Monday, June 16, 2025

ചരിത്രത്തിൽ ഈ ദിനം: ജൂൺ 16

1903 ജൂൺ 16 നാണ് ഫോർഡ് മോട്ടോർ കമ്പനി സ്ഥാപിതമായത്. ഹെൻറി ഫോർഡ് ഉൾപ്പെടെ 13 പേർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. 28,000 ഡോളറായിരുന്നു അവരുടെ ആദ്യനിക്ഷേപം. ഒരു മാസത്തിനുശേഷം ജൂലൈ 15 ന് കമ്പനി നിർമ്മിച്ച ആദ്യ കാർ വിപണിയിലെത്തി. കമ്പനിയുടെ 25.5% ഓഹരിയും ഹെൻറിയുടേതായിരുന്നു. 1906 ൽ അദ്ദേഹം കമ്പനിയുടെ പ്രസിഡന്റും കണ്ട്രോളിംഗ് ഓണറുമായി. കാർ നിർമ്മാണരംഗത്ത് ഒരു നൂറ്റാണ്ടു പിന്നിട്ട ഫോർഡ്, ഇന്ന് ലോകത്തെ ഒന്നാം നമ്പർ കാർ നിർമ്മാണ കമ്പനികളിലൊന്നാണ്.

ബഹിരാകാശത്ത് ആദ്യമായി ഒരു സ്ത്രീ എത്തുന്നത് 1963 ജൂൺ 16 നാണ്. റഷ്യക്കാരിയായ വാലന്റീന തെരഷ്കോവയായിരുന്നു അത്. വോസ്റ്റോക്ക് 6 എന്ന സ്പേസ് ഷട്ടിലിൽ സീഗൽ എന്ന കോഡ് നാമത്തിലായിരുന്നു അവരുടെ യാത്ര. റഷ്യയിലെ മസ്ലെനിക്കൊവോ എന്ന ഗ്രാമത്തിലായിരുന്നു വാലന്റീനയുടെ ജനനം. ദരിദ്രമായ ജീവിതസാഹചര്യങ്ങളെ കഠിനപ്രയത്നംകൊണ്ട് അതിജീവിച്ച അവർ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കുകയും പാരച്യൂട്ട് പരിശീലനം നേടുകയും ചെയ്തു. 1962 ൽ റഷ്യൻ വനിതാ ബഹിരാകാശ സംഘത്തിൽ അംഗമായി. വോസ്റ്റോക് 6 ൽ ബഹിരാകാശയാത്ര നടത്തിയ അവർ 70.8 മണിക്കൂർ അവിടെ ചെലവഴിച്ചു. 48 തവണയാണ് വോസ്റ്റോക്കിൽ അവർ ഭൂമിയെ ഭ്രമണം ചെയ്തത്. ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ വലന്റീനയെ രാജ്യം ഹീറോ ഓഫ് ദ് സോവിയറ്റ് യൂണിയൻ ബഹുമതി നൽകി.

പത്രസമ്മേളനത്തിനിടെ പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ അക്വ പരാമർശത്തിൽ കൊക്കക്കോളാ കമ്പനിയുടെ വിപണിമൂല്യത്തിൽ വലിയ ഇടിവുണ്ടായത് 2021 ജൂൺ 16 നായിരുന്നു. ഏകദേശം 400 കോടി ഡോളറിന്റെ നഷ്ടമാണ് കൊക്കകോളയ്ക്ക് ഉണ്ടായത്. യൂറോകപ്പിലെ പോർച്ചുഗൽ-ഹംഗറി പോരാട്ടത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിനിടെയാണ് സംഭവം. പത്രസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുൻപ് റൊണാൾഡോ തന്റെ മുന്നിലുണ്ടായിരുന്ന രണ്ട് കൊക്കക്കോള കുപ്പികൾ മാറ്റിവച്ച് കുടിവെള്ളക്കുപ്പി ഉയർത്തിക്കാട്ടി വെള്ളം എന്നർഥമുള്ള അക്വ എന്ന് ഉറക്കെ പറഞ്ഞതിനെത്തുടർന്നാണ് കമ്പനിയുടെ ഓഹരിവിലയും വിപണിമൂല്യവും ഇടിഞ്ഞത്. സംഭവത്തെത്തുടർന്ന് കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കി ശുദ്ധജലം കുടിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ താരം നൽകിയത് എന്ന വ്യാഖ്യാനം സമൂഹമാധ്യമങ്ങളിൽ വൈറലായതാണ് കൊക്കക്കോളയ്ക്ക് തിരിച്ചടിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News