ആദ്യമായൊരു ഇന്ത്യൻ വനിത എവറസ്റ്റ് കീഴടക്കിയത് 1984 മെയ് 23 നാണ്. ഉത്തരാഖണ്ഡ് സ്വദേശിനിയായ ബചേന്ദ്രി പാൽ ആയിരുന്നു അത്. സ്കൂൾ കാലഘട്ടത്തിലാണ് ബചേന്ദ്രി സഹപാഠികളോടൊപ്പം ആദ്യമായി പർവതാരോഹണം നടത്തുന്നത്. ഇതിൽനിന്നും പ്രചോദനം ഉൾക്കൊണ്ട അവർ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണൈ്ടൻ എഞ്ചിനീറിങ്ങിൽ ചേർന്നു. ഗംഗോത്രി, രുദ്രഗാരിയ എന്നിങ്ങനെ ചെറുപർവതങ്ങൾ കീഴടക്കിയതിനുശേഷം ഭാരതത്തിലെ ആദ്യ മിക്സഡ് പർവാതാരോഹണ സംഘത്തിൽ ചേർന്നു. 1984 മെയ് ആദ്യം ബചേന്ദ്രി അടങ്ങുന്ന സംഘം എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള യാത്ര ആരംഭിച്ചു. മെയ് 23 ന് ഈ സംഘം തങ്ങളുടെ ലക്ഷ്യം കാണുകയും ബചേന്ദ്രി എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിതയാവുകയും ചെയ്തു.
ഇന്ത്യയിലെ കോവിഡ് മരണസംഖ്യ മൂന്നുലക്ഷം കടന്നത് 2021 മെയ് 23 നാണ്. സർക്കാർ കണക്കിലുൾപ്പെട്ട മരണങ്ങളുടെ മാത്രം എണ്ണമാണിത്. അന്ന് സ്ഥിരീകരിച്ച 4,452 മരണങ്ങൾ ഉൾപ്പെടെ മൂന്നുലക്ഷത്തി മൂവായിരത്തി എഴുനൂറ്റി അമ്പത്തിയൊന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 2020 ജനുവരി 27 നാണ് ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്; മാർച്ച് 12 ന് ആദ്യ കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിലെ കലബുറഗിയിലായിരുന്നു അത്. സൗദി അറേബ്യയിൽനിന്നു മടങ്ങിയെത്തിയ 76 വയസ്സുള്ള വയോധികനാണ് മരണപ്പെട്ടത്.
ആദ്യമായൊരു മലയാളി വനിത ജന്മനാട്ടിലേക്ക് വിമാനം പറത്തിയത് 2021 മെയ് 23 നായിരുന്നു. തിരുവനന്തപുരം കൊച്ചുതുറ സ്വദേശിനി ജെനി ജെറോമാണ് ചരിത്രം സൃഷ്ടിച്ച ആ പൈലറ്റ്. ഷാർജയിൽനിന്നു തിരുവനന്തപുരത്തേക്കു പറന്നിറങ്ങിയ എയർ അറേബ്യ വിമാനത്തിന്റെ സഹപൈലറ്റായാണ് ജെനി വിമാനം നിയന്ത്രിച്ചത്. തിരുവനന്തപുരത്തെ തീരദേശമേഖലയിൽ നിന്നുള്ള ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടിയാണ് ഈ യാത്രയിലൂടെ ജെനി സ്വന്തമാക്കിയത്. ചെറുപ്പം മുതൽ ഷാർജയിൽ താമസിക്കുന്ന ജെനി ഷാർജയിലെ ആൽഫ ഏവിയേഷൻ അക്കാദമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്.