1872 നവംബർ 30 നായിരുന്നു ലോകത്തെ ആദ്യ അന്താരാഷ്ട്ര ഫുട്ബോൾ മത്സരം നടന്നത്. സ്കോട്ടലന്റിലെ ക്രിക്കറ്റ് സ്റ്റേഡിയമായ ഹാമിൽട്ടൻ ക്രെസന്റിൽവച്ച് നടന്ന മത്സരത്തിൽ ഇംഗ്ലണ്ടും സ്കോട്ലന്റും തമ്മിലാണ് അന്ന് ഏറ്റുമുട്ടിയത്. കടുംനീല നിറത്തിലുള്ള ജഴ്സിയിൽ സ്കോട്ലന്റും വെള്ളനിറത്തിലുള്ള ജഴ്സിയിൽ ഇംഗ്ലണ്ടും ഗ്രൗണ്ടിലിറങ്ങി. നാലായിരത്തോളം ആളുകളാണ് അന്ന് കളി കാണാൻ സ്റ്റേഡിയത്തിലെത്തിയത്. ഒരു ഷില്ലിംഗ് ആയിരുന്നു പ്രവേശന ഫീസ്. കളി കാണാനെത്തിയവർക്കു പക്ഷേ അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ ഗോൾ അന്ന് കാണാനായില്ല. ഗോൾരഹിത സമനിലയിൽ കളി അവസാനിക്കുകയായിരുന്നു.
ശീതകാലയുദ്ധം എന്നറിയപ്പെടുന്ന റഷ്യ – ഫിൻലന്റ് യുദ്ധം ആരംഭിച്ചത് 1939 നവംബർ 30 നായിരുന്നു. സോവിയറ്റ് യൂണിയൻ ഫിൻലന്റിൽ അധിനിവേശം ആരംഭിച്ചതോടെയാണ് യുദ്ധം തുടങ്ങിയത്. അതിർത്തികൾ ലെനിൻഗ്രാഡിൽനിന്ന് ഫിന്നിഷ് ഭാഗത്തേക്കു മാറ്റാനും അവയെ കൂടുതൽ ശക്തിപ്പെടുത്താനുമുള്ള സോവിയറ്റ് യൂണിയന്റെ ആഗ്രഹമായിരുന്നു സൈനിക ഏറ്റുമുട്ടലുകളുടെ പ്രധാന കാരണം. കരേലിയയിലെ ഭൂമിയുടെ ഒരു ഭാഗത്തിനു പകരമായി ഹങ്കോ പെനിൻസുലയും ഫിൻലന്റിന്റെ പ്രദേശത്തെ ദ്വീപുകളും പാട്ടത്തിനു നൽകണമെന്നതും സോവിയറ്റ് യൂണിയന്റെ ആവശ്യങ്ങളിലൊന്നായിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ ഫിൻലന്റിന് സ്വീകാര്യമായിരുന്നില്ല. ആ സാഹചര്യത്തിലാണ് ഫിന്നിഷ് പ്രദേശങ്ങളിൽ സൈനിക അധിനിവേശം ആരംഭിക്കാൻ സ്റ്റാലിൻ തീരുമാനിക്കുന്നത്. 1940 മാർച്ച് 12 വരെ യുദ്ധം നീണ്ടുനിന്നു.
മൈക്കിൾ ജാക്സന്റെ പ്രശസ്തമായ ത്രില്ലർ എന്ന ആൽബം പുറത്തിറങ്ങിയത് 1982 നവംബർ 30 നായിരുന്നു. സംഗീതലോകത്ത് നിരവധി റെക്കോർഡുകൾ സൃഷ്ടിച്ച ആൽബമായിരുന്നു ത്രില്ലർ. ജാക്സണ് പ്രശസ്തിയിലേക്കുള്ള പടവുകളിലൊന്നായിരുന്നു ഈ ആൽബം. ഇതിന്റെ 109 ദശലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. 80 ആഴ്ചകളാണ് ബിൽബോർഡ് റേറ്റിംഗിൽ ഇത് പത്തെണ്ണത്തിലൊന്നായി തുടർന്നത്. എട്ട് ഗ്രാമി അവാർഡുകൾ ത്രില്ലർ സ്വന്തമാക്കി. 42 മിനിറ്റും 16 സെക്കന്റും ദൈർഘ്യമുണ്ടായിരുന്ന ഈ ആൽബത്തിന്റെ നിർമാണച്ചെലവ് ഏഴര ലക്ഷം ഡോളർ ആയിരുന്നു. ഏപ്രിൽ 14 ന് ആരംഭിച്ച റെക്കോർഡിംഗ് നവംബർ എട്ടിനാണ് പൂർത്തിയായത്.