1958 നവംബർ 29 നാണ് ചൈനീസ് മിഷനറി ജോൺ ഡിംഗിനെയും ഭാര്യ ഷു യിമിംഗിനെയും ടിബറ്റിൽനിന്ന് കമ്മ്യൂണിസ്റ്റുകൾ പിടികൂടുകയും അവിടെ അവർ സുവിശേഷപ്രഘോഷണം നടത്തിയതിന്റെ പേരിൽ തടവിലാക്കപ്പെടുകയും ചെയ്തത്. ഷു തന്റെ ഭർത്താവിനുമുമ്പ് മരണമടഞ്ഞെങ്കിലും മൂന്നുവർഷത്തേക്ക് അദേഹത്തെ മരണവാർത്ത അറിയിച്ചിരുന്നില്ല.
പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ സ്ഥാപിക്കപ്പെട്ടത് 1899 നവംബർ 29 നായിരുന്നു. സ്വിസ് വംശജനായ കായികതാരം ജോവാൻ ഗാംപെറാണ് ക്ലബ്ബ് ആരംഭിച്ചത്. സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയിലെ ബാഴ്സലോണ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ഈ ക്ലബ്ബ് ‘ബാഴ്സ’ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. 1902 ആയപ്പോഴേക്കും ശ്രദ്ധേയമായ വിജയങ്ങൾ നേടാൻ ക്ലബ്ബിനാകുകയും 1909 ൽ ആറായിരം പേർക്ക് ഇരിക്കാവുന്ന തങ്ങളുടെ ആദ്യ സ്റ്റേഡിയവും ക്ലബ്ബ് സ്വന്തമായി നിർമിച്ചു. 1951-52 വർഷത്തിൽ അഞ്ച് സുപ്രധാന കപ്പുകളാണ് ബാഴ്സലോണ സ്വന്തമാക്കിയത്. ഫൈവ് കപ്പ്സ് സീസൺ എന്നാണ് ഈ വർഷം അറിയപ്പെടുന്നത്. മറ്റുള്ള ഫുട്ബോൾ ക്ലബ്ബുകളിൽനിന്നു വ്യത്യസ്തമായി ബാഴ്സലോണയുടെ ഉടമസ്ഥരും പ്രവർത്തിപ്പിക്കുന്നവരും ക്ലബ്ബിന്റെ ആരാധകർ തന്നെയാണ്. വരുമാനത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ക്ലബ്ബാണ് എഫ്. സി ബാഴ്സലോണ. നിരവധി ലോകോത്തര താരങ്ങൾ ക്ലബ്ബിനുവേണ്ടി ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്.
ദക്ഷിണധ്രുവത്തിനു മുകളിൽകൂടി ആദ്യമായി ഒരാൾ വിമാനം പറത്തിയത് 1929 നവംബർ 29 നായിരുന്നു. റിച്ചാർഡ് ഈവ്ലിൻ ബീഡ് എന്ന അമേരിക്കൻ വൈമാനികനാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബെന്റ് ബാൽചെൻ, ഹരോൾഡ് ജൂൺ, ആഷ്ലി മകിൻലി എന്നീ മൂന്നുപേരും ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നു. അന്റാർട്ടിക്കയിലെ ലിറ്റിൽ അമേരിക്ക എന്നറിയപ്പെടുന്ന അമേരിക്കൻ ബേസ്ക്യാമ്പിൽ നിന്നാണ് യാത്ര ആരംഭിച്ചത്. 18 മണിക്കൂറും 41 മിനിറ്റുമാണ് യാത്ര പൂർത്തീകരിക്കാനെടുത്ത സമയം. ഇതിനുപുറമെ അന്റാർട്ടിക്കയിലേക്ക് അമേരിക്ക നടത്തിയ അഞ്ച് പര്യവേഷണങ്ങളിലും റിച്ചാർഡ് അംഗമായിരുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങൾ പരിഗണിച്ച് യു. എസ്., കോൺഗ്രഷണൽ മെഡൽ ഓഫ് ഓണർ നൽകി അദ്ദേഹത്തെ ആദരിച്ചു.
പാലസ്തീനെ അറബ് – ജൂതരാഷ്ട്രങ്ങളായി തിരിക്കാനുള്ള വിഭജനപദ്ധതി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത് 1947 നവംബർ 29 നായിരുന്നു. ജറുസലേമിനെ ഇരുരാജ്യങ്ങളുടെയും ഭാഗമാക്കാതെ അന്തർദേശീയ നിയന്ത്രണത്തിൽ നിലനിർത്തുന്നതായിരുന്നു പദ്ധതി. അറബ് ജനത എതിർത്തെങ്കിലും യഹൂദർ ഇതിനെ സ്വാഗതം ചെയ്തു. ഇസ്രായേൽ സ്ഥാപനത്തിനു പിന്നിലെ നൈയാമിക അടിത്തറയായി യഹൂദർ കരുതുന്നത് ഈ രേഖയാണ്. 1922 മുതൽ പാലസ്തീൻ ബ്രിട്ടന്റെ അധീനതയിലായിരുന്നു. ആ സമയത്താണ് പാലസ്തീനിലേക്കുള്ള യഹൂദ കുടിയേറ്റങ്ങൾ വർധിച്ചത്. അപ്പോൾ മുതൽ അറബ് – യഹൂദസംഘർഷങ്ങൾ ആരംഭിച്ചിരുന്നു. 1947 ൽ ബ്രിട്ടൻ പാലസ്തീനിൽനിന്നു പിൻവാങ്ങുന്ന സമയത്ത് ഇക്കാര്യം ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. അതുപ്രകാരം പ്രദേശത്തെ സ്ഥിതിഗതികൾ പഠിക്കുന്നതിനായി ഐക്യരാഷ്ട്ര സഭ, യുണൈറ്റഡ് നേഷൻസ് സ്പെഷ്യൽ കമ്മിറ്റി ഓൺ പാലസ്തീൻ എന്നപേരിൽ ഒരു സമിതിയെ നിയമിച്ചു. ആ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടുകളുടെ വെളിച്ചത്തിലാണ് യു. എൻ. വിഭജനപദ്ധതി ആവിഷ്കരിച്ചത്.