1655 മാർച്ച് 25 നാണ് ഡച്ച് ജ്യോതിശാസ്ത്രഞ്ജനായ ക്രിസ്റ്റ്യാൻ ഹൂജെൻസ് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാൻ കണ്ടെത്തിയത്. അദ്ദേഹം സ്വയം നിർമ്മിച്ച ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ടൈറ്റാനെ തിരിച്ചറിഞ്ഞത്. ശനിയുടെ ചന്ദ്രൻ എന്ന പേരിലാണ് ആ കണ്ടെത്തൽ പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ശനിയുടെ കൂടുതൽ ഉപഗ്രഹങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ജോൺ ഹെർഷലാണ് ‘ടൈറ്റാൻ’ എന്ന പേര് ഈ ഉപഗ്രഹത്തിനു നൽകിയത്. സൗരയൂഥത്തിൽ കണ്ടെത്തിയ നൂറ്റിയൻപതോളം ചന്ദ്രന്മാരിൽ അന്തരീക്ഷമുള്ളത് ടൈറ്റാനു മാത്രമാണ്. ഭൂമിക്കു പുറമെ നദികളുടെയും തടാകങ്ങളുടെയും കടലുകളുടെയും രൂപത്തിൽ വലിയ ജലസാന്നിധ്യം കണ്ടെത്തിയ ഒരേയൊരു ഗോളവും ടൈറ്റാനാണ്. സൗരയൂഥത്തിൽ ഭൂമി കഴിഞ്ഞാൽ ജീവൻ നിലനിൽക്കാൻ ശാസ്ത്രജ്ഞർ ഏറ്റവും കൂടുതൽ സാധ്യത കൽപിച്ചിട്ടുള്ള ബഹിരാകാശ ഗോളങ്ങളിലൊന്നാണ് ടൈറ്റാൻ.
1812 മാർച്ച് 25 നാണ് വയനാട്ടിലെ കുറിച്യരും കുറുമരും ഉൾപ്പെടുന്ന ആദിവാസികൾ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം ആരംഭിച്ചത്. ‘കുറിച്യർ കലാപം’ എന്നാണ് ചരിത്രത്തിൽ ഇത് അറിയപ്പെടുന്നത്. രാമനമ്പി ആയിരുന്നു ആദിവാസികളുടെ നേതാവ്. ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ ബ്രിട്ടീഷുകാർ മലബാറിന്റെ ഭരണം സ്വന്തമാക്കിയതിനുശേഷം നടപ്പിലാക്കിയ നയങ്ങളാണ് ഈ കലാപത്തിനു കാരണമായത്. ആദിവാസികളുടെ കൈവശമുണ്ടായിരുന്ന ചെറിയ ഭൂമികളെല്ലാം ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. അവരുടെ പരമ്പരാഗത കൃഷിരീതിയായ വെട്ടിച്ചുട്ടു കൃഷി കാടുകളിൽ നടത്തുന്നത് വിലക്കി. നികുതി, സാധനങ്ങളായി നൽകുന്നതിനു പകരം പണമായി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ കുറിച്യരെ രോഷാകുലരാക്കി. 1812 മാർച്ചിൽ രാമനമ്പിയുടെ നേതൃത്വത്തിൽ കുറിച്യർ കലാപം ആരംഭിച്ചു. വയനാട്ടിലെ ബ്രിട്ടീഷ് സേനയെ അവർ ആക്രമിച്ചു തുരത്തിയെങ്കിലും മൈസൂരിൽ നിന്നെത്തിയ സേന കലാപത്തെ അടിച്ചമർത്തി. പ്ലാക്ക ചന്തു, ആയിരംവീട്ടിൽ കോന്തപ്പൻ, രാമനമ്പി തുടങ്ങിയവർ ഏറ്റുമുട്ടലിൽ വധിക്കപ്പെടുകയും മറ്റൊരു പ്രമുഖ നേതാവായ വെൺകലോൻ കേളു തൂക്കിലേറ്റപ്പെടുകയും ചെയ്തു.
ഉപയോക്താക്കൾക്ക് തിരുത്തലുകൾ വരുത്താവുന്ന ആദ്യ വെബ്സൈറ്റായ വിക്കിവിക്കി വെബ് ആരംഭിച്ചത് 1995 മാർച്ച് 25 നായിരുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമറായിരുന്ന വാർഡ് കണ്ണിംഗ്ഹാമാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചത്. പ്രോഗ്രാമർമാർക്ക് തങ്ങളുടെ ആശയങ്ങൾ എളുപ്പത്തിൽ കൈമാറുന്നതിനു വേണ്ടിയാണ് വിക്കി തയ്യാറാക്കിയത്. തിടുക്കം, വേഗം എന്നൊക്കെ പരിഭാഷപ്പെടുത്താവുന്ന ഹവായിയൻ വാക്കാണ് വിക്കി. വേഗത്തിൽ തിരുത്തലുകൾ വരുത്താവുന്നത് എന്ന നിലയിലാണ് വിക്കി എന്ന പേര് വെബ്സൈറ്റിനു നൽകിയത്. ക്വിക്ക് വെബ് എന്നതായിരുന്നു ആദ്യം നൽകാനുദ്ദേശിച്ചിരുന്ന പേര്.