Friday, November 22, 2024

ചരിത്രത്തിൽ ഈ ദിനം: നവംബർ 22

1873 നവംബർ 22 നാണ് ഫ്രഞ്ച് കപ്പലായ വില്ലെ ഡു ഹാവ്രെ വടക്കൻ അറ്റ്ലാന്റിക്കിൽ മുങ്ങിയത്. ചിക്കാഗോ അഭിഭാഷകനായ ഹൊറേഷ്യോ ജി. സ്പാഫോർഡിന്റെ നാല് പെൺമക്കളും ഈ കപ്പലപകടത്തിലാണ് മരണപ്പെട്ടത്. എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യ രക്ഷപെടുകയും ഇംഗ്ലണ്ടിൽ എത്തിച്ചേരുകയും ചെയ്തു. ഉടൻതന്നെ ഇംഗ്ലണ്ടിലെത്തിച്ചേരാൻ സ്പാഫോർഡ് കടൽമാർഗം മറ്റൊരു കപ്പലിൽ യാത്രചെയ്തു. കപ്പൽ തന്റെ പെൺമക്കൾ മരിച്ച സ്ഥലത്തുകൂടെ കടന്നുപോയപ്പോൾ, ‘ഇറ്റ് ഈസ് വെൽ വിത്ത് മൈ സോൾ’ എന്ന ഗാനം അദ്ദേഹം എഴുതി. പിന്നീട് ആ ക്രിസ്ത്യൻ ഭക്തിഗാനം പ്രസിദ്ധിയാർജിച്ചു.

1986 നവംബർ 22 നാണ് മൈക്ക് ടൈസൺ ഏറ്റവും പ്രായം കുറഞ്ഞ ഹെവി വെയ്റ്റ് ചാമ്പ്യൻ റെക്കോർഡ് സ്വന്തമാക്കിയത്. തന്റെ ഇരുപതാം വയസ്സിലായിരുന്നു ടൈസന്റെ ഈ നേട്ടം. ജമൈക്കൻ ബോക്സറായ ട്രെവർ ബെർബിക്കിനെ പരാജയപ്പെടുത്തിയ മത്സരത്തിലാണ് ടൈസൺ ബോക്സിംഗിലെ പ്രായം കുറഞ്ഞ ലോകചാമ്പ്യനായത്. 33 വയസ്സുണ്ടായിരുന്ന ബെർബിക്കിനെ കേവലം അഞ്ചുമിനിറ്റ് 35 സെക്കന്റിനുള്ളിലാണ് ടൈസൺ പരാജയപ്പെടുത്തിയത്. 1986 ൽ വേൾഡ് ബോക്സിംഗ് കൗൺസിലിന്റെ കിരീടം സ്വന്തമാക്കിയ അദ്ദേഹം മൂന്നു മാസങ്ങൾക്കുശേഷം വേൾഡ് ബോക്സിംഗ് അസോസിയേഷന്റെ ബെൽറ്റും സ്വന്തമാക്കി. 1987 ആഗസ്റ്റ് ഒന്നിന് ടോണി ടക്കറെ പരാജയപ്പെടുത്തിയതോടെ വേൾഡ് ബോക്സിംഗ് കൗൺസിൽ, വേൾഡ് ബോക്സിംഗ് അസോസിയേഷൻ, ഇന്റർനാഷണൽ ബോക്സിംഗ് ഫെഡറേഷൻ എന്നീ മൂന്ന് അന്താരാഷ്ട്ര ബോക്സിംഗ് സംഘടനകളും അദ്ദേഹത്തെ ലോകചാമ്പ്യനായി അംഗീകരിച്ചു.

യുക്രൈനിൽ ഓറഞ്ച് വിപ്ലവം ആരംഭിച്ചത് 2004 നവംബർ 22 നായിരുന്നു. 2004 നവംബർ മുതൽ 2005 ജനുവരി വരെ നടന്ന രാഷ്ട്രീയ സമരപരമ്പരയെയാണ് ഓറഞ്ച് വിപ്ലവം എന്ന് വിളിക്കുന്നത്. ഖാർകീവിലെ ഫ്രീഡം സ്ക്വയറിൽ അമ്പതിനായിരത്തോളം ആളുകൾ സംബന്ധിച്ച റാലിയോടെയാണ് വിപ്ലവത്തിനു തുടക്കമായത്. 2004 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വമ്പിച്ച അഴിമതിയും തിരഞ്ഞെടുപ്പ് അട്ടിമറിയും നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. ആയിരക്കണക്കാനാളുകൾ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. ഒക്ടോബർ 31 ന് നടന്ന തിരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി പ്രഖ്യാപിച്ചതോടെ ഡിസംബർ അവസാനം വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയും യുഷ്ചെങ്കോ അധികാരത്തിലെത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News