Tuesday, January 21, 2025

ചരിത്രത്തിൽ ഈ ദിനം: ജനുവരി 16

1742 മുതൽ 1763 വരെ നിണ്ട ആംഗ്ലോ – ഫ്രഞ്ച് യുദ്ധങ്ങളുടെ ഭാഗമായി ബ്രിട്ടീഷുകാർ ആദ്യമായി പോണ്ടിച്ചേരി പിടിച്ചെടുത്തത് 1761 ജനുവരി 16 നായിരുന്നു. 1760 സെപ്റ്റംബർ നാലിന് ആരംഭിച്ച ഉപരോധമാണ് ജനുവരി 16 ന് ഫ്രഞ്ച് കൊളോണിയൽ ഔട്ട് പോസ്റ്റിനെ പ്രതിരോധിക്കുന്ന സൈന്യത്തെ കീഴടക്കിയതോടെ വിജയം കണ്ടത്. എന്നാൽ 1763 ലെ പാരീസ് ഉടമ്പടിയുടെ ഭാഗമായി ബ്രിട്ടീഷുകാർ പോണ്ടിച്ചേരി വീണ്ടും ഫ്രാൻസിന് വിട്ടുനൽകി. 1793 ൽ ഫ്രഞ്ച് വിപ്ലവകാലത്ത് ഒരിക്കൽകൂടി ബ്രിട്ടീഷുകാർ ഈ സ്ഥലം കൈവശപ്പെടുത്തിയെങ്കിലും 1814 ൽ വീണ്ടും ഫ്രാൻസിന് തിരികെ നൽകി. പിന്നീട് ബ്രിട്ടീഷുകാർക്ക് ഇന്ത്യ മുഴുവൻ അധികാരം കൈവന്നപ്പോഴും പോണ്ടിച്ചേരി ഉൾപ്പെടെയുള്ള ചില സ്ഥലങ്ങൾ ഫ്രഞ്ച് കോളനികളായിത്തന്നെ നിലനിന്നു. 1954 ലാണ് ഫ്രാൻസിന്റെ ആധിപത്യം ഇവിടെനിന്ന് പൂർണ്ണമായും ഒഴിവായത്.

കുവൈറ്റിൽനിന്ന് ഇറാഖ് അധിനിവേശസേനയെ തുരത്താനുള്ള സഖ്യകക്ഷികളുടെ സൈനിക മുന്നേറ്റം ആരംഭിച്ചത് 1991 ജനുവരി 16 നായിരുന്നു. ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം എന്നായിരുന്നു ഈ സൈനിക മുന്നേറ്റം അറിയപ്പെട്ടത്. അമേരിക്കയുടെ നേതൃത്വത്തിൽ രണ്ട് ഡസനോളം രാജ്യങ്ങൾ ഒമ്പതുലക്ഷം സൈനികരെയാണ് ഓപ്പറേഷനായി നിയോഗിച്ചത്. കുവൈത്തിൽനിന്ന് പിന്മാറാൻ ഇറാഖിന് ഐക്യരാഷ്ട്ര സഭ അനുവദിച്ച സമയം കഴിഞ്ഞതോടെ ഇറാഖിന്റെ സൈനിക താവളങ്ങൾക്കുനേരെ സഖ്യരാജ്യങ്ങളുടെ സൈന്യം ആക്രമണം ആരംഭിച്ചു. കടൽമാർഗവും വായുമാർഗവുമായിരുന്നു ആക്രമണങ്ങൾ. അഞ്ച് ആഴ്ചകൾക്കുശേഷമാണ് കരമാർഗമുള്ള ആക്രമണം ആരംഭിച്ചത്. അതിനുശേഷം 100 മണിക്കൂറിനുള്ളിൽ ഇറാഖ് സൈന്യത്തെ കുവൈറ്റിൽനിന്ന് തുരത്തി സഖ്യസേന വെടിനിർത്തൽ പ്രഖ്യാപിച്ചു.

ഒരു ആഫ്രിക്കൻ രാജ്യത്തിന്റെ പ്രസിഡണ്ടായി ഒരു വനിത ആദ്യമായി ചുമതലയേറ്റത് 2006 ജനുവരി 16 നായിരുന്നു. എലൻ ജോൺസൻ സർലീഫാണ് ലൈബീരിയയുടെ പ്രസിഡണ്ടായി ചുമതലയേറ്റ് ചരിത്രം തിരുത്തിയത്. ലൈബീരിയയുടെ വികസനത്തിൽ നിർണ്ണായകപങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു അവർ. 2010 അവസാനമായപ്പോഴേക്കും രാജ്യത്തിന്റെ കടബാധ്യതകളൊക്കെ തീർത്ത സർലീഫ് മില്യൺ ഡോളറുകളുടെ വിദേശനിക്ഷേപവും ലൈബീരിയയിലെത്തിച്ചു. അന്താരാഷ്ട്ര തലത്തിൽ ആഫ്രിക്കയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്ന എലൻ, സ്വാതന്ത്ര്യം, സമാധാനം, നീതി, സ്ത്രീശാക്തികരണം, ജനാധിപത്യഭരണം എന്നിവയുടെ പ്രചാരകയായിരുന്നു. 2007 ഒക്ടോബറിൽ സർലീഫിന് അമേരിക്കയുടെ പരമോന്നത സിവിൽ അവാർഡായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു. സമാധാനത്തിനും സ്ത്രീശാക്തീകരണത്തിനുമായുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച് 2011 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും അവർക്ക് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News