Monday, June 15, 2026

ചരിത്രത്തിൽ ഈ ദിനം: ജൂൺ 15

മനുഷ്യശരീരത്തിൽ ആദ്യമായി രക്തം മാറ്റിവച്ചത് 1667 ജൂൺ 15 നായിരുന്നു. ഫ്രഞ്ച് ഡോക്ടറായിരുന്ന ജീൻ ബാപ്റ്റിസ്റ്റെ ഡെനിസ് ആണ് ഈ നേട്ടം കൈവരിച്ചത്. പനി ബാധിച്ചിരുന്ന 15 വയസ്സുള്ള ഒരു കുട്ടിയിൽ 12 ഔൺസ് രക്തമാണ് അദ്ദേഹം കുത്തിവച്ചത്. ആ രക്തമാകട്ടെ ആടിൽനിന്ന് എടുത്തതായിരുന്നു. രക്തം മാറ്റിവച്ചതിനെത്തുടർന്ന് കുട്ടി രോഗമുക്തനായി. ഡെനിസ് നടത്തിയ രണ്ടാമത്തെ പരീക്ഷണവും വിജയകരമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മൂന്നും നാലും പരീക്ഷണങ്ങൾ പരാജയപ്പെട്ടതോടെ രക്തം മാറ്റിവയ്ക്കുന്നത് കോടതി വിലക്കി. ഫ്രഞ്ച് പാർലമെന്റും രക്തം മാറ്റിവയ്ക്കലിന് വിലക്കേർപ്പെടുത്തി.

ഇന്ത്യൻ പാർലമെന്റ് വിവരാകാശ നിയമം പാസ്സാക്കിയത് 2005 ജൂൺ 15 നാണ്. പൊതുഭരണസംവിധാനത്തെ സുതാര്യമാക്കുന്നതിനായാണ് നിയമം നടപ്പാക്കിയത്. പൗരന്മാരുടെ അറിയാനുള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു നിയമം. ഈ നിയമപ്രകാരം ഓരോ പൗരനും സർക്കാർ ഓഫീസുകളിൽനിന്ന് ആവശ്യമുള്ള വിവരങ്ങൾ തേടാൻ അവകാശമുണ്ട്. 30 ദിവസത്തിനുള്ളിൽ വിവരങ്ങൾ കൈമാറണമെന്നാണ് നിയമം. ഭരണഘടനാപരമായ മുഴുവൻ അധികാരികളും ഈ നിയമത്തിന്റെ പരിധിയിൽവരും. ആർക്കും സർക്കാർ രേഖകൾ പരിശോധിക്കാനുള്ള വഴിയാണ് വിവരാവകാശനിയമം തുറന്നിടുന്നത്. വിവരാവകാശം ഫയൽ ചെയ്യുന്ന ആൾക്ക് എന്തുകൊണ്ടാണ് വിവരം ആരായുന്നത് എന്ന കാരണം വെളിപ്പെടുത്തേണ്ട ആവശ്യമില്ല. സുരക്ഷാപരമായ കാരണങ്ങളാൽ ചില സുരക്ഷാ, ഇന്റലിജൻസ് വിഭാഗങ്ങൾ മാത്രമാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്തത്.

കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ കേസുകളിലെ എല്ലാ നടപടികളും ഇന്ത്യൻ സുപ്രീംകോടതി അവസാനിപ്പിച്ചത് 2021 ജൂൺ 16 നായിരുന്നു. 2012 ഫെബ്രുവരി 15 ന് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. എന്റിക്ക ലെക്സി എന്ന ചരക്കുകപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു കേസിലെ പ്രതികൾ. കേസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റലി നഷ്ടപരിഹാരമായി കെട്ടിവച്ച പത്തുകോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യാൻ സുപ്രീംകോടതി കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. നാവികർക്കെതിരെ ഇറ്റാലിയൻ നിയമനടപടികൾ തുടരുമെന്ന ഇറ്റലിയുടെ ഉറപ്പിന്മേൽ, അന്താരാഷ്ട്ര ടൈ്രബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരമാണ് ഇന്ത്യ കേസ് അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News