ഡൽഹിയിലെ ബിർളാ ഹൗസിൽ വച്ച് ഗാന്ധിജിയെ വധിക്കാനുള്ള ശ്രമമുണ്ടായത് 1948 ജനുവരി 20 നായിരുന്നു. ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പലയിടത്തും ലഹളകൾ പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച് 1947 സെപ്റ്റംബറിൽ ഡൽഹിയിൽ തിരികെയെത്തിയശേഷം ഗാന്ധി താമസിച്ചിരുന്നത് ബിർളാ ഹൗസിലായിരുന്നു. ജനുവരി 20 ന് മദൻ ലാൽ പഹ്വ, നാഥുറാം ഗോഡ്സെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വധശ്രമം നടന്നത്. ബോംബെറിഞ്ഞശേഷം ആളുകൾ ചിതറിയോടി തിക്കും തിരക്കും ഉണ്ടാകുന്നതിനിടെ ഗാന്ധിയെ വധിക്കാനായിരുന്നു ശ്രമം. എന്നാൽ ഗേറ്റ് കാവൽക്കാരന് തോന്നിയ സംശയം പദ്ധതി പരാജയപ്പെടുത്തുകയായിരുന്നു. പഹ്വ ബോംബ് എറിഞ്ഞെങ്കിലും ആർക്കും പരിക്കുകളൊന്നും ഉണ്ടായില്ല. പഹ്വയെ ബിർള ഹൗസ് പരിസരത്തുനിന്നു തന്നെ അറസ്റ്റ് ചെയ്തു. ആർക്കും പരിക്കുകളില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഗാന്ധി തന്റെ പ്രാർഥനാസമ്മേളനം തുടർന്നു.
ഏഷ്യയിലെ തന്നെ ആദ്യ ആണവ ഗവേഷണ റിയാക്ടറായ അപ്സര രാജ്യത്തിന് സമർപ്പിച്ചത് 1957 ജനുവരി 20 നായിരുന്നു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണ് പദ്ധതി രാജ്യത്തിന് സമർപ്പിച്ചത്. ഇന്ത്യൻ ആണവപദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഹോമി ബാബയാണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചതും അത് രൂപകൽപന ചെയ്തതും. ബ്രിട്ടന്റെ സഹായത്തോടെയായിരുന്നു നിർമാണം. ആദ്യ ഘട്ടത്തിൽ ആവശ്യമായ ഇന്ധനം നൽകിയതും ബ്രിട്ടനായിരുന്നു. 1955 ൽ നിർമാണം ആരംഭിച്ച റിയാക്ടർ 1956 ആഗസ്റ്റ് നാലിനാണ് ക്രിട്ടിക്കാലിറ്റി കൈവരിച്ചത്. ഈ റിയാക്ടറിന്റെ നിർമാണത്തോടെ ഇന്ത്യ റേഡിയോ ഐസോടോപ്പുകൾ നിർമിക്കാൻ ആരംഭിച്ചു.
ഇന്ത്യയിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കിയത് 2011 ജനുവരി 20 നായിരുന്നു. നിലവിലുള്ള മൊബൈൽ നമ്പർ നിലനിർത്തിക്കൊണ്ടുതന്നെ സേവനദാതാവിനെ മാറ്റി മറ്റൊരു ദാതാവിനെ സ്വീകരിക്കാനുള്ള സംവിധാനമാണ് മൊബൈൽ നമ്പർ പോർട്ടബിലിറ്റി. 2010 നവംബറിൽ ഹരിയാനയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആദ്യമായി നടപ്പാക്കിയത്. വാർത്താവിനിമയ വിവരസാങ്കേതിക വകുപ്പ് മന്ത്രിയായിരുന്ന കപിൽ സിബൽ, പോർട്ട് ചെയ്ത ഒരു മൊബൈൽ നമ്പറിൽനിന്ന് ഹരിയാനാ മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദർ സിംഗ് ഹൂഡയെ വിളിച്ചുകൊണ്ടാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ദേശീയതലത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി മൻമോഹൻ സിംഗായിരുന്നു.