1727 മാർച്ച് 20 നാണ് ലോകം കണ്ട പ്രഗത്ഭ ശാസ്ത്രജ്ഞരിൽ ഒരാളായ സർ ഐസക് ന്യൂട്ടൻ മരിക്കുന്നത്. ഗുരുത്വാകർഷണത്തിനും ചലനനിയമങ്ങൾക്കും പുറമെ ശാസ്ത്രത്തിനും ഗണിതശാസ്ത്രത്തിനും അദ്ദേഹം നൽകിയത് ശ്രദ്ധേയമായ നിരവധി സംഭാവനകളാണ്. 1687 ൽ അദ്ദേഹം പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകളിൽ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം വളർന്നത്. ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടെയും ആകാശഗോളങ്ങളുടെയും ചലനം ഒരേ പ്രകൃതിനിയമങ്ങൾ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സംഭാവനയാണ്. 2005 ൽ റോയൽ സൊസൈറ്റി നടത്തിയ അഭിപ്രായ സർവേയിൽ, നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടനായിരുന്നു.
അസാധാരണമായ ഒരു കോടതി പ്രഖ്യാപനത്തിന്റെ പേരിലും ഈ ദിനം ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നുണ്ട്. ഗംഗ, യമുനാ നദികളെ നിയമപരമായി വ്യക്തിത്വമുള്ളവയായി ഉത്തരാഖണ്ഡ് ഹൈക്കോടതി പ്രഖ്യാപിച്ചത് 2017 മാർച്ച് 20 നാണ്. പുണ്യനദികളായ ഗംഗയും യമുനയും നിലനിൽപ്പ് ഭീഷണി നേരിടുന്നതു കണക്കിലെടുത്താണ് നിയമപരമായി വ്യക്തികളെ സൃഷ്ടിക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി നൽകിയിട്ടുള്ള വിധികളുടെയും ഭരണഘടനയിലെ 48 എ, 51 എ വകുപ്പുകളുടെയും ചുവടുപിടിച്ച് ഹൈക്കോടതി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. നദികൾ ഉൾപ്പെടെയുള്ളവയുടെ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചവയാണ് ഈ വകുപ്പുകൾ. ഗംഗ, യമുന നദികൾ മാത്രമല്ല, അവയുടെ പോഷകനദികളും അരുവികളും നദികളിൽനിന്നു തുടർച്ചയായി ഒഴുകുന്ന വെള്ളവും നിയമപരമായി വ്യക്തിത്വമുള്ളവയായിരിക്കുമെന്നും വിധിയിലൂടെ കോടതി വ്യക്തമാക്കി. നദികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കാനാണ് കോടതി ഈ അസാധാരണ നടപടി കൈക്കൊണ്ടത്.
രണ്ടാം ഗൾഫ് യുദ്ധം എന്നുകൂടി അറിയപ്പെടുന്ന 2003 ലെ ഇറാഖ് അധിനിവേശം ആരംഭിച്ചത് മാർച്ച് 20 നായിരുന്നു. ഇറാഖിന്റെ കൈയിൽ സമൂല നാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നുമുള്ള അമേരിക്കൻ വാദമാണ് രണ്ടാം ഗൾഫ് യുദ്ധത്തിലേക്കു നയിച്ചതെന്നു പറയപ്പെടുന്നു. 48 മണിക്കൂറിനകം സദ്ദാം ഹുസൈൻ ഇറാഖ് വിടണമെന്നുള്ള അമേരിക്കൻ പ്രസിഡണ്ടിന്റെ മാർച്ച് 17 ലെ മുന്നറിയിപ്പ് അവഗണിച്ചതാണ് യുദ്ധത്തിനുള്ള ഏറ്റവും അടുത്ത കാരണമായി കണക്കാക്കപ്പെടുന്നത്. 2003 മാർച്ച് 20 ന് അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന, ഇറാഖിനെ ആക്രമിക്കുകയും 2003 മേയ് മാസത്തിൽ അധികാരം പിടിച്ചെടുക്കുകയും ചെയ്തു.