തോമസ് ആൽവ എഡിസൺ നിർമിച്ച ഇൻകാൻഡെസെന്റ് ലാമ്പിന് പേറ്റന്റ് ലഭിച്ചത് 1880 ജനുവരി 27 നായിരുന്നു. 1879 നവംബർ നാലിന് പേറ്റന്റിനായുള്ള അപേക്ഷ എഡിസൺ സമർപ്പിച്ചതോടെയാണ് പുതിയ കണ്ടെത്തലിനെക്കുറിച്ച് അമേരിക്കൻ സർക്കാരും ലോകവും അറിഞ്ഞത്. 1879 ഒക്ടോബർ മാസത്തിലാണ് നിർണ്ണായകമായ പരീക്ഷണങ്ങൾ അദ്ദേഹം നടത്തിയത്. വൈദ്യുതി ഉപയോഗിച്ച് പ്രകാശിക്കുന്ന ഫിലമെന്റ് നിർമിക്കാൻ കോട്ടൻ-ലിനൻ നൂലുകളും പല രീതിയിൽ ചുരുട്ടിയ കടലാസും ഉൾപ്പെടെ നിരവധി വസ്തുക്കൾ അദ്ദേഹം പരീക്ഷിച്ചു. ഏറ്റവും ഒടുവിലാണ് കാർബൺ ഫിലമെന്റ് ഉപയോഗിച്ച് ഈ ബൾബ് നിർമിക്കാം എന്ന് അദ്ദേഹം കണ്ടെത്തിയത്. മറ്റനേകം പേരും ഇൻകാൻഡെസന്റ് ബൾബുകൾ നിർമിക്കാനുള്ള പരീക്ഷണം അക്കാലത്ത് നടത്തിയിരുന്നു. അതിനാലാണ് എഡിസൺ പെട്ടെന്നുതന്നെ തന്റെ കണ്ടെത്തലിന് പേറ്റന്റിനായി അപേക്ഷിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻഗാമിയായ ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് 1921 ജനുവരി 27 നായിരുന്നു. വ്യാപാര സൗകര്യാർഥം ബ്രിട്ടീഷുകാർ സ്ഥാപിച്ച മൂന്ന് പ്രവിശ്യാ ബാങ്കുകളായിരുന്ന ബാങ്ക് ഓഫ് ബംഗാൾ, ബാങ്ക് ഓഫ് ബോംബെ, ബാങ്ക് ഓഫ് മദ്രാസ് എന്നിവ ചേർന്നാണ് ഇംപീരിയൽ ബാങ്ക് രൂപീകരിക്കപ്പെട്ടത്. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഇംപീരിയൽ ബാങ്കിന് 172 ബ്രാഞ്ചും ഇരുനൂറിലധികം സബ് ഓഫീസുകളും ഉണ്ടായിരുന്നു. ഓൾ ഇന്ത്യ റൂറൽ ക്രെഡിറ്റ് സർവേ കമ്മറ്റി, ഇംപീരിയൽ ബാങ്കിനെ രാജ്യത്തിന്റെ സ്വന്തം ബാങ്കായി ഏറ്റെടുക്കണമെന്നു ശുപാർശ ചെയ്തു. അതുപ്രകാരം 1955 മേയിൽ പാർലമെന്റ് പാസ്സാക്കിയ നിയമത്തെ തുടർന്ന് 1955 ജൂലൈ ഒന്നിന് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി മാറി.
1967 ജനുവരി 27 നാണ് അമേരിക്കയും റഷ്യയും ബ്രിട്ടനും ചേർന്ന് ഔട്ടർ സ്പേസ് ട്രീറ്റി ഒപ്പുവച്ചത്. ബഹിരാകാശ ഗവേഷണങ്ങൾ മുന്നേറിയതോടെ അതുസംബന്ധിച്ച അധികാരത്തർക്കങ്ങൾ ചർച്ചയായ പശ്ചാത്തലത്തിലാണ് ഒരു രാജ്യാന്തര ഉടമ്പടിയുടെ ആവശ്യം ഉയർന്നുവന്നത്. അതുപ്രകാരം 1967 ജനുവരിയിൽ ഒപ്പുവച്ച ഉടമ്പടി അതേ വർഷം ഒക്ടോബർ 10 ന് പ്രാബല്യത്തിൽവന്നു. ഈ ഉടമ്പടി അനുസരിച്ച് ബഹിരാകാശം ആരുടെയും സ്വന്തമല്ല. ഭൂമിക്കു പുറത്തുള്ള ഒരു വസ്തുവിനും ആർക്കും അവകാശം ഉന്നയിക്കാനും കഴിയില്ല. കാരണം അവ എല്ലാവരുടേതുമാണ്. സമാധാനപരമായ ആവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കുമായി ആർക്കും ബഹിരാകാശത്തെയും മറ്റു ജ്യോതിർഗോളങ്ങളെയും പ്രയോജനപ്പെടുത്താനും ഉടമ്പടി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ ഉടമ്പടിയിൽ ഇന്ത്യ ഉൾപ്പെടെ 109 രാജ്യങ്ങൾ ഇപ്പോൾ ഒപ്പുവച്ചിട്ടുണ്ട്. സ്പുട്നിക് വിക്ഷേപിച്ച ഒക്ടോബർ 4, ഔട്ടർ സ്പേസ് ട്രീറ്റി പ്രാബല്യത്തിൽവന്ന ഒക്ടോബർ 10 എന്നീ രണ്ടു സംഭവങ്ങളെ കോർത്തിണക്കിയാണ് രാജ്യാന്തര ബഹിരാകാശ വാരം ആചരിക്കുന്നത്.