Wednesday, November 27, 2024

ചരിത്രത്തിൽ ഈ ദിനം: നവംബർ 27

ആൽഫ്രഡ് നോബൽ തന്റെ വിൽപത്രത്തിൽ ഒപ്പുവയ്ക്കുന്നത് 1895 നവംബർ 27 നാണ്. അന്ന് അദ്ദേഹം ഒപ്പുവച്ച ആ വിൽപത്രത്തിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ നൊബേൽ സമ്മാനങ്ങൾ സ്ഥാപിതമായത്. തന്റെ സമ്പാദ്യത്തിന്റെ ഒരു വലിയ ഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കുന്നവർക്ക് പുരസ്കാരമായി നൽകണമെന്ന വ്യവസ്ഥയാണ് അദ്ദേഹം തന്റെ വിൽപത്രത്തിൽ എഴുതിച്ചേർത്തിരുന്നത്. വിൽപത്രത്തിന്റെ നടത്തിപ്പുകാരായി, തന്റെ ഗവേഷണശാലയിൽ ജോലിചെയ്തിരുന്ന റഗ്നാർ സോൾമനെയും റുഡോൾഫ് ലില്ജെഖ്വിസ്റ്റിനെയും അദ്ദേഹം ചുതലപ്പെടുത്തിയിരുന്നു. അവർ ചേർന്ന് നോബൽ സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്നതിന് നോബൽ ഫൗണ്ടേഷൻ എന്നപേരിൽ 1900 ജൂൺ 29 ന് ഒരു ട്രസ്റ്റ് രൂപവത്കരിക്കുകയും 1901 മുതൽ നൊബേൽ സമ്മാനങ്ങൾ നൽകിത്തുടങ്ങുകയും ചെയ്തു.

ആദ്യമായി ഒരു വനിത, പുരുഷന്മാരുടെ പ്രൊഫഷണൽ ബാസ്കറ്റ് ബോളിൽ കളിക്കാനിറങ്ങിയത് 1968 നവംബർ 27 നായിരുന്നു. അമേരിക്കക്കാരിയായ പെന്നി ആൻ ഏർലി ആണ് അന്ന് ചരിത്രമെഴുതിയത്. കുതിരയോട്ട മത്സരത്തിൽ പങ്കെടുക്കാൻ ലൈസൻസ് കിട്ടിയ ആദ്യ വനിത കൂടിയായിരുന്നു അവർ. എന്നാൽ, പുരുഷന്മാരായ മത്സരാർഥികൾ അവരോടൊപ്പം മത്സരിക്കില്ല എന്ന് ഉറച്ച നിലപാടെടുത്തു. അതിനെ തുടർന്നാണ് കെന്റക്കി കേണൽസ് എന്ന ബാസ്കറ്റ് ബോൾ ടീം അവരുമായി ഹ്രസ്വകാല ഉടമ്പടി ഒപ്പുവച്ചത്. അതുപ്രകാരം, ലോസ് ആഞ്ചലസ് സ്റ്റാർസുമായി നടന്ന മത്സരത്തിലാണ് ഏതാനും മിനിറ്റുകൾ സമയത്തേക്കു മാത്രമായി അവർ കളത്തിലിറങ്ങിയത്. അങ്ങനെ പുരുഷ ബാസ്കറ്റ് ബോളിൽ കളിക്കാനിറങ്ങിയ ആദ്യ വനിതയായി അവർ മാറി.

ലോകത്തിലെ വിജയകരമായ ആദ്യ ഭാഗിക മുഖം മാറ്റവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് 2005 നവംബർ 27 നായിരുന്നു. നായയുടെ ആക്രമണത്തിൽ മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇസബെല്ല ഡിനോറി എന്ന 38 വയസ്സുകാരിയാണ് ആദ്യ ശസ്ത്രക്രിയയ്ക്കു വിധേയയായത്. സർജൻമാരായ ബെർണാർഡ് ഡിവോഷെൽ, മൈക്കിൾ ഡ്യൂബെർനാഡ് എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. ഡിനോറിയുടെ കേസ് പ്രത്യേകമായി പരാമർശിച്ചാണ് വൈദ്യസംഘം മുഖം മാറ്റവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള അനുമതി തേടിയത്. അനുമതി ലഭിച്ചശേഷം ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം മാത്രമാണ് ഇതിനെക്കുറിച്ചുള്ള വാർത്ത ലോകം അറിഞ്ഞത്. ശസ്ത്രക്രിയയ്ക്കുശേഷം ഒരാഴ്ചയ്ക്കുള്ളിൽ അവർ ഭക്ഷണം കഴിച്ചുതുടങ്ങി. പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിൽ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News