അശോകസ്തംഭം ഇന്ത്യയുടെ ദേശീയ ചിഹ്നമായി മാറിയത് 1950 ജനുവരി 26 നായിരുന്നു. ഉത്തർപ്രദേശിലെ സാരാനാഥ് എന്ന സ്ഥലത്തുനിന്നാണ് ഇത് കണ്ടെടുത്തത്. ജർമൻ സിവിൽ എഞ്ചിനീയറായിരുന്ന ഫ്രെഡറിക് ഓസ്കാർ ഓർടെലിന്റെ നേതൃത്വത്തിൽ സാരാനാഥിനുചുറ്റും നടത്തിയ ഖനനത്തിലാണ് 8 അടി വീതിയും 6 അടി നീളവുമുള്ള ഒരു വലിയ ശിലാ ബേസ്മെന്റിൽ സ്ഥാപിക്കപ്പെട്ട നിലയിൽ ഈ സ്തംഭം കണ്ടെത്തിയത്. ബി. സി. 250 ൽ നിർമിക്കപ്പെട്ടതായിരിക്കാം ഇതെന്ന് കരുതപ്പെടുന്നു. ഇതിനു ചുവട്ടിൽ മുണ്ഡകോപനിഷത്തിൽ നിന്നെടുത്ത ‘സത്യമേവ ജയതേ’ എന്ന വാചകം ദേവനാഗരി ലിപിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയുടെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ഔദ്യോഗികമായ സീലും ഈ മുദ്ര തന്നെയാണ്. യഥാർഥ അശോകസ്തംഭം ഉത്തർപ്രദേശിലെ സാരനാഥിലെ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ആദ്യ സംസ്ഥാന സ്കൂൾ കലോത്സവം ആരംഭിച്ചത് 1957 ജനുവരി 26 നായിരുന്നു. കേരളപ്പിറവിക്കാലത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി. എസ്. വെങ്കിടേശന്റെ ഹൃദയത്തിലാണ് കലോത്സവത്തിന്റെ പിറവി. 1954 ൽ ഡൽഹിയിൽ നടന്ന അന്തർസർവകലാശാല യുവജനോത്സവത്തിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്തശേഷമാണ് വെങ്കിടേശ്വരന് നമ്മുടെ നാട്ടിലും അതുപോലെ ഒരു കലാമേള നടത്തണമെന്ന് ആഗ്രഹമുണ്ടായത്. പിന്നീട് ഐക്യകേരളത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസ ഡയറക്ടറായി 1956 ൽ നിയമിതനായ ഉടൻ തന്റെ ആശയം പ്രാവർത്തികമാക്കാൻ അദ്ദേഹം ശ്രമമാരംഭിച്ചു. ഇതിന്റെ ഫലമായി 1957 ജനുവരിയിൽ എറണാകുളത്ത് ആദ്യ കലോത്സവത്തിന് തിരിതെളിഞ്ഞു. ജനുവരി 26, 27 തീയതികളിൽ എറണാകുളം ഗേൾസ് ഹൈസ്കൂളിലായിരുന്നു കലോത്സവം. അന്നത്തെ വടക്കേ മലബാർ ജില്ലയ്ക്കായിരുന്നു ചാമ്പ്യൻപട്ടം. കാസർകോടും കണ്ണൂരും വയനാടിന്റെ ഒരുഭാഗവും ചേർന്നതായിരുന്നു വടക്കേ മലബാർ ജില്ല. പന്ത്രണ്ട് ഇനങ്ങളിലായി 18 മത്സരങ്ങളാണ് ആദ്യ കലോത്സവത്തിൽ നടന്നത്. 60 പെൺകുട്ടികൾ ഉൾപ്പെടെ 400 പേർ ആദ്യ കലോത്സവത്തിൽ പങ്കെടുത്തു.
ഇടുക്കി ജില്ല നിലവിൽ വന്നത് 1972 ജനുവരി 26-ാം തീയതിയായിരുന്നു. മുമ്പ് കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഉടുമ്പൻചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കിലെ ചില ഭാഗങ്ങളും, ദേവികുളം താലൂക്കും ചേർന്നാണ് ജില്ല രൂപം കൊണ്ടത്. ഫെബ്രുവരി 14 ന് നിലവിൽ വന്ന തുടർവിജ്ഞാപനം അനുസരിച്ച് നിയമാധികാരം ക്രമേണ കൈമാറ്റപ്പെട്ടു. ആദ്യ കളക്ടറായി നിയമിതനായ ഡി. ബാബു പോളാണ് ജില്ലയുടെ ഉദ്ഘാടനം നിർവഹിച്ചത്. ടി. കെ. നാരായണപിള്ളയുടെ മന്ത്രിസഭാകാലത്ത് സംസ്ഥാനത്ത് ഗ്രോ മോർ ഫുഡ് ക്യാമ്പയിൻ നടപ്പാക്കിയ കാലത്താണ് ഈ ജില്ലയിൽ ജനാധിവാസം കൂടുതലായി ഉണ്ടായത്. പൈനാവ് ആസ്ഥാനമായി രൂപപ്പെട്ട ജില്ലയിൽ ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ, പീരുമേട് എന്നീ അഞ്ച് താലൂക്കുകളാണ് ഇപ്പോഴുള്ളത്. മലയിടുക്ക് എന്നർഥമുള്ള ഇടുക്ക് എന്ന വാക്കിൽനിന്നാണ് ഇടുക്കി എന്ന പേര് ജില്ലയ്ക്ക് ലഭിച്ചതെന്നു കരുതപ്പെടുന്നു.