റോമൻ ചക്രവർത്തി ജസ്റ്റീനിയൻ അന്തരിച്ചത് 565 നവംബർ 14 നാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് കിഴക്കൻ, പടിഞ്ഞാറൻ സാമ്രാജ്യങ്ങളെ രാഷ്ട്രീയമായും മതപരമായും വീണ്ടും ഒന്നിപ്പിച്ചു. കോൺസ്റ്റാന്റിനോപ്പിളിൽ അദ്ദേഹം നിരവധി പുതിയ ബസിലിക്കകൾ സ്ഥാപിച്ചു. കാലഹരണപ്പെട്ടുപോയ റോമൻ നിയമസംഹിതകൾ നവീകരിക്കുകയുണ്ടായി. ഇത് പിന്നീട് ‘ജസ്റ്റീനിയൻ കോഡ്’ എന്നറിയപ്പെട്ടു. ഇത് കാനൻ നിയമത്തിന്റെ വികാസത്തെ വളരെയധികം സ്വാധീനിച്ചു.
1922 നവംബർ 14 നാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ദൈനംദിന റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. വിവിധ വാർത്താ ഏജൻസികളിൽനിന്നു ശേഖരിച്ച വാർത്തകൾ ഉൾപ്പെടുത്തിയ വാർത്താ ബുള്ളറ്റിനോടെ വൈകിട്ട് ആറുമണിക്ക് ആദ്യ പ്രക്ഷേപണം നടന്നു. വാർത്തയ്ക്കുശേഷം കാലാവസ്ഥാ വകുപ്പ് തയ്യാറാക്കിയ കാലാവസ്ഥാ അറിയിപ്പും ഉണ്ടായിരുന്നു. പ്രോഗ്രാം ഡയറക്ടറായിരുന്ന ആർതർ ബുറോസാണ് ഇവ രണ്ടും വായിച്ചത്. ആദ്യ വാർത്താ ബുള്ളറ്റിൻ ആദ്യം വേഗത്തിലും പിന്നീട് വേഗത കുറച്ചും രണ്ടുതവണയാണ് അദ്ദേഹം വായിച്ചത്. മാർക്കോണിയിൽനിന്നു സ്വന്തമാക്കിയ ട്രാൻസ്മിറ്റർ ഉപയോഗിച്ചാണ് ബി. ബി. സി. ആദ്യ വാർത്ത പ്രക്ഷേപണം ചെയ്തത്. തൊട്ടടുത്ത ദിവസംതന്നെ ബിർമിങ്ഹാമിൽ നിന്നും മാഞ്ചെസ്റ്ററിൽ നിന്നും ബി. ബി. സി. റേഡിയോ പ്രക്ഷേപണങ്ങൾ ആരംഭിച്ചു. ബി. ബി. സി. യുടെ ആദ്യ ട്രാൻസ്മിറ്റർ ഇന്ന് ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം 1889 നവംബർ 14 നായിരുന്നു. അലഹാബാദിലുള്ള കാശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 15-ാം വയസ്സിൽ തുടർപഠനത്തിനായി അദ്ദേഹം ഇംഗ്ലണ്ടിലെ ഹാരോ സ്കൂളിൽ ചേർന്നു. ഹാരോ സ്കൂളിലും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലുമായി പഠനം പൂർത്തിയാക്കുകയും 1912 ൽ ഇന്ത്യയിൽ തിരിച്ചെത്തുകയും ചെയ്തു. ശേഷം അദ്ദേഹം അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി. 1916 ൽ ഗാന്ധിജിയെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. 1923 ൽ പാർട്ടി ജനറൽ സെക്രട്ടറിയായ അദ്ദേഹം പൂർണ്ണസ്വരാജ് പ്രഖ്യാപിച്ച 1929 ലെ കോൺഗ്രസിന്റെ ലാഹോർ സമ്മേളനസമയത്ത് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. ഉപ്പുസത്യഗ്രഹം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങിയവയുടെ മുൻനിരയിൽ അദ്ദേഹവുമുണ്ടായിരുന്നു. 1946 ൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പായി രൂപീകരിച്ച താൽക്കാലിക സർക്കാരിന്റെ തലവനായിരുന്നു അദ്ദേഹം. പിന്നീട് രാജ്യം സ്വതന്ത്രമായപ്പോൾ അദ്ദേഹം ആദ്യത്തെ പ്രധാനമന്ത്രിയായി. 1964 മെയ് 27 വരെ അദ്ദേഹം പ്രധാനമന്ത്രിപദത്തിൽ തുടർന്നു. കുട്ടികളോട് അദ്ദേഹം പുലർത്തിയിരുന്ന പ്രത്യേക താൽപര്യം മുൻനിർത്തി അദ്ദേഹത്തിന്റ ജന്മദിനം ശിശുദിനമായാണ് ഇന്ത്യയിൽ ആചരിക്കുന്നത്.
1975 നവംബർ 14 നായിരുന്നു മാഡ്രിഡ് ഉടമ്പടി ഒപ്പുവച്ചത്. സ്പെയിൻ, മൊറോക്കോ, മോറിത്താനിയ എന്നീ രാജ്യങ്ങൾ തമ്മിലായിരുന്നു ഉടമ്പടി. സഹാറയിലെ കോളനിവത്കരണം അവസാനിപ്പിക്കുന്നതു സംബന്ധിച്ചായിരുന്നു ഉടമ്പടി. ഉടമ്പടിപ്രകാരം സഹാറ പ്രവിശ്യയെ മെറോക്കോ, മോറിത്താനിയ എന്നീ രാജ്യങ്ങൾക്കായി വിഭജിച്ചുനൽകി. 1975 നവംബർ ആറിന് മൊറോക്കോ രാജാവായിരുന്നു ഹസൻ രണ്ടാമന്റെ ആഹ്വാനപ്രകാരം മൂന്നരലക്ഷത്തോളം ആളുകൾ ചേർന്നു നടത്തിയ ഗ്രീൻ മാർച്ചാണ് മാഡ്രിഡ് ഉടമ്പടിയിലേക്കെത്താനുള്ള ഏറ്റവും അടുത്ത കാരണമായത്.