രണ്ടാം ആഗ്ലോ-സിഖ് യുദ്ധത്തിന്റെ ഭാഗമായ ചില്ലിയൻവാല യുദ്ധം നടന്നത് 1849 ജനുവരി 13 നായിരുന്നു. പഞ്ചാബിലെ ചില്ലിയൻവാല എന്ന ഗ്രാമത്തിൽ വച്ചാണ് യുദ്ധം നടന്നത്. ബ്രിട്ടീഷ് സൈന്യവും ബംഗാൾ പ്രസിഡൻസിയുടെ സൈന്യവും പഞ്ചാബ് സൈന്യത്തിനും സിഖുകാർക്കുമെതിരെ നടത്തിയ യുദ്ധമായിരുന്നു ഇത്. പഞ്ചാബ് പ്രവിശ്യയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലാക്കുക എന്നതായിരുന്നു ലക്ഷ്യം. പന്ത്രണ്ടായിരം ബ്രിട്ടീഷ് സൈനികർക്കെതിരെ മുപ്പത്തി അയ്യായിരം സിഖ് സൈനികരാണ് യുദ്ധത്തിൽ അണിനിരന്നത്. യുദ്ധത്തിനൊടുവിൽ ഇരുവിഭാഗവും പിൻവാങ്ങുകയും വിജയം അവകാശപ്പെടുകയും ചെയ്തു. യുദ്ധം നടന്ന ചില്ലിയൻവാല ഇന്ന പാക്കിസ്ഥാന്റെ ഭാഗമാണ്.
ആദ്യ പബ്ലിക് റേഡിയോ പ്രക്ഷേപണം നടന്നത് 1910 ജനുവരി 13 നായിരുന്നു. ന്യൂയോർക്കിലെ ഒരു മെട്രോപോളിറ്റൻ ഒപ്പറ ഹൗസിൽ നടന്ന പെർഫോമൻസാണ് അന്ന് ലൈവായി പ്രക്ഷേപണം ചെയ്തത്. ലീ ഡി ഫോറസ്റ്റ് എന്ന ശാസ്ത്രജ്ഞനാണ് ഈ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. അദ്ദേഹം വികസിപ്പിച്ച ഓഡിയോൺ ട്യൂബ് ഉപയോഗിച്ചായിരുന്നു പരീക്ഷണം. സ്റ്റേജിനു പിന്നിൽ ഘടിപ്പിച്ച ട്രാൻസ്മിറ്ററും മേൽക്കൂരയിൽ ഘടിപ്പിച്ച ആന്റിനയും ഉപയോഗിച്ചാണ് പരിപാടികൾ പ്രക്ഷേപണം ചെയ്തത്. ന്യൂയോർക്ക് നഗരത്തിൽ മുൻകൂട്ടി പരസ്യപ്പെടുത്തി സ്ഥാപിച്ചിരുന്ന റേഡിയോ സെറ്റുകളിലാണ് അന്ന് ഒപ്പറ ഹൗസിലെ പരിപാടികൾ തത്സമയം ലഭ്യമാക്കിയത്. ശബ്ദം വ്യക്തമല്ലായിരുന്നുവെങ്കിലും 20 കിലോമീറ്ററകലെ ഉൾക്കടലിൽ കിടന്ന കപ്പലിൽപോലും ശബ്ദം കേൾക്കാൻ കഴിഞ്ഞു എന്ന് പറയപ്പെടുന്നു. ഈ പരീക്ഷണത്തിന്റെ വാർഷികം പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ദിനമായി ആചരിക്കുന്നു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചത് 1937 ജനുവരി 13 നായിരുന്നു. തീണ്ടലും തൊടീലും മൂലം അതുവരെ ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെട്ട ഒരുകൂട്ടം ആളുകളും അന്ന് ഗാന്ധിജിയോടൊപ്പമുണ്ടായിരുന്നു. അതോടെയാണ് അവർണർക്ക് ക്ഷേത്രപ്രവേശനാവകാശം നേടിക്കൊടുത്ത തിരുവിതാംകൂറിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം യാഥാർഥ്യമായത്. 1936 നവംബർ 12 ന് തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചെങ്കിലും ഗാന്ധിജിയെ പങ്കെടുപ്പിച്ച് വിളംബരാഘോഷം നടത്തിയശേഷം നിയമം പ്രാബല്യത്തിൽ വരുത്തിയാൽ മതി എന്ന ഉദ്യോഗസ്ഥ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ഗാന്ധിജിയോടൊപ്പം ഹരിജനങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ച് ചരിത്രം കുറിച്ചത്.