നിരവധി സംഭവങ്ങളിലൂടെയാണ് ചരിത്രത്തിൽ ഈ ദിനം കടന്നുപോകുന്നത്.
1260 ഒക്ടോബർ 24 നാണ് അലക്സാണ്ടർ നാലാമൻ മാർപാപ്പയുടെ കീഴിൽ ഫ്രാൻസിലെ ചാർട്രസ് കത്തീഡ്രൽ, വിശ്വാസികൾക്കും തീർഥാടകർക്കുമായി സമർപ്പിക്കുന്നത്. 30 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ ഈ ദൈവാലയം ഗോഥിക് വാസ്തുവിദ്യയെ പ്രതിനിധീകരിക്കുന്നു.
1930 കളിലുണ്ടായ മഹാ സാമ്പത്തികമാന്ദ്യത്തിനു കാരണമായ അമേരിക്കൻ ഓഹരിവിപണി തകർച്ച ആരംഭിച്ചത് 1929 ഒക്ടോബർ 24 നായിരുന്നു. അമേരിക്കൻ ഓഹരിവിപണി ചരിത്രത്തിലുണ്ടായ വൻ ഇടിവായിരുന്നു അത്. 1920 കളുടെ ആരംഭത്തിൽ ഓഹരിവിപണിയിലുണ്ടായ വളർച്ച നിക്ഷേപകരുടെ എണ്ണം വർധിപ്പിച്ചിരുന്നു. എന്നാൽ, 1929 ഒക്ടോബർ ആദ്യത്തോടെ ഓഹരിവിപണിയിൽ തകർച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോൾമുതൽ തങ്ങളുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിക്കാനായി നിക്ഷേപകർ തിരക്കുകൂട്ടി. ഒക്ടോബർ 24 നായിരുന്നു ഓഹരികൾ വിറ്റഴിക്കാനുള്ള നിക്ഷേപകരുടെ ആദ്യശ്രമം നടന്നത്. അന്നേദിനം ഒരു വ്യാഴാഴ്ചയായിരുന്നു. അതിനാൽത്തന്നെ ഈ ദിവസത്തെ ‘കറുത്ത വ്യാഴാഴ്ച’ എന്നാണ് അമേരിക്കൻ ചരിത്രം അടയാളപ്പെടുത്തുന്നത്. ആധുനിക കാലത്തെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യമായ ഇതിനെ പ്രതിരോധിക്കാൻ കഴിയാതെപോയതിനാൽ ഈ കാലഘട്ടം ‘ഗ്രേറ്റ് ഡിപ്രെഷൻ’ എന്ന് അറിയപ്പെടുന്നു.
1945 ഒക്ടോബർ 24 നാണ് ഐക്യരാഷ്ട്രസഭ നിലവിൽ വന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ലോകത്ത് സമാധാനവും ഒരുമയും നിലനിർത്താനായി ലീഗ് ഓഫ് നേഷൻസ് എന്ന സംഘടന പ്രവർത്തനമാരംഭിച്ചു. എന്നാൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെ ഇതിന്റെ പ്രവർത്തനങ്ങൾ നിലച്ചു. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയത്താണ് ഇനി ഇത്തരമൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ ഒരു അന്തർദേശീയ സംവിധാനം വേണമെന്ന് വിവിധ രാജ്യങ്ങൾ തീരുമാനിച്ചത്. അതിന്റെ ഫലമായി അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ് തയ്യാറാക്കിയ യുണൈറ്റഡ് നേഷൻസ് ഡിക്ലറേഷനിൽ അമേരിക്ക, ബ്രിട്ടൻ, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ 1942 ജനുവരി ഒന്നിന് ഒപ്പുവച്ചു. പിറ്റേന്നുതന്നെ മറ്റ് 22 രാജ്യങ്ങൾകൂടി ഈ പ്രഖ്യാപനത്തെ അംഗീകരിച്ചു. മാർച്ച് മാസമായപ്പോഴേക്കും വീണ്ടും 21 രാജ്യങ്ങൾകൂടി ഇതിനെ പിന്തുണച്ചു. 1945 ൽ സാൻഫ്രാൻസിസ്കോയിൽ വച്ചു നടന്ന യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ഇന്റർനാഷണൽ ഓർഗനൈസേഷനിൽ 50 രാജ്യങ്ങൾ പങ്കെടുക്കുകയും ജൂൺ 26 ന് യുണൈറ്റഡ് നേഷൻസ് ചാർട്ടറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. പ്രസ്തുത ചാർട്ടർ അതേവർഷം ഒക്ടോബർ 24 ന് നിലവിൽ വന്നതോടെയാണ് ഐക്യരാഷ്ട്രസഭയുടെ ജനനം.