Thursday, April 3, 2025

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 19

ആദ്യത്തെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടന്നത് 1911 മാർച്ച് 19 നാണ്. 1908 ൽ അമേരിക്കയിൽ വോട്ടവകാശത്തിനും മെച്ചപ്പെട്ട വേതനത്തിനും ജോലിസമയം നിജപ്പെടുത്തുന്നതിനുമായി നടത്തിയ വനിതാ റാലിയുടെ പശ്ചാത്തലത്തിൽ 1910 ൽ ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ വച്ചു നടന്ന രണ്ടാം അന്താർദേശീയ വർക്കിംഗ് വിമെൻ കോൺഫറൻസിൽ വച്ചാണ് അന്തർദേശീയ വനിതാ ദിനാചരണം എന്ന ആശയം ഉരുത്തിരിയുന്നത്. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിച്ച് മീറ്റിംഗിൽ പങ്കെടുത്തിരുന്ന ക്ലാരാ സെറ്റ്കിൻ എന്നയാളാണ് ഈ ആശയം അവതരിപ്പിച്ചത്. 17 രാജ്യങ്ങളിൽ നിന്നും വിവിധ യൂണിയനുകളിൽ നിന്നും സോഷ്യലിസ്റ്റ് പാർട്ടികളിൽ നിന്നും, വിമൻസ് ക്ലബുകളിൽ നിന്നുമൊക്കെയായി മീറ്റിംഗിൽ സംബന്ധിച്ചിരുന്ന നൂറിലധികം പേർ ഏകകണ്ഠമായി സെറ്റ്കിന്റെ ആശയം അംഗീകരിക്കുകയും വനിതാ ദിനം നിലവിൽവരികയും ചെയ്തു. ഈ തീരുമാനത്തിന്റെ ചുവടുപിടിച്ച് 1911 ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി, സ്വിറ്റ്സർലണ്ട് എന്നീ രാജ്യങ്ങളിൽ മാർച്ച് 19 ന് ആദ്യ അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടന്നു.

മാർച്ച് 19 നു നടന്ന മറ്റൊരു സംഭവം ഓസ്കാർ പുരസ്കാരവുമായി ബന്ധപ്പെട്ടതാണ്. 1953 മാർച്ച് 19 നാണ് ആദ്യമായി ഓസ്കാർ അവാർഡ് ദാനച്ചടങ്ങ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തത്. എൻ ബി സി ടെലിവിഷനാണ് ന്യൂയോർക്കിലുള്ള എൻ ബി സി ഇന്റർനാഷണൽ തിയേറ്ററിൽ നിന്ന് 25-ാമത്തെ ഓസ്കാർ ചടങ്ങ് സംപ്രേഷണം ചെയ്തത്. ബോബ് ഹോപ്പായിരുന്നു അവതാരകൻ. 1961 മുതൽ എ ബി സി ടെലിവിഷനാണ് ഓസ്കാർ അവാർഡുകൾ സംപ്രേഷണം ചെയ്യുന്നത്.

ഇന്ത്യ-ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ സംബന്ധിച്ച് മാർച്ച് 19 പ്രാധാന്യമുള്ള ഒരു ദിവസമാണ്. അന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ഒപ്പുവച്ചത്, 1972 ൽ. ബംഗ്ലാദേശ് സന്ദർശനവേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ബംഗ്ലാദേശ് പ്രധാനമന്ത്രി മുജീബുർ റഹ്മാനുമാണ് ഇരുരാജ്യങ്ങൾക്കും വേണ്ടി ഉടമ്പടിയിൽ ഒപ്പുവച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിൽ പരസ്പര സൗഹൃദവും സമാധാനവും നിലനിർത്തുന്നതിന് ആവശ്യമായ പന്ത്രണ്ട് ആർട്ടിക്കിളുകളാണ് ഉടമ്പടിയിൽ ഉണ്ടായിരുന്നത്. 25 വർഷത്തേക്കായിരുന്നു ഉടമ്പടി. 1997 മാർച്ച് 19 ന് ഈ ഉടമ്പടിയുടെ കാലാവധി അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News