1780 ജനുവരി 29നാണ് ഇന്ത്യയിലെ ആദ്യത്തെ പത്രമായ ഹിക്കിസ് ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം ആരംഭിച്ചത്. ജെയിംസ് ആഗസ്റ്റസ് ഹിക്കി എന്ന ഐറിഷുകാരനായിരുന്നു ഇതിന്റെ സ്ഥാപകൻ. ഇംഗ്ലീഷ് ഭാഷയിൽ പ്രതിവാര പത്രമായാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. കൊളോണിയൽ ഇന്ത്യയുടെ അക്കാലത്തെ തലസ്ഥാനമായിരുന്ന കൽക്കട്ടയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്നതിനാൽ ‘കൽക്കട്ട ജനറൽ അഡ്വർടൈസർ’ എന്ന മറ്റൊരു പേരും അതിനുണ്ടായിരുന്നു. ജെയിംസ് ഹിക്കിയുടെ ബംഗാൾ ഗസറ്റ് കൽക്കട്ടയിലെ തദ്ദേശവാസികളുടെ പ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുകയും ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ വ്യാപകമായ അഴിമതിയെ വെല്ലുവിളിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ അനിഷ്ടം ക്ഷണിച്ചുവരുത്തിയതിനാൽ 1872 മാർച്ച് 30ന് പത്രം കണ്ടുകെട്ടി, ഹിക്കിയെ ജയിലിലടച്ചു.
പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വാഹനത്തിന് പേറ്റന്റ് ലഭിച്ചത് 1886 ജനുവരി 29നായിരുന്നു. ജർമൻ മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന കാൾ ബെൻസാണ് ഈ വാഹനം രൂപകല്പന ചെയ്തത്. മൂന്നു ചക്രങ്ങളിൽ ഓടുന്നതായിരുന്നു ആദ്യത്തെ ബെൻസ് കാർ. മോട്ടോർവാഗൻ എന്നറിയപ്പെട്ട ഈ കാർ ജർമനിയിലെ മ്യൂണിക്കിൽ ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 1885ൽ ഇതിന്റെ നിർമാണം പൂർത്തിയായി ഒാടിത്തുടങ്ങിയെങ്കിലും 1886 ജനുവരി 29വരെ പേറ്റന്റ് ലഭിച്ചിരുന്നില്ല. 1883ൽ സ്ഥാപിക്കപ്പെട്ട ബെൻസ് കമ്പനി ആദ്യമായി നിർമിച്ച കാറായിരുന്നു ഇത്. 1893ലാണ് ആദ്യത്തെ നാലുചക്ര വാഹനം കമ്പനി നിർമിച്ചത്. 1926ൽ മറ്റൊരു കമ്പനിയുമായി ചേർന്ന് ഡായ്മെർ ബെൻസ് എന്ന കമ്പനിയായി മാറി. ഈ കമ്പനിയാണ് പ്രശസ്തമായ മേഴ്സിഡെസ് ബെൻസിന്റെ നിർമാതാക്കളായി മാറിയത്.
1895 ജനുവരി 29നാണ് വില്യം ഷേക്സ്പിയറുടെ റോമിയോ ആൻഡ് ജൂലിയറ്റ് ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതായി കരുതപ്പെടുന്നത്. ലണ്ടനിലെ കർട്ടൻ തിയേറ്ററിലായിരുന്നു പ്രദർശനം. 1577ൽ ആരംഭിച്ച ഈ തിയേറ്റർ ഷേക്സ്പിയർ നാടകങ്ങളുടെ പ്രധാന വേദിയായിരുന്നു. 1594നും 1596നും ഇടയിലുള്ള കാലഘട്ടത്തിലാണ് റോമിയോ ആൻഡ് ജൂലിയറ്റ് എഴുതിയത് എന്ന് പറയപ്പെടുന്നു. ശത്രു കുടുംബങ്ങളിൽ നിന്നുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ ഇഷ്ടത്തിലാവുകയും അതൊരു ദുരന്തത്തിൽ കലാശിക്കുകയും ചെയ്യുന്ന കഥയാണ് റോമിയോ ആൻഡ് ജൂലിയറ്റ്. എക്കാലത്തെയും മികച്ച പ്രണയകഥ എന്ന രീതിയിൽ ഇന്നും ആസ്വദിക്കപ്പെടുന്ന കൃതിയാണിത്.