Thursday, April 3, 2025

ചരിത്രത്തിൽ ഈ ദിനം: നവംബർ 05

രണ്ടാം പാനിപ്പത്ത് യുദ്ധം നടന്നത് 1556 നവംബർ അഞ്ചിനാണ്. മുഗൾ രാജാവായിരുന്ന അക്ബറും വടക്കേ ഇന്ത്യയുടെ ഭരണാധികാരിയായിരുന്ന ഹേമുവും തമ്മിലായിരുന്നു യുദ്ധം. ആദിൽ ഷാ സൂരിയുടെ പ്രധാനമന്ത്രിയും സൈന്യാധിപനും ആയിരുന്നു ഹെമു. അക്ബറിന്റെ സൈന്യത്തെ പരാജയപ്പെടുത്തി ആഗ്രയിലെയും ദില്ലിയിലെയും വലിയ സംസ്ഥാനങ്ങൾ ഹെമു കീഴടക്കിയതറിഞ്ഞ് അക്ബർ പടയാളികളുമായി പുറപ്പെട്ടു. നവംബർ അഞ്ചിന് ഇരുസൈന്യവും പാനിപ്പത്തിൽ കണ്ടുമുട്ടുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തു. ഹെമുവിന്റെ വലിയ സൈന്യം തുടക്കത്തിൽ വിജയിച്ചെങ്കിലും ഒരു അമ്പ് കൊണ്ട് കണ്ണിൽ പരിക്കുപറ്റിയ ഹെമു നിലത്തു പതിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തതോടെ സൈന്യത്തിന്റെ ബലം നഷ്ടമായി. സൈന്യം ചിതറിയോടിയെങ്കിലും ഹെമുവിനെ മുഗളന്മാർ പിടികൂടി ശിരച്ഛേദം ചെയ്തു.

1917 നവംബർ അഞ്ചിനാണ് ഇരുനൂറു വർഷങ്ങൾക്കിപ്പുറം റഷ്യൻ ഓർത്തഡോക്സ്  സഭ അവരുടെ ആദ്യ പാത്രിയർക്കിനെ തിരഞ്ഞെടുത്തത്. മോസ്കോയുടെ മെത്രാപ്പോലീത്തയായി അവരോധിക്കപ്പെട്ട ബഹുമാനപ്പെട്ട ടികോൺ, പുതിയ സോവിയറ്റ് യൂണിയൻ സ്റ്റേറ്റിൽനിന്നും നിരവധി വെല്ലുവിളികളും സമ്മർദങ്ങളും നേരിട്ടിരുന്നു.

ആദ്യ ചൊവ്വാദൗത്യമായ മംഗൾയാൻ വിക്ഷേപിച്ചത് 2013 നവംബർ അഞ്ചിനായിരുന്നു. ലോകത്ത് ആദ്യ ഉദ്യമത്തിൽത്തന്നെ വിജയം വരിച്ച ചൊവ്വാദൗത്യമാണിത്. ശ്രീഹരിക്കോട്ടയിൽ നിന്ന് ‘പി. എസ്. എൽ. വി. സി. 25’ റോക്കറ്റിലാണ് മംഗൾയാൻ പറന്നുയർന്നത്. വിക്ഷേപിച്ച് 300 ദിവസത്തിനുള്ളിൽ, 2014 സെപ്റ്റംബർ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ മംഗൾയാൻ, സെപ്റ്റംബർ 28 നുതന്നെ ചൊവ്വയുടെ ആദ്യചിത്രം ഭൂമിക്കു നൽകി. തുടർന്ന് ആയിരത്തിലേറെ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ച് ഇന്ത്യൻ ബഹിരാകാശശാസ്ത്രത്തിന് വിലയേറിയ സംഭാവനകളാണ് മംഗൾയാൻ നൽകിയത്. ചൊവ്വാഗ്രഹത്തെക്കുറിച്ചു പഠിക്കുന്നതിനും ആന്തരിക സൗരയൂഥം പര്യവേക്ഷണം ചെയ്യുന്നതിനുള്ള പ്രധാന സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനുമായിട്ടാണ് 450 കോടി രൂപ മുതൽമുടക്കി ഇന്ത്യ മംഗൾയാൻ ദൗത്യം നടത്തിയത്. മറ്റേതെങ്കിലുമൊരു ഗ്രഹത്തിലേക്ക് ഇന്ത്യ അയയ്ക്കുന്ന ആദ്യദൗത്യമായിരുന്നു മംഗൾയാൻ. ആറുമാസം മാത്രമായിരുന്നു 1,350 കിലോഗ്രാം ഭാരമുള്ള മംഗൾയാനിന്റെ ആയുസ്സ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എട്ടുവർഷം അത് ചൊവ്വയുടെ ഭ്രമണപഥത്തിൽ കറങ്ങി. ഒടുവിൽ 2022 ഒക്ടോബർ മൂന്നിന് ദൗത്യം അവസാനിപ്പിച്ചതായി ഐ. എസ്. ആർ. ഒ. അറിയിച്ചു.

മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയ്ഡ് ആദ്യമായി അവതരിപ്പിച്ചത് 2007 നവംബർ അഞ്ചിനാണ്. ആൻഡി റൂബിൻ, റിച്ച് മൈനർ, നിക്ക് സീയേഴ്സ്, ക്രിസ് വൈറ്റ് എന്നിവർ ചേർന്നാണ് 2003 ൽ ആൻഡ്രോയിഡ് കമ്പനി സ്ഥാപിച്ചത്. ആദ്യം ഡിജിറ്റൽ ക്യാമറകളെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള സോഫ്റ്റ്വെയറായാണ് അവർ ആൻഡ്രോയിഡ് പ്ലാൻ ചെയ്തത്. എന്നാൽ പിന്നീട് അത് മൊബൈലിൽ ഉപയോഗിക്കാൻ കഴിയുന്നതാക്കി മാറ്റുകയായിരുന്നു. 2005 ൽ 50 മില്യൺ ഡോളറിന് ആൻഡ്രോയിഡിനെ ഗൂഗിൾ സ്വന്തമാക്കുകയും 2007 നവംബർ അഞ്ചിന് ആൻഡ്രോയിഡിന്റെ ആദ്യ വേർഷൻ ഗൂഗിൾ പുറത്തിറക്കുകയും ചെയ്തു.

Latest News