ബംഗ്ലാദേശിന്റെ വിമോചന ചരിത്രത്തിലെ സുപ്രധാന ദിവസമാണ് 1971 മാർച്ച് 26. ഇന്ത്യാ വിഭജനത്തിനുശേഷം ബംഗ്ലാദേശ് പാക്കിസ്ഥാന്റെ ഭാഗമായി മാറി. കിഴക്കൻ പാക്കിസ്ഥാൻ എന്നാണ് ആദ്യകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. അംഗബലം കൂടുതൽ കിഴക്കൻ പാക്കിസ്ഥാനിലായിരുന്നെങ്കിലും, പടിഞ്ഞാറൻ പാക്കിസ്ഥാൻ എല്ലാ കാര്യങ്ങളിലും മേൽകൈ പുലർത്തിപ്പോന്നു. ജനങ്ങളിൽ 54% പേർ സംസാരിക്കുന്ന ബംഗാളിക്ക് രണ്ടാം ദേശീയ ഭാഷ എന്ന പദവിപോലും നൽകാതെ പടിഞ്ഞാറുള്ളവരുടെ ഉറുദു അടിച്ചേൽപിച്ചതും 1970 ൽ പാക്ക് പാർലമെന്റിലേക്കു നടത്തിയ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ കിഴക്കൻ പാക്കിസ്ഥാൻ പാർട്ടിയായ അവാമി ലീഗിന്റെ നേതാവ് ഷേഖ് മുജിബുർ റഹ്മാനെ പ്രധാനമന്ത്രിയാക്കാൻ ജനറൽ യഹ്യാ ഖാൻ വിസമ്മതിച്ചതും പ്രതിഷേധങ്ങൾക്കു കാരണമായി. 1971 മാർച്ചിൽ പാക്കിസ്ഥാൻ ബംഗ്ലാദേശിനെതിരെ സൈനിക നടപടി ആരംഭിച്ചു. നയതന്ത്ര ഇടപെടലുകൾ ഫലം കാണാത്തതിനാൽ ഇന്ത്യ സൈനികമായി ഇടപെട്ട് പാക്കിസ്ഥാനെ തോൽപിക്കുകയും മാർച്ച് 26 ന് ബംഗ്ലാദേശ് വിമോചിതമാകുകയും ചെയ്തു.
1979 മാർച്ച് 26 നാണ് ഇസ്രായേലും ഈജിപ്തും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവച്ചത്. 1948 മുതൽ നാലു യുദ്ധങ്ങളിൽ ഏർപ്പെട്ടതിനുശേഷമാണ് ഈ ഉടമ്പടിയിലേക്ക് ഇരുരാജ്യങ്ങളുമെത്തിയത്. വൈറ്റ് ഹൗസിൽവച്ചു നടന്ന ചടങ്ങിന് അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടറാണ് അധ്യക്ഷനായത്. ഈജിപ്ഷ്യൻ പ്രസിഡണ്ട് അൻവർ സാദത്തും, ഇസ്രായേലി പ്രധാനമന്ത്രി മെനാക്കെം ബേഗനുമാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്. അതിന്റെ ഭാഗമായി സീനായ് പ്രദേശത്തുനിന്ന് ഇസ്രായേൽ സൈന്യം പിന്മാറുകയും സൂയസ് കനാലിലൂടെ ഇസ്രായേലി കപ്പലുകൾക്ക് സുഗമമായ സഞ്ചാരം അനുവദിക്കുകയും ചെയ്തു.
1997 മാർച്ച് 26 നാണ് കുപ്രസിദ്ധമായ ഹെവൻസ് ഗേറ്റ് ആത്മഹത്യ നടന്നത്. മാർഷൽ ആപ്പിൾ വൈറ്റ് സ്ഥാപിച്ച ഒരു മതസംഘടനയായിരുന്നു ഹെവൻസ് ഗേറ്റ്. 1997 ൽ ഹാലിബോബ് ധൂമകേതു ഭൂമിക്കു സമീപത്തുകൂടി സഞ്ചരിക്കുന്ന ചിത്രങ്ങൾ പത്രങ്ങളിൽ വന്നപ്പോൾ, ഹെവൻസ് ഗേറ്റിന്റെ സഹസ്ഥാപകനായ അന്തരിച്ച തന്റെ സുഹൃത്ത് അന്യഗ്രഹ വാഹനവുമായി വരികയാണെന്നും അനുയായികളോട് ലോകം വിട്ടുപോകാൻ ഒരുങ്ങണമെന്നും അയാൾ ആവശ്യപ്പെട്ടു. അങ്ങനെ ആപ്പിൾവൈറ്റ് നിശ്ചയിച്ച സമയത്ത് അവരുടെ താമസസ്ഥലമായ കാലിഫോർണിയയിലെ സാൻ ഡിയേഗൊയിലെ ബംഗ്ലാവിൽ വച്ച് 39 പേർ ആത്മഹത്യ ചെയ്തു. ചുവന്ന തുണികൊണ്ട് മൂടിക്കിടന്ന നിലയിലായിരുന്നു മാർഷലിന്റെയും അനുയായികളുടെയും ജഡങ്ങൾ. കറുത്ത ഷർട്ടും പാന്റ്സും ടൈയും ഷൂസും ധരിച്ച ജഡങ്ങൾ, യാത്രയ്‌ക്കൊരുങ്ങിയ നിലയിലായിരുന്നു കാണപ്പെട്ടത്. സമീപത്ത് വസ്ത്രങ്ങൾ അടുക്കിവച്ച പെട്ടികളും ഓരോരുത്തരുടെയും പോക്കറ്റിൽ യാത്രച്ചെലവിനുള്ള അഞ്ചു ഡോളറുകളും ഉണ്ടായിരുന്നു.