Sunday, February 2, 2025

ചരിത്രത്തിൽ ഈ ദിനം: ഫെബ്രുവരി 02

2006 ഫെബ്രുവരി രണ്ടിനാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം ഏറ്റവും കുറഞ്ഞത് നൂറു ദിവസത്തെ തൊഴിൽദിനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ രാജ്യത്തെ 200 ജില്ലകളിലാണ് തൊഴിലുറപ്പ് ആരംഭിച്ചത്. കേരളത്തിൽ വയനാട്, പാലക്കാട് ജില്ലകളിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയത്. തൊഴിൽ ഒരു അവകാശമായി അംഗീകരിച്ച് അവ തൊഴിലാളികൾക്ക് ലഭ്യമാക്കുക, ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവ അടിത്തറ ശക്തിപ്പെടുത്തുക, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയും പഞ്ചായത്തി രാജ് സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുക, എന്നിവയൊക്കെയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങൾ.

ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയമായ ഇന്ത്യൻ മ്യൂസിയം സ്ഥാപിക്കപ്പെട്ടത് 1814 ഫെബ്രുവരി രണ്ടിനാണ്. ഇംപീരിയൽ മ്യൂസിയം എന്നും ഇത് അറിയപ്പെടുന്നു. ബംഗാളിലെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ കീഴിൽ കൽക്കട്ടയിലാണ് ഇത് സ്ഥാപിതമായത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മാത്രമല്ല, ഏഷ്യ പസഫിക് മേഖലയിലെ തന്നെ ഏറ്റവും പഴയതും വലുതുമായ വിവിധോദ്ദേശ്യ മ്യൂസിയമാണിത്. രാജ്യത്തിന്റെ സാമൂഹിക സാംസ്കാരിക ശാസ്ത്രനേട്ടങ്ങൾക്കു തുടക്കമിടുന്ന ഒരു സുപ്രധാന യുഗത്തിന്റെ തുടക്കമായിരുന്നു മ്യൂസിയത്തിന്റെ സ്ഥാപനം.

1943 ഫെബ്രുവരി രണ്ടിനായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിലെ സുപ്രധാന വഴിത്തിരിവായ സ്റ്റാലിൻ ഗ്രാൻഡ് യുദ്ധം അവസാനിച്ചത്. രണ്ടാം ലോക മഹായുദ്ധസമയത്ത് റഷ്യയിലെ സ്റ്റാലിൻ ഗ്രാൻഡ് നഗരത്തിൽ സൈന്യം നടത്തിയ വിജയകരമായ പ്രതിരോധമായിരുന്നു അത്. സോവിയറ്റ് യൂണിയനിലേക്കുള്ള ജർമൻ മുന്നേറ്റത്തെ തടഞ്ഞ് സഖ്യകക്ഷികൾക്ക് യുദ്ധത്തിൽ മുൻതൂക്കം നൽകിയ സംഭവമായിരുന്നു സ്റ്റാലിൻഗ്രാഡ് യുദ്ധം. നഗരം പിടിച്ചെടുക്കാൻ ജർമനി നടത്തിയ ശ്രമത്തെ ചെറുക്കാൻ ഓപ്പറേഷൻ യുറാനസ് എന്ന പേരിൽ സോവിയറ്റ് യൂണിയൻ ഒരു പ്രത്യാക്രമണം നടത്തുകയും നഗരം വളഞ്ഞ ജർമൻ സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തതോടെയാണ് യുദ്ധം അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News