Tuesday, November 26, 2024

ദുരിതക്കാഴ്ചകള്‍ അവസാനിക്കാതെ തുര്‍ക്കി; ആഘാതത്തെ നേരിടാന്‍ കഴിയാതെ അതിജീവിതര്‍

തുര്‍ക്കിയിലും സിറിയയിലും ഈയിടെയുണ്ടായ വിനാശകരമായ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ നിരവധി ആളുകളെ ദുരന്തം ഭവനരഹിതരുമാക്കി. പ്രത്യക്ഷമായും പരോക്ഷമായും ദുരന്തത്തില്‍ അകപ്പെട്ടവരുടെ മാനസികാരോഗ്യത്തെയും അത് ഭയാനകമായ രീതിയില്‍ ബാധിച്ചു. അതിജീവിച്ചവരുമായും സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകളുമായും വിദഗ്ധരുമായും മാധ്യമ പ്രതിനിധികള്‍ സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അവരെല്ലാം വലിയ പ്രതിസന്ധികളിലൂടെയാണ് ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതെന്നാണ്.

ഭൂകമ്പത്തെ അതിജീവിച്ച പതിനായിരക്കണക്കിന് ആളുകള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എന്നെന്നേക്കുമായി മുറിവേറ്റേക്കാവുന്ന ഒരു ജീവിതത്തെയാണ്. ‘ഇപ്പോള്‍ ജീവിച്ചിരിക്കുന്നെങ്കിലും മരിക്കുന്ന ദിവസം വരെ അവശിഷ്ടങ്ങള്‍ക്കടിയില്‍ തുടരാനാണ് ഞങ്ങളുടെ വിധി’. ഭൂകമ്പത്തെ അതിജീവിച്ച ഒരാള്‍ പറയുന്നു.

ദുരന്തം നടന്നിട്ട് മൂന്നാഴ്ച പിന്നിടുമ്പോഴും തുര്‍ക്കിയില്‍ ദുരിതക്കാഴ്ചകള്‍ അവസാനിക്കുന്നില്ല. ഭൂകമ്പത്തെ തുടര്‍ന്ന് രണ്ട് ദശലക്ഷം ആളുകള്‍ ഭവനരഹിതരായെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. മിക്കവര്‍ക്കും താത്കാലിക താമസ സംവിധാനങ്ങള്‍ ലഭ്യമല്ല. കടുത്ത ശൈത്യത്തില്‍ നിന്ന് രക്ഷ നേടാന്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ അഭയം പ്രാപിക്കുന്ന നിരവധി കുടുംബങ്ങളെ ഇപ്പോഴും തുര്‍ക്കിയില്‍ കാണാം. മിക്കവര്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമല്ല. തെക്കുകിഴക്കന്‍ തുര്‍ക്കിയിലാണ് സ്ഥിതി കൂടുതല്‍ ദയനീയം. സന്നദ്ധ സംഘടനകളാണ് ഭക്ഷണവും കുഞ്ഞുങ്ങള്‍ക്കുള്ള കളിപ്പാട്ടം അടക്കമുള്ള വസ്തുക്കളും എത്തിക്കുന്നത്.

‘ഞെട്ടല്‍, ഉത്കണ്ഠ, ഭയം എന്നിവയാണ് അതിജീവിതരില്‍ പലരും നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ഇപ്പോഴത്തെ അവരുടെ അവസ്ഥയില്‍ ആ ആഘാതത്തെ നേരിടുക എന്നത് എളുപ്പമല്ല, എന്നാല്‍ അതിനെക്കുറിച്ച് സംസാരിക്കുക, അനുഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വികാരങ്ങളും ചിന്തകളും പ്രകടിപ്പിക്കുക, പങ്കുവയ്ക്കുക എന്നിവയാണ് രോഗശാന്തിയുടെ ആദ്യപടി’. ടര്‍ക്കിഷ് സൈക്കോളജിസ്റ്റ് അസോസിയേഷനില്‍ നിന്നുള്ള കാഗേ ദുരു പറഞ്ഞു.

ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് മാനസിക-സാമൂഹിക പിന്തുണ നല്‍കിയില്ലെങ്കില്‍, പലരും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD), വിഷാദം അല്ലെങ്കില്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗം പോലുള്ള ഗുരുതരമായ വൈകല്യങ്ങളുമായി അവസാനിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭൂകമ്പത്തിന് മുമ്പുള്ള സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിപ്പോകാന്‍ ദുരന്തത്തെ നേരിട്ട എല്ലാവര്‍ക്കും നല്ല സമയമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

Latest News