Friday, April 11, 2025

ചരിത്രത്തിൽ ഈ ദിനം: ജനുവരി 11

പ്രമേഹ ചികിത്സയ്ക്ക് ആദ്യമായി ഇൻസുലിൻ ഉപയോഗിച്ചത് 1922 ജനുവരി 11 നാണ്. 1921 ൽ സർ ഫ്രെഡറിക് ജി ബാന്റിങാണ് ഇൻസുലിൻ കണ്ടെത്തിയത്. പാർശ്വഫലങ്ങളില്ലാത്തവിധം ഇൻസുലിനെ ശുദ്ധീകരിച്ചത് ജെയിംസ് ബി കോളിപ് എന്ന ശാസ്ത്രജ്ഞനായിരുന്നു. ടൈപ്പ് 1 ഡയബറ്റിസ് ബാധിച്ച് മരണക്കിടക്കയിലായിരുന്ന ലിയോനാർഡ് തോംപ്സൺ എന്ന 14 വയസ്സുകാരനാണ് ആദ്യമായി ഇൻസുലിൻ ഇഞ്ചക്ഷൻ സ്വീകരിച്ചത്. അപകടകരമായ നിലയിൽ ഉയർന്നുനിന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് 24 മണിക്കൂറിനുള്ളിൽ താഴ്ന്നു. എന്നാൽ ഇഞ്ചക്ഷനെടുത്ത ശരീരഭാഗത്ത് ഒരു മുഴ രൂപപ്പെട്ടു. അതിനുശേഷം ഇൻസുലിനെ കൂടുതൽ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങൾ കോളിപ് നടത്തി. ജനുവരി 23 ന് വീണ്ടും ഒരിക്കൽകൂടി തോംപ്സണ് ഇഞ്ചക്ഷൻ നൽകി. ഇത്തവണ പഞ്ചസാരയുടെ നില സാധാരണഗതിയിലേക്ക് താഴ്ന്നു എന്നു മാത്രമല്ല, പാർശ്വഫലങ്ങൾ ഒന്നുംതന്നെ ഉണ്ടായതുമില്ല. ഇതിനുശേഷം 1922 മെയ് മൂന്നിനാണ് ഇൻസുലിന്റെ കണ്ടെത്തലിനെ സംബന്ധിച്ച പ്രബന്ധം വാഷിംഗ്ടണിലെ അസോസിയേഷൻ ഓഫ് അമേരിക്കൻ ഫിസിഷ്യൻസിന്റെ മീറ്റിംഗിൽ അവതരിപ്പിക്കപ്പെടുന്നത്.

1935 ജനുവരി 11 നാണ് അമേലിയ എർഹാർട്ട്, ഹവായ് മുതൽ അമേരിക്ക വരെ ഒറ്റയ്ക്കുള്ള തന്റെ ആകാശയാത്ര ആരംഭിച്ചത്. 2,408 കിലോമീറ്റർ ദൂരമാണ് അവർ ആകാശമാർഗം സഞ്ചരിച്ചത്. പസഫിക് സമുദ്രത്തിനു മുകളിലൂടെയുള്ള യാത്ര 19 മണിക്കൂറുകളെടുത്താണ് അവർ പൂർത്തീകരിച്ചത്. ചാൾസ് ലിൻഡ്ബെർഗിന്റെ പ്രസിദ്ധമായ ട്രാൻസ് അറ്റ്ലാന്റിക് യാത്രയെക്കാൾ 600 മൈൽ അധികം ദൂരം ഈ യാത്രയിൽ അമേലിയ പിന്നിട്ടു. ഹവായ് മുതൽ അമേരിക്കവരെ ഏകയായി ആകാശമാർഗം സഞ്ചരിക്കുന്ന ആദ്യവ്യക്തിയായിരുന്നു അമേലിയ. അതിനുമുമ്പും അനേകർ ഇതേ മാർഗത്തിൽ യാത്രചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. സാഹസികമായ ഈ യാത്രയ്ക്കിടയിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ബേ തടവറയിൽ ആദ്യ തടവുകാർ എത്തിച്ചേർന്നത് 2002 ജനുവരി 11 നായിരുന്നു. ക്യൂബയിൽ സ്ഥിതിചെയ്യുന്ന അമേരിക്കൻ തടവറയാണ് ഗ്വാണ്ടാനാമോ ബേ. 2001 സെപ്റ്റംബർ 11 ന് ലോകവ്യാപാര കേന്ദ്രത്തിലുണ്ടായ ആക്രമണത്തിനുശേഷം, അമേരിക്ക തീവ്രവാദത്തിനെതിരെ പ്രഖ്യാപിച്ച യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തടവറ നിർമിക്കപ്പെട്ടത്. 2001 നവംബർ 13 ന് പ്രസിഡന്റ് ജോർഡ് ഡബ്‌ള്യൂ. ബുഷ് പുറപ്പെടുവിച്ച സൈനിക കൽപന അമേരിക്കക്കാരല്ലാത്ത ആളുകളെ അനിശ്ചിതകാലത്തേക്ക് തടവിൽ വയ്ക്കാനുള്ള അനുമതി നൽകി. അതുപ്രകാരം ഗ്വാണ്ടനാമോ ബേയിൽ തടവിലാക്കപ്പെടുന്നവർക്കുവേണ്ടി ഹേബിയസ് കോർപ്പസ് പോലും ഫയൽ ചെയ്യാനാകില്ലായിരുന്നു. തടവറയിൽ ആദ്യ തടവുകാരായി എത്തിയത് 20 ആളുകളായിരുന്നു. ഗ്വാണ്ടനാമോ ബേയിലെ എക്സ്-റേ എന്ന ക്യാമ്പിലാണ് അവരെ പാർപ്പിച്ചത്. അഫ്ഗാൻ സ്വദേശികളായിരുന്ന ഇവരെ അതുവരെ അഫ്ഗാനിസ്ഥാനിലായിരുന്നു തടവിൽ പാർപ്പിച്ചിരുന്നത്.

Latest News