ബ്രസീലിലെ പ്രസിദ്ധ നഗരമായ സാവോ പൗലോ സ്ഥാപിക്കപ്പെട്ടത് 1554 ജനുവരി 25 നായിരുന്നു. ജെസ്യൂട്ട് മിഷനറിമാരാണ് നഗരം സ്ഥാപിച്ചത്. വി. പൗലോസ് മാനസാന്തരപ്പെട്ടതിന്റെ വാർഷികത്തിൽ സ്ഥാപിച്ചതിനാലാണ് നഗരത്തിന് സാവോ പൗലോ എന്ന പേരുവന്നത്. പോർച്ചുഗീസ് ഭാഷയിൽ സാവോ പൗലോ എന്നതിന്റെ അർഥം വി. പൗലോസ് എന്നാണ്. ലാറ്റിനമേരിക്കയിലെ പ്രസിദ്ധമായ വ്യവസായനഗരമാണിത്. റിയോ ഡി ജെനീറോയിൽ നിന്ന് 350 കിലോമീറ്റർ അകലെയാണ് ബ്രസീലീലെ ഏറ്റവുമധികം ജനസംഖ്യയുള്ളതും സമ്പന്നവുമായ ഈ നഗരം. പോർച്ചുഗീസ് ഭാഷ സംസാരിക്കുന്നവർ ഏറ്റവും അധികമുള്ള നഗരവും സാവോ പൗലോ തന്നെയാണ്.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് 1950 ജനുവരി 25 നായിരുന്നു. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 324 പ്രകാരമാണ് കമ്മീഷൻ സ്ഥാപിച്ചത്. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളും നടത്താനും നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനുമുള്ള ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. ആരംഭകാലത്ത് ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമാണുണ്ടായിരുന്നത്. പിന്നീട് 1989 ൽ രണ്ട് അഡീഷണൽ കമ്മീഷണർമാരെ കുറഞ്ഞ കാലത്തേക്ക് നിയമിച്ചു. 1993 മുതൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കുപുറമെ രണ്ട് അഡീഷണൽ ഇലക്ഷൻ കമ്മീഷണർമാരെയും നിയമിച്ചുവരുന്നു. ന്യൂഡൽഹിയിലാണ് കമ്മീഷന്റെ ആസ്ഥാനം. സ്വയംഭരണാധികാരമുള്ള ഈ കമ്മീഷനാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നത്.
1971 ജനുവരി 25 നാണ് ഹിമാചൽ പ്രദേശ് എന്ന സംസ്ഥാനം നിലവിൽവന്നത്. ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായാണ് ഹിമാചൽ പ്രദേശ് സ്ഥാപിക്കപ്പെട്ടത്. 1970 ഡിസംബർ 18 ന് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ സ്റ്റേറ്റ് ഓഫ് ഹിമാചൽ പ്രദേശ് നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്തിന്റെ രൂപീകരണം. സ്വാതന്ത്ര്യാനന്തരം 1948 ഏപ്രിൽ 15 ന് ചീഫ് കമ്മീഷണേഴ്സ് പ്രൊവിൻസ് ഓഫ് ഹിമാചൽ പ്രദേശ് നിലവിൽ വന്നു. 1950 ൽ ഭരണഘടന നിലവിൽവന്നതോടെ പ്രദേശം പാർട്ട് സിയിൽ ഉൾപ്പെട്ട സംസ്ഥാനമായി മാറി. 1956 നവംബർ ഒന്നിന് ഹിമാചൽ പ്രദേശിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചു. 1966 നവംബർ ഒന്നിന് പഞ്ചാബിന്റെ മലയോരഭാഗങ്ങളെ ഹിമാചൽ പ്രദേശിന്റെ ഭാഗമാക്കിയെങ്കിലും കേന്ദ്രഭരണപ്രദേശമായിത്തന്നെ തുടർന്നു. 1970 ലാണ് ഹിമാചൽ പൂർണ്ണമായ അർഥത്തിൽ സംസ്ഥാനപദവി കൈവരിച്ചത്.