ഓഷ്വിറ്റ്സ് കോൺസൻട്രേഷൻ ക്യാമ്പിലേക്ക് ആദ്യ തടവുകാരെ എത്തിച്ചത് 1940 ജൂൺ 14 നായിരുന്നു. ജർമ്മനിയിലെ നാസി ഭരണകൂടമാണ് ഓഷ്വിറ്റ്സ് ക്യാമ്പ് ആരംഭിച്ചത്. പോളണ്ടിൽ നിന്നുള്ള 728 തടവുകാരെയാണ് ആദ്യം അവിടെയെത്തിച്ചത്. ടർനൗ ജയിലിലുണ്ടായിരുന്ന രാഷ്ട്രീയതടവുകാരായിരുന്നു അവർ. പോളണ്ടുകാരായ തടവുകാർക്കുവേണ്ടിയാണ് ക്യാമ്പ് നിർമ്മിച്ചതെങ്കിലും പിന്നീട് യൂറോപ്പിൽനിന്നുള്ള ജൂതരെയും അവിടെ തടവിലാക്കി. നാസി ജർമ്മനിയിലെ ഏറ്റവും വലുതും ഏറ്റവുമധികം ജൂതർ വംശഹത്യയ്ക്ക് ഇരയായതുമായ തടവറകളിലൊന്നായാണ് ചരിത്രത്തിൽ ഓഷ്വിറ്റ്സ് അറിയപ്പെടുന്നത്. ഒരു മില്യനിലധികം ആളുകൾ അവിടെവച്ച് വധിക്കപ്പെട്ടു എന്നാണ് കണക്കുകൾ.
വി കൺസോൾ വെർച്വൽ കോർട്ടിൽ കേരള ഹൈക്കോടതി ആദ്യമായി വാദം കേട്ടത് 2021 ജൂൺ 14 നായിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനാണ് വി കൺസോൾ. കോവിഡ് വ്യാപനമുണ്ടായതുമൂലം ഗൂഗിൾ മീറ്റ്, സൂം പോലുള്ള ആപ്ലിക്കേഷനുകളായിരുന്നു വാദം കേൾക്കാൻ ഉപയോഗിച്ചിരുന്നത്. അവയിലെ പരിമിതികൾ ബോധ്യപ്പെട്ടതിനാലാണ് ഇന്ത്യയുടെ തദ്ദേശീയ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്ത വി കൺസോൾ ഉപയോഗിക്കാൻ കോടതി തിരുമാനിച്ചത്. ഹൈക്കോടതിയുടെ മാർഗനിർദേശങ്ങളനുസരിച്ച് കോടതി നടപടിക്രമങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കസ്റ്റമൈസ് ചെയ്തതായിരുന്നു ആപ്ലിക്കേഷൻ. ജസ്റ്റിസ് മുഹമ്മദ് മുസ്താക്കും ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്തും ഉൾപ്പെടുന്ന ഹൈക്കോടതി ബെഞ്ചാണ് ആദ്യ സെഷനിൽ വാദം കേട്ടത്.
മ്യാന്മറിൽ 2021 ഫെബ്രുവരിയിൽ നടന്ന പട്ടാള അട്ടിമറിക്കുശേഷം ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിക്കെതിരെ പട്ടാളഭരണകൂടം ചുമത്തിയ കേസുകളിൽ വിചാരണ തുടങ്ങിയത് 2021 ജൂൺ 14 നാണ്. അട്ടിമറി നടന്ന് നാലുമാസങ്ങൾക്കു ശേഷമാണ് വിചാരണ തുടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു, ലൈസൻസില്ലാതെ വാക്കി ടോക്കി ഉപയോഗിച്ചു എന്നിവയായിരുന്നു അവർക്കെതിരെ ആദ്യം ചുമത്തിയ കുറ്റങ്ങൾ. പിന്നീട് അഴിമതി, ഔദ്യോഗിക നിയമലംഘനം തുടങ്ങിയ വകുപ്പുകൾകൂടി ഉൾപ്പെടുത്തി. വിചാരണയ്ക്കുശേഷം കോടതി അവർക്ക് നാലുവർഷം തടവ് ശിക്ഷ വിധിച്ചു.

