Tuesday, November 26, 2024

“കേർസണിലെ റഷ്യൻ അധിനിവേശ ദിനങ്ങൾ നരക തുല്യം”: വെളിപ്പെടുത്തലുമായി ഉക്രൈൻ പോലീസ് ഉദ്യോഗസ്ഥൻ

“അവർ എന്നെ വൈദ്യുതാഘാതം ഏൽപ്പിച്ചു. മുറിയിൽ അടച്ചിട്ട് തുടർച്ചയായി പീഡിപ്പിച്ചു. എന്റെ ശരീരമാകെ നരകതുല്യമായ അവസ്ഥയിലൂടെയാണ് കടന്നു പോയത്. ശരീരത്തിൽ ഏൽപ്പിച്ച വൈദ്യുതാഘാതം എന്നെ തളർത്തി. ആ ദിനങ്ങൾ അവസാനിച്ചാൽ മതിയെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു”- കേർസൺ പിടിച്ചടക്കിയ റഷ്യൻ പട്ടാളത്തിന്റെ ക്രൂരതകൾക്ക് വിധേയനായ ബിലായി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ് ഇത്. പഴയ ഓർമ്മകൾ പുതുക്കുമ്പോൾ അദ്ദേഹത്തിൻറെ മുഖം ഭീതിയിൽ നിറഞ്ഞിരുന്നു.

ബിലായിയെ സ്വന്തം വീട്ടിൽ നിന്നാണ് റഷ്യൻ പട്ടാളം കസ്റ്റഡിയിൽ എടുക്കുന്നത്. ഒന്നുകിൽ ബിലായിയുടെ പിസ്റ്റൾ കൈമാറുക, അല്ലെങ്കിൽ അമ്മയെയും സഹോദരനെയും മറക്കുക. വീട്ടിൽ അതിക്രമിച്ചു കയറിയ റഷ്യൻ പട്ടാളം അദ്ദേഹത്തോട് പറഞ്ഞത് ഇതാണ്. തോക്ക് പട്ടാളത്തിന് നേരെ നീട്ടി എങ്കിലും അവർ ആ വീട്ടിൽ നിന്നും അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോയി. റഷ്യക്കാർ പിടിച്ചെടുത്ത കേർസണിലെ പട്ടാള തടവിൽ ഒരു സെല്ലിൽ അവർ പൂട്ടിയിട്ടു. പിന്നീട് അങ്ങോട്ട് നിരന്തരമായ പീഡനങ്ങളായിരുന്നു ഈ ഉക്രെയ്നിയൻ പോലീസുകാരന് നേരിടേണ്ടി വന്നത്.
ബിലായിയുടെ ജനനേന്ദ്രിയത്തിലും ചെവിയിലും നിരന്തമായി വൈദ്യുത പ്രഹരം ഏൽപ്പിച്ചു. മർദ്ദനങ്ങൾ പതിവായി.

ബിലായിയുടെ മാത്രം അനുഭവമല്ല ഇത്. ഇത്തരം ക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ നിരവധി ഉക്രൈൻ പൗരന്മാർ ഉണ്ടായിരുന്നു. യുദ്ധത്തടവുകാരായി പിടിച്ചെടുക്കുന്ന ഉക്രൈൻ പൗരന്മാരെ ക്രൂരമായി പീഡിപ്പിക്കുന്നതിനായി രഹസ്യ അറകളും മറ്റും റഷ്യൻ സൈന്യം തയ്യാറാക്കിയിരുന്നു. ഇത്തരത്തിൽ നിരവധി രഹസ്യ കേന്ദ്രങ്ങൾ ഉക്രൈൻ സൈന്യം കണ്ടെത്തി. ഈ കേന്ദ്രങ്ങൾക്കൊക്കെ ചോരമണക്കുന്ന ക്രൂരതയുടെ നിരവധി അനുഭവങ്ങൾ പറയാൻ ഉണ്ടായിരുന്നു.

“സിവിലിയൻമാർക്കെതിരായ പീഡനങ്ങളെക്കുറിച്ചും മറ്റ് തരത്തിലുള്ള പീഡനങ്ങളെക്കുറിച്ചും മാസങ്ങളായി ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. കേർസണിലെ ഭയാനകമായ കണ്ടെത്തലുകൾ ഇനിയും തുടരുകയാണ് എന്നത് എന്നെ ഭയപ്പെടുത്തുന്നു” – സെന്റർ ഫോർ സിവിൽ ലിബർട്ടീസ് മേധാവി ഒലെക്‌സാന്ദ്ര മാറ്റ്വിചുക്ക് പറയുന്നു.

“തടവിലാക്കിയപ്പോൾ റഷ്യൻ സൈന്യം ഭക്ഷണം തരാതിരിക്കുകയും ചെറിയ സെല്ലുകളിൽ കൂടുതൽ ആളുകളെ കുത്തിനിറച്ചു പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ മറ്റ് ഉക്രൈൻ പൗരന്മാരെ പീഡിപ്പിക്കുമ്പോൾ, അവരുടെ നിലവിളികൾക്കൊപ്പം ദേശീയഗാനം ആലപിക്കുവാൻ നിർബന്ധിക്കുകയും ചെയ്തു. ഉക്രൈൻ ആർമി ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ കുറിച്ച് വിവരങ്ങൾ നൽകുവാനും അല്ലാത്തപക്ഷം ക്രൂരമായി പീഡിപ്പിക്കുവാനും റഷ്യൻ സൈന്യം നിരന്തരം ശ്രമിച്ചിരുന്നു” റഷ്യൻ സൈന്യത്തിന്റെ പീഡനങ്ങൾക്കു ഇരയായ വ്യക്തികൾ സാക്ഷ്യപ്പെടുത്തുന്നു.

കേർസൺ നഗരം വീണ്ടെടുത്ത ഉക്രൈൻ സൈന്യം നടത്തിയ തിരച്ചിലിൽ നിരവധി റഷ്യൻ പീഡന കേന്ദ്രങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞിരുന്നു. വൈദ്യുത പ്രഹരം ഏൽപ്പിക്കുന്ന സംവിധാനങ്ങളും ബാറ്റുകളും സ്റ്റിക്കുകളും റബർ ബട്ടണുകളും ഈ കേന്ദ്രങ്ങളിൽ നിന്ന് കണ്ടെടുത്തു എന്നത് ഇവിടെ തടവിലായ ആളുകൾ നേരിടേണ്ടി വന്ന ക്രൂരതയുടെ അവശേഷിക്കുന്ന തെളിവുകളായിരുന്നു. തിരിച്ചു പിടിച്ചു എങ്കിലും കേർസൺ നഗരത്തിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളിൽ നിന്നും പലരും ഇതുവരെ മോചിതരായിട്ടില്ല. ഭീതിപ്പെടുത്ത ഒരു ഓർമ്മകൾ പോലെ , സ്വപ്‌നങ്ങൾ പോലെ അവ അവരെ അലട്ടുകയാണ്.

Latest News