Monday, January 20, 2025

ചരിത്രത്തിൽ ഈ ദിനം: ജനുവരി 17

1946 ജനുവരി 17 നാണ് യു. എൻ. രക്ഷാസമിതിയുടെ ആദ്യ സമ്മേളനം ചേർന്നത്. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലുള്ള ചർച്ച്ഹൗസിൽ ആയിരുന്നു സമ്മേളനം. ഐക്യരാഷ്ട്ര സഭയുടെ ചാർട്ടർ രൂപം കൊടുത്ത ആറ് പ്രധാന വിഭാഗങ്ങളിൽ ഏറ്റവും ശക്തവും സുപ്രധാനവുമായതാണ് രക്ഷാസമിതി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം ഈ സമിതിയുടേതാണ്. ചൈന, ഫ്രാൻസ്, റഷ്യ, യു. എസ്., ബ്രിട്ടൻ എന്നീ അഞ്ച്  സ്ഥിരാംഗങ്ങളടക്കം 15 അംഗരാജ്യങ്ങളാണ് രക്ഷാസമിതിയിലുള്ളത്. പത്ത് അംഗരാജ്യങ്ങളെ രണ്ടു വർഷത്തേക്കുവീതം തിരഞ്ഞെടുക്കുന്നു. സമാധാനത്തിന് ഭീഷണിയുണ്ടാകുന്ന ഏതുസമയത്തും യോഗം ചേരാനായി കൗൺസിലിന്റെ ഒരു പ്രതിനിധി യു. എൻ. ആസ്ഥാനത്ത് എല്ലായ്‌പ്പോഴും ഉണ്ടായിരിക്കണം എന്നാണ് ചട്ടം.

ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിക്ക് തറക്കല്ലിട്ടത് 1987 ജനുവരി 17 നാണ്. ഏഴിമലയിൽ അക്കാദമി തുടങ്ങാനുള്ള നാവികസേനയുടെ നിർദേശം 1982 ൽ കേന്ദ്രസർക്കാർ അംഗീകരിച്ചതിനെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് ശിലാസ്ഥാപനം നടത്തിയത്. നിർമാണം പൂർത്തിയായ അക്കാദമിയുടെ ഉദ്ഘാടനം 2009 ജനുവരിഎട്ടിന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്ങാണ് നിർവഹിച്ചത്. ‘വിദ്യയിലൂടെ അനശ്വരരാവുക’ എന്നതാണ് അക്കാദമിയുടെ ആപ്തവാക്യം. 2452 ഏക്കറോളം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന അക്കാദമിയുടെ നിർമാണച്ചെലവ് 720 കോടി രൂപയിലേറെയാണ്.

പ്രധാനമന്ത്രി എ. ബി. വാജ്പേയ് കായംകുളം താപനിലയം രാഷ്ട്രത്തിന് സമർപ്പിച്ചത് 1999 ജനുവരി 17 നായിരുന്നു. കേരളത്തിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു താപവൈദ്യുത നിലയമാണ് കായംകുളം താപനിലയം. 350 മെഗാവാട്ട് ശേഷിയുള്ള ഈ താപനിലയം നാഷണൽ തെർമൽ പവർ കോർപറേഷന്റെയും ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെയും ഭാരത് പെട്രോളിയം കോർപറേഷന്റെയും കൂട്ടായ സംരംഭമായിരുന്നു. ദി രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്ലാന്റ് എന്ന് പേരിട്ട പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 115 മെഗാവാട്ട് യൂണിറ്റാണ് പ്രവർത്തനക്ഷമമായത്. നവീകരിച്ച നാഫ്ത ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. നാഫ്തയുടെയും വൈദ്യുതിയുടെയും വിലവർധന കാരണം 2021 മാർച്ച് 31 ന് കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News