ആധുനിക ലോകത്തിലെ ആദ്യ യൂണിവേഴ്സിറ്റികളിലൊന്ന് എന്നു പറയാവുന്ന നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സാൻ മാർക്കോസ് ഓഫ് ലിമ സ്ഥാപിതമായത് 1551 മെയ് 12 നാണ്. പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് യൂണിവേഴ്സിറ്റി ആരംഭിച്ചത്. യൂണിവേഴ്സിറ്റി ആരംഭിച്ചുകൊണ്ട് 1551 ൽ രാജാവ് കൽപനയിറക്കുകയും, 1571 ൽ മാർപാപ്പ അത് സ്ഥിരീകരിക്കുകയും ചെയ്തു. ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ട ആദ്യ യൂണിവേഴ്സിറ്റി എന്ന ഖ്യാതിയും ഈ യൂണിവേഴ്സിറ്റിക്കാണ്. പെറൂവിയൻ റിപ്പബ്ലിക് സ്ഥാപിതമായ 1824 മുതൽ 1861വരെ ഇത് അടഞ്ഞുകിടന്നു. 1874 ൽ ഒരു സ്വയാധികാര വിദ്യാഭ്യാസ സ്ഥാപനമായി ഇത് മാറി.
ആധുനിക നഴ്സിംഗിന് തുടക്കം കുറിച്ച ഫ്ളോറൻസ് നൈറ്റിംഗേൽ ജനിച്ചത് 1820 മെയ് 12 നാണ്. വില്യം എഡ്വേർഡ് നൈറ്റിംഗേലിന്റെയും ഫ്രാൻസിസ് നൈറ്റിംഗേലിന്റെയും രണ്ടാമത്തെ മകളായായിരുന്നു ജനനം. 1853 ൽ ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെയറിംഗ് സിക്ക് ജെന്റിൽ വുമൺ എന്ന സ്ഥാപനത്തിൽ സൂപ്രണ്ടായി ജോലി ആരംഭിച്ച അവർ തൊട്ടടുത്ത വർഷം ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ് മരണാസന്നരായ പട്ടാളക്കാരെ ശുശ്രൂഷിക്കാൻ തുർക്കിയിലേക്കു പുറപ്പെട്ടു. യുദ്ധരംഗത്തും തുടർന്നുമുള്ള പ്രവർത്തനം അവരെ വിളക്കേന്തിയ വനിയതയും ക്രിമിയയുടെ മാലാഖയുമാക്കി. അവരുടെ സേവനങ്ങൾക്ക് 1883 ൽ റോയൽ റെഡ്ക്രോസ് അവാർഡും 1907 ൽ ഓർഡർ ഓഫ് മെറിറ്റ് അവാർഡും ലഭിച്ചു. നൈറ്റിംഗേലിനോടുള്ള ആദരസൂചകമായാണ് അവരുടെ ജന്മദിനം അന്തർദേശീയ നഴ്സസ് ദിനമായി ആചരിക്കുന്നത്.
2008 മെയ് പന്ത്രണ്ടിനാണ് ചൈനയിലെ സിച്ചുവാനിൽ റിക്ടർസ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ വൻഭൂകമ്പം ഉണ്ടായത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ മലമ്പ്രദേശമാണ് സിച്ചുവാൻ. ഇന്ത്യൻ-ഓസ്ട്രേലിയൻ, യൂറേഷ്യൻ എന്നീ പ്ലേറ്റുകൾ കൂട്ടിയിടിച്ചാണ് ഭൂകമ്പമുണ്ടായത്. അതിൽ സിച്ചുവാൻ പ്രവിശ്യയിലെ എല്ലാ നഗരങ്ങളും ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ടു. തൊണ്ണൂറായിരത്തോളം ആളുകൾ മരിക്കുകയോ, കാണാതായതിനാൽ മരിച്ചതായി കണക്കാക്കപ്പെടുകയോ ചെയ്തു. അതിൽ 5300 പേർ കുട്ടികളായിരുന്നു. മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരത്തോളം പേർക്കാണ് പരിക്കേറ്റത്.