെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. 10 സെന്റായിരുന്നു ഒരു കോപ്പിയുടെ വില. വാർഷിക വരിസംഖ്യ നാലു ഡോളറും. 50,000 കോപ്പികളാണ് ആദ്യകാലങ്ങളിൽ അച്ചടിച്ചിരുന്നത്. 1961 ൽ ദി വാഷിംഗ്ടൺ പോസ്റ്റ് കമ്പനി ന്യൂസ് വീക്ക് സ്വന്തമാക്കി. ഇപ്പോൾ ലോകത്താകമാനം ആഴ്ചപ്പതിപ്പിന്റെ നാല് മില്യൺ കോപ്പികളാണ് വിറ്റഴിക്കപ്പെടുന്നത്.
1979 ൽ ഇതേ ദിവസമാണ് പതിനായിരക്കണക്കിന് ചൈനീസ് സൈനികർ വിയറ്റ്നാമിന്റെ വടക്കൻ അതിർത്തിക ടന്ന് അതിനെ കീഴടക്കിയത്. രണ്ടു രാജ്യങ്ങളും പങ്കിടുന്ന 600 കിലോമീറ്റർ നീളമുള്ള അതിർത്തിയിലാണ് യുദ്ധം നടന്നത്. 1975 ൽ അവസാനിച്ച വിയറ്റ്നാം യുദ്ധത്തിനുശേഷം രാജ്യം സോവിയറ്റ് യൂണിയനുമായി സഖ്യം ചേർന്നതും ചൈനീസ് വിരുദ്ധവും സോവിയറ്റ് അനുകൂലവുമായ നയങ്ങൾ രൂപീകരിച്ചതുമാണ് ചൈനയെ ചൊടിപ്പിച്ചത്.
ഇന്തോനേഷ്യയിൽ 108 പേർ മരിക്കുകയും 423 പേർക്ക് പരിക്കേൽക്കുകയും 58 പേരെ കാണാതാവുകയും ചെയ്ത ഭൂമികുലുക്കവും സുനാമിയുമുണ്ടായത് 1996 ഫെബ്രുവരി 17 നാണ്. ഇന്തോനേഷ്യയുടെ ഭാഗമായിരുന്ന ബിയാക് എന്ന ദ്വീപിലാണ് ദുരന്തമുണ്ടായത്. 8.2 തീവ്രത രേഖപ്പെടുത്തിയ ഭീകരമായ ഭൂകമ്പമാണ് അന്ന് പുലർച്ചെ ആദ്യമുണ്ടായത്. കുറച്ച് മണിക്കൂറുകൾക്കുശേഷം 23 അടി ഉയരത്തിൽ സുനാമിത്തിരമാലകൾ ദ്വീപിലേക്ക് ഇരച്ചെത്തി. 160 ഓളം പേർ മരിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്. 5090 പേർ ഭവനരഹിതരായി.
സെർബിയയിൽ നിന്ന് കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതും ഒരു ഫെബ്രുവരി 17 നാണ്; 2008 ലാണത്. 2005 ൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യത്തിനായുള്ള ചർച്ചകൾ ആരംഭിച്ചത്. സെർബിയയുമായുള്ള ചർച്ചകൾ തുടർച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് കൊസോവോ സ്വാതന്ത്ര്യപ്രഖ്യാപനം എന്ന തീരുമാനത്തിലേക്കെത്തിയത്. എന്നാൽ റഷ്യയുടെ പിൻബലത്തോടെ സെർബിയ ഈ പ്രഖ്യാപനം നിയമപരമല്ല എന്ന് വാദിച്ചു. പിന്നീട് ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് കൊസോവോ നിയമലംഘനം നടത്തിയിട്ടില്ല എന്ന് കണ്ടെത്തിയെങ്കിലും അത് അംഗീകരിക്കാൻ സെർബിയ തയ്യാറായില്ല.