Friday, May 16, 2025

ചരിത്രത്തിൽ ഈ ദിനം: മെയ് 16

ആദ്യത്തെ ഓസ്കാർ അവാർഡ് വിതരണച്ചടങ്ങ് നടന്നത് 1929 മെയ് 16 നായിരുന്നു. 1927 ഓഗസ്റ്റ് ഒന്നു മുതൽ 1928 ഓഗസ്റ്റ് ഒന്നു വരെ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾക്കായാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഹോളിവുഡിലുള്ള റൂസ്വെൽറ്റ് ഹോട്ടലിലെ ബ്ലോസം റൂമിൽവച്ചാണ് ചടങ്ങുകൾ നടന്നത്. ‘വിങ്സ്’ എന്ന ചിത്രത്തിനാണ് ആദ്യത്തെ ഓസ്കാർ ലഭിച്ചത്. ജാനറ്റ് ഗെയ്നർ, എമിൽ ജാനിംഗ്സ് എന്നിവരായിരുന്നു മികച്ച നടീനടന്മാർ. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസസ് ആയിരുന്നു പുരസ്കാരങ്ങൾ നൽകിയത്.

1975 മെയ് 16 നാണ് ആദ്യമായൊരു വനിത എവറസ്റ്റിന് മുകളിലെത്തുന്നത്. ജപ്പാൻകാരിയായ ജുങ്കോ തബേയി ആയിരുന്നു അത്. എവറസ്റ്റ് കീഴടക്കുന്ന മുപ്പത്തിയാറാമത്തെ ആളായിരുന്നു ജുങ്കോ. 1939 ൽ ഫുക്കുഷിമയിലാണ് ഇവർ ജനിച്ചത്. സ്കൂൾ പഠനകാലത്ത് വിനോദയാത്രയുടെ ഭാഗമായി ജപ്പാനിലെ രണ്ടു മലകൾ കയറിയതോടെയാണ് ഉയരങ്ങൾ കീഴടക്കുക എന്നത് അവരുടെ അഭിലാഷമായി മാറിയത്. ഡിഗ്രി പഠനകാലത്ത് മൗണ്ടൻ കൈ്ലംബിംഗ് ക്ലബ്ബുകളിൽ അംഗമായിരുന്നു. പിന്നീട് 1969 ൽ സ്ത്രീകൾക്കുവേണ്ടി മാത്രം അത്തരമൊരു ക്ലബ്ബ് അവർ രൂപീകരിച്ചു. 1972 ഓടു കൂടി അറിയപ്പെടുന്ന ഒരു സാഹസിക ആയി മാറി. അങ്ങനെ 1975 ൽ എവറസ്റ്റിനു മുകളിലെത്തുന്ന ആദ്യവനിതയായി. 1992 ആയപ്പോഴേക്കും ഏഴു വൻകരകളിലെയും ഏറ്റവും ഉയരം കൂടിയ പർവതങ്ങൾ കീഴടക്കിയ ആദ്യ വനിതയുമായി അവർ.

2021 മെയ് 16 നാണ് ചൈനയുടെ ടിയാൻവെൻ-1 പേടകം ചൊവ്വയിൽ ഇറങ്ങിയത്. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയടങ്ങുന്ന ചൈനയുടെ ആദ്യ ചൊവ്വാ ദൗത്യമായിരുന്നു ഇത്. 2020 ജൂലൈ 23 ന് വിക്ഷേപിച്ച പേടകം ഏഴുമാസത്തെ സഞ്ചാരശേഷം 2021 ഫെബ്രുവരിയിലാണ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. രണ്ടുമാസം ചൊവ്വാഗ്രഹത്തെ വലംവച്ച ശേഷമാണ് ഇറങ്ങാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്. 240 കിലോഗ്രാം ഭാരമുള്ള റോവറിന് ആറു ചക്രങ്ങളും നാല് സോളാർ പാനലുകളുമാണുള്ളത്. റഡാർ, ക്യാമറ, അന്തരീക്ഷമാപിനി എന്നിവയടക്കം ആറ് ഉപകരണങ്ങളാണ് റോവറിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News